കൊച്ചി: സി.പി.എം. നേതാവ് കെ.ജെ. ഷൈനിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് സി.കെ. ഗോപാലകൃഷ്ണൻ അറസ്റ്റിലായി. ആലുവ സൈബർ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വനിതാ നേതാവിനെ അപമാനിക്കൽ, ഐ.ടി. നിയമലംഘനം, സ്റ്റോക്കിംഗ്, ഉപദ്രവിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിന് ശേഷം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്ന് പോലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ഷൈനിന്റെ പേരും ചിത്രവും ഉൾപ്പെടെയുള്ള ലൈംഗിക ചുവയുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചുവെന്ന ഷൈനിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരായ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് സൈബർ ആക്രമണം നടത്തുന്നതെന്ന് കെ.ജെ. ഷൈനിന്റെ ഭർത്താവ് ഡൈനീസ് തോമസ് ആരോപിച്ചിരുന്നു. എന്നാൽ സൈബർ ആക്രമണവുമായി കോൺഗ്രസിന് ബന്ധമില്ലെന്ന് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൻ്റെ കൂടുതൽ അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.













