ശശി തരൂരിനെ ചേർത്തുനിർത്താൻ കോൺഗ്രസ്; സുപ്രധാന പദവിയിലേക്ക് വീണ്ടും നിര്‍ദ്ദേശിച്ച് സോണിയ ഗാന്ധി

ശശി തരൂരിനെ ചേർത്തുനിർത്താൻ കോൺഗ്രസ്; സുപ്രധാന പദവിയിലേക്ക് വീണ്ടും നിര്‍ദ്ദേശിച്ച് സോണിയ ഗാന്ധി

ന്യൂഡൽഹി: ബിജെപി പക്ഷത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടായിരുന്ന മുതിർന്ന നേതാവ് ശശി തരൂരിനെ പാർട്ടിയിൽ ചേർത്തുനിർത്താൻ കോൺഗ്രസ് നേതൃത്വം ഉറച്ചു. വരും ദിവസങ്ങളിൽ പാർട്ടി പരിപാടികളിൽ അടക്കം തരൂർ സജീവമാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്.

പാർലമെന്ററി വിദേശകാര്യ മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് തരൂർ തുടരും. അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തെ വീണ്ടും നിർദ്ദേശിച്ചുകൊണ്ട് സോണിയ ഗാന്ധി സ്പീക്കർക്ക് കത്ത് നൽകി. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ സ്ഥാനത്തേക്ക് തരൂരിനെ കോൺഗ്രസ് ആദ്യമായി നിയോഗിച്ചത്. ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ കമ്മിറ്റി അധ്യക്ഷയായി ഡിഎംകെ എംപി കനിമൊഴിയും തുടരും.

‘ഓപ്പറേഷൻ സിന്ദൂർ’ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം പ്രശംസിച്ചത് കാരണം ശശി തരൂർ ഒരു വിഭാഗം പാർട്ടി നേതൃത്വത്തിന് അനഭിമതനായിരുന്നു. ഇതോടെ കേരളത്തിലെ കോൺഗ്രസ് വേദികളിൽ നിന്ന് അദ്ദേഹത്തെ അകറ്റിനിർത്തുന്ന സാഹചര്യമുണ്ടായി. എന്നാൽ, തരൂരിനെ വിട്ടുകളയരുതെന്ന അഭിപ്രായക്കാർ പാർട്ടിയിൽ സജീവമായതോടെ അദ്ദേഹത്തെ ചേർത്തുനിർത്താൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. കേരളത്തിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ അടക്കം തരൂരിന് നിർണായക പങ്ക് നൽകാൻ അണിയറയിൽ ആലോചനകൾ നടക്കുന്നുണ്ട്.

എൻ.എസ്.എസ് ഉൾപ്പെടെയുള്ളവർക്ക് താൽപ്പര്യമുള്ള തരൂരിനെ സജീവമാക്കി നിർത്തി ചില രാഷ്ട്രീയ വെല്ലുവിളികളെ മറികടക്കാനാണ് കോൺഗ്രസ് തീരുമാനം. ഈ സന്ദേശമാണ് ദീപാ ദാസ് മുൻഷിയുടെ ഇടപെടലിലൂടെ നൽകിയത്. മുൻപ് ഇന്ത്യപാകിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനങ്ങളിൽ തരൂരിന് കോൺഗ്രസ് നേതൃത്വം താക്കീത് നൽകിയിരുന്നുവെങ്കിലും അദ്ദേഹം ഇത് നിഷേധിച്ചിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ശശി തരൂർ സംസ്ഥാനത്ത് കോൺഗ്രസ് വേദിയിൽ എത്തി. പിണറായി സർക്കാരിനെതിരെ മഹിളാ കോൺഗ്രസ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ കുറ്റപത്രം സമർപ്പണ പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ ക്ഷണപ്രകാരമാണ് തരൂർ എത്തിയത്.

തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ പാർട്ടി വേദികളിൽ കൂടുതൽ സജീവമാകാൻ എഐസിസി തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയെ പ്രതിരോധത്തിലാക്കിയ വിഷയങ്ങളിൽ തരൂരിനെതിരെ നടപടിയെടുക്കണമെന്ന് ഒരു വിഭാഗം സംസ്ഥാന നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നെങ്കിലും, കേരളത്തിൽ അധികാരത്തിൽ തിരിച്ചു വരാൻ തരൂരും ആവശ്യമാണ് എന്ന നിലപാടാണ് മറുചേരി സ്വീകരിച്ചത്.

ദീപാ ദാസ് മുൻഷി നേരിട്ട് ഫോണിൽ വിളിക്കുകയും പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയുമായിരുന്നു. രാജ്ഭവനിലെ െ്രെതമാസിക പ്രകാശനത്തിനു ശേഷം ഡൽഹിക്ക് മടങ്ങാൻ തീരുമാനിച്ചിരുന്ന തരൂർ, ദീപാ ദാസ് മുൻഷിയുടെ അഭ്യർത്ഥന മാനിച്ചാണ് മഹിളാ കോൺഗ്രസ് വേദിയിൽ എത്തിയത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തുടങ്ങി പ്രമുഖരെല്ലാം തരൂരിനൊപ്പം വേദി പങ്കിട്ടു.

Congress to keep Shashi Tharoor; Sonia Gandhi re-nominates him for important post

Share Email
LATEST
More Articles
Top