തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ കോൺഗ്രസ് നേതാവിനും നെയ്യാറ്റിൻകര കൗൺസിലറുമായ ജോസ് ഫ്രാങ്ക്ളിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെ, ഇയാളെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ നഗരത്തിൽ പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ കുറിപ്പിൽ ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
സബ്‌സിഡിയറി ലോൺ ശരിയാക്കി നൽകണമെങ്കിൽ തനിക്ക് വഴങ്ങിത്തരണം എന്ന് ജോസ് ഫ്രാങ്ക്ളിൻ ആവശ്യപ്പെട്ടു.
ലോണുമായി ബന്ധപ്പെട്ട രേഖകളുമായി ഓഫീസിൽ പോയപ്പോൾ ജോസ് ഫ്രാങ്ക്ളിൻ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ചു. ആവശ്യപ്പെട്ട ബില്ലുകൾ കൊടുക്കാൻ പോയപ്പോൾ വിളിക്കുമ്പോഴൊക്കെ ചെല്ലണമെന്നും ആഴ്ചയിലൊരിക്കൽ എവിടെയെങ്കിലും വെച്ച് കാണണമെന്നും ആവശ്യപ്പെട്ടു. എൻ്റെ സ്വകാര്യ ഭാഗങ്ങളിലൊക്കെ പിടിച്ചു. അവൻ്റെ സ്വകാര്യ ഭാഗത്തൊക്കെ എൻ്റെ കൈ പിടിച്ചുവച്ചു. ലോണിൻ്റെ കാര്യമായതിനാൽ തിരിച്ചൊന്നും പറയാനായില്ല,” എന്ന് വീട്ടമ്മ കുറിച്ചു. “ഒരു കൗൺസിലർ എന്ന നിലയിൽ ആവശ്യങ്ങൾക്ക് പോയാൽ ഇങ്ങനെയാണ്. ഭർത്താവില്ലെന്ന് കരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കേണ്ട. അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല. ഞാൻ പോകുന്നു,” എന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
കോൺഗ്രസ് ഡിസിസി നേതാവായ ജോസ് ഫ്രാങ്ക്ളിന് മുൻകൂർ ജാമ്യം ലഭിച്ചതോടെ, കേസിൻ്റെ തുടർ നടപടികൾ നിർണായകമാകും. ആത്മഹത്യാ കുറിപ്പിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.













