തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.ഐ നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ചർച്ചയിൽ പ്രശ്നപരിഹാരമായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
വ്യക്തമാക്കി. ഇതോടെ, സി.പി.ഐ മന്ത്രിമാർ മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും അനുരഞ്ജന നീക്കങ്ങളെ തള്ളിക്കൊണ്ടാണ് സി.പി.ഐ ഈ കടുത്ത രാഷ്ട്രീയ നിലപാടുമായി മുന്നോട്ട് പോകുന്നത്.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആലപ്പുഴയിൽവെച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഇതിനുശേഷം, അദ്ദേഹം സി.പി.ഐ മന്ത്രിമാരുമായും സംസ്ഥാന നേതാക്കളുമായും വീണ്ടും കൂടിയാലോചിച്ചു. ഈ ചർച്ചയിലാണ്, മന്ത്രിസഭാ യോഗം ബഹിഷ്കരിക്കാനുള്ള നിർണായകമായ രാഷ്ട്രീയ തീരുമാനം സി.പി.ഐ സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിൽ മുന്നോട്ടുവെച്ച സമവായ നിർദേശങ്ങൾ അംഗീകരിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.ഐ ഇപ്പോഴുള്ളത്.













