സ്വർണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഷാഫി പറമ്പിലിനെ ആക്രമിച്ചെന്ന് കോൺഗ്രസ്; സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം

സ്വർണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഷാഫി പറമ്പിലിനെ ആക്രമിച്ചെന്ന് കോൺഗ്രസ്; സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം

കോഴിക്കോട്: പേരാമ്പ്രയിൽ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പോലീസ് ലാത്തിവീശിയതിനെ തുടർന്ന് ഷാഫി പറമ്പിൽ എംപി അടക്കമുള്ള യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റ സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ ശക്തമായി പ്രതിഷേധിച്ചു. സ്വർണക്കവർച്ച അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ സർക്കാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ഈ ആക്രമണമെന്നും നേതാക്കൾ ആരോപിച്ചു.

വി.ഡി. സതീശൻ്റെ പ്രതികരണം: ‘സർക്കാരിന്റെ അവസാനമാണിത്’

ഷാഫി പറമ്പിൽ എംപിയെ ആക്രമിച്ചത് സിപിഎം ക്രിമിനലുകളും സിപിഎമ്മിനു വേണ്ടി ഗുണ്ടാപ്പണി ചെയ്യുന്ന പോലീസും ചേർന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു.

“സ്വർണക്കവർച്ചയും സ്വർണക്കടത്തും ഖജനാവ് കൊള്ളയടിക്കലുമാണ് ഭരണമെന്ന് കരുതുന്ന സർക്കാരിന്റെ അവസാനമാണ് ഇതെന്ന് മറക്കരുത്. സിപിഎമ്മിനു വേണ്ടി ലാത്തി എടുത്ത പോലീസിലെ ക്രിമിനലുകൾ ശമ്പളം വാങ്ങുന്നത് എകെജി സെന്ററിൽ നിന്നല്ലെന്നത് ഓർക്കണം. ഷാഫി പറമ്പിലിനെയും നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ച് ശബരിമലയിലെ സ്വർണ കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാമെന്ന് സർക്കാർ കരുതേണ്ട. പേരാമ്പ്ര സി.കെ.ജി. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നിങ്ങൾക്കുണ്ടായ പരാജയം ഒരു തുടക്കം മാത്രമാണ്. ഇതിലും വലിയ പരാജയമാണ് നിങ്ങളെ കാത്തിരിക്കുന്നത്,” സതീശൻ പറഞ്ഞു.

സണ്ണി ജോസഫ്: ‘ഒക്ടോബർ 11ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം’

ഷാഫി പറമ്പിലിന് നേരെയുണ്ടായത് സിപിഎമ്മും പോലീസും ചേർന്ന് കരുതിക്കൂട്ടി നടത്തിയ അക്രമമാണെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ആരോപിച്ചു. ഈ ആക്രമണത്തെ കോൺഗ്രസ് ശക്തമായി അപലപിക്കുന്നു. ഷാഫിക്കും പ്രവർത്തകർക്കും എതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 11-ന് സംസ്ഥാന വ്യാപകമായി കോൺഗ്രസ് ബ്ലോക്ക് തലത്തിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

“സ്വർണപാളി മോഷണത്തിൽ പ്രതിക്കൂട്ടിലായ സംസ്ഥാന സർക്കാരും സിപിഎമ്മും ചേർന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരമൊരു ആക്രമണം ആസൂത്രണം ചെയ്തത്. പോലീസ് അത് നടപ്പിലാക്കുകയായിരുന്നു. സിപിഎമ്മിന്റെ ക്വട്ടേഷൻ പണിയാണ് ഇപ്പോൾ കേരള പോലീസിന്. മനപ്പൂർവം നാട്ടിൽ കലാപം സൃഷ്ടിക്കാനാണ് ശ്രമം. ജനപ്രതിനിധി കൂടിയായ ഷാഫി പറമ്പിലിനെ രാഷ്ട്രീയമായും കായികമായും ഇല്ലാതാക്കാൻ സിപിഎം നേരത്തെ ശ്രമിച്ചിരുന്നു. ജനാധിപത്യ രീതിയിൽ പരാജയപ്പെടുത്താൻ കഴിയാത്തതിനാലാണ് അക്രമിച്ച് ഇല്ലാതാക്കാമെന്ന് കരുതുന്നത്,” സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

കെ.സി. വേണുഗോപാൽ: ‘പോലീസ് കയറൂരി വിടുന്നു’

സിപിഎമ്മും പോലീസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഷാഫിക്കെതിരായ ആക്രമണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

“കോൺഗ്രസ് നേതാക്കളെ തെരുവിൽ ആക്രമിക്കുകയെന്ന ജനാധിപത്യ വിരുദ്ധതയ്ക്ക് സിപിഎം നേതൃത്വം നൽകുമ്പോൾ, സംസ്ഥാന സർക്കാരിന്റെ സകല സംവിധാനങ്ങളും അതിന് കുട പിടിക്കുകയാണ്. ഭഗവാന്റെ സ്വർണത്തിൽ പ്രതിക്കൂട്ടിലായ സർക്കാരിനാകെ ഹാലിളകിയിരിക്കുകയാണ്. അക്രമരാഷ്ട്രീയം അഴിച്ചുവിടാൻ പോലീസിനെ കയറൂരിവിടുന്നത് അംഗീകരിക്കാൻ കഴിയില്ല. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന അക്രമരാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിക്കാൻ കോൺഗ്രസ് മുന്നിട്ടിറങ്ങും. കോൺഗ്രസ് പ്രവർത്തകരുടെ ദേഹത്ത് പൊടിഞ്ഞ ചോരയ്ക്ക് കോൺഗ്രസ് കണക്ക് ചോദിക്കും,” കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

രമേശ് ചെന്നിത്തല: ‘പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം’

പോലീസ് അതിക്രമത്തെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയും അപലപിച്ചു. മർദ്ദനത്തിന് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“പേരാമ്പ്രയിൽ സമാധാനാന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഷാഫി പറമ്പിൽ എംപി അടക്കമുള്ളവരെ പോലീസ് ക്രൂരമായി മർദ്ദിച്ചത്. ഈ കിരാത നടപടിയെ അതിശക്തമായി അപലപിക്കുന്നു. എംപി ആണെന്നറിയാമായിരുന്നിട്ടും ആ പരിഗണന പോലും കൊടുക്കാതെ മർദ്ദിക്കുകയായിരുന്നു. ഷാഫിയുടെ പരിപാടികൾ കലക്കാൻ ഡി.വൈ.എഫ്.ഐയും ബിജെപിയും കാലങ്ങളായി ശ്രമിച്ചുവരികയാണ്. അതിൻ്റെ തുടർച്ചയാണ് ഈ പോലീസ് അതിക്രമം. ഇതിന് നേതൃത്വം നൽകിയ മുഴുവൻ പോലീസുകാർക്കെതിരെയും അതിശക്തമായ നടപടികൾ സ്വീകരിക്കണം,” ചെന്നിത്തല പറഞ്ഞു.

Congress says to divert attention from gold heist; calls for statewide protests

Share Email
LATEST
Top