മധ്യപ്രദേശിൽ വിഷം കലർന്ന ചുമമരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 20 ആയി; കമ്പനി ഉടമകൾക്കെതിരെ നീക്കം ശക്തമാക്കി പോലീസ്

മധ്യപ്രദേശിൽ വിഷം കലർന്ന ചുമമരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 20 ആയി; കമ്പനി ഉടമകൾക്കെതിരെ നീക്കം ശക്തമാക്കി പോലീസ്

ഭോപ്പാൽ: മധ്യപ്രദേശിൽ വിഷാംശം കലർന്ന ചുമമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ മരണസംഖ്യ 20 ആയി ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്ന് കുട്ടികളുടെ മരണം കൂടി സ്ഥിരീകരിച്ചതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചത്. വൃക്കരോഗം ബാധിച്ച് നാഗ്‌പൂരിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന അഞ്ചോളം കുട്ടികളുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മരിച്ച 20 കുട്ടികളിൽ 17 പേരും ചിന്ത്വാര മേഖലയിൽ നിന്നുള്ളവരാണെന്ന് പോലീസ് അറിയിച്ചു. ചുമയും ജലദോഷവും കാരണം മരുന്ന് കഴിച്ച കുട്ടികൾക്ക് ഛർദി അനുഭവപ്പെടുകയും വൃക്കകളുടെ പ്രവർത്തനം തകരാറിലാകുകയുമായിരുന്നു. പരിശോധനയിൽ മരുന്നിൽ വ്യാവസായിക വിഷവസ്തുവായ ഡൈഎഥിലീൻ ഗ്ലൈക്കോൾ കലർന്നതായി കണ്ടെത്തിയിരുന്നു.

വിവാദമായ ‘കോൾഡ്രിഫ് കഫ് സിറപ്പ്’ കുട്ടികൾക്ക് കുറിച്ചു നൽകിയ ശിശുരോഗ വിദഗ്ദ്ധനായ ഡോ. പ്രവീൺ സോണിയെ അറസ്റ്റ് ചെയ്തതിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ.) ചിന്ത്വാര യൂണിറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഡോക്ടറെ മാത്രം ബലിയാടാക്കുന്നതിൽ പ്രതിഷേധിച്ച് ഐ.എം.എ.യുടെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. മരുന്ന് നിർമ്മാണത്തിലെ വീഴ്ചകൾക്ക് ഡോക്ടറെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് ഐ.എം.എയുടെ വാദം.

Share Email
Top