ന്യൂഡൽഹി: തിരുവനന്തപുരത്തെ പുതിയ എകെജി സെൻ്റർ സ്ഥിതി ചെയ്യുന്ന ഭൂമി നിയമാനുസൃതമായി വാങ്ങിയതാണെന്ന് സിപിഐഎം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. എകെജി സെന്ററിലെ 32 സെന്റ് ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സുപ്രീം കോടതിയെ നിലപാട് അറിയിച്ചത്.
ഭൂമിയുടെ കൈമാറ്റം നിയമപരമാണെന്നതിന് എല്ലാ രേഖകളും തെളിവായുണ്ടെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. 2021-ൽ വാങ്ങിയ ഈ സ്ഥലത്ത് 30 കോടിയോളം രൂപ ചെലവഴിച്ച് ഒമ്പത് നില കെട്ടിടം പണിതു കഴിഞ്ഞതായും പാർട്ടി കോടതിയെ അറിയിച്ചു. ഭൂമി വാങ്ങുന്ന സമയത്ത് തർക്കങ്ങളോ കേസുകളോ നിലവിലുണ്ടായിരുന്നില്ല. ഹൈക്കോടതി തള്ളിയ വാദങ്ങളാണ് അപ്പീലുമായി വന്നവർ സുപ്രീം കോടതിയിലും ഉന്നയിക്കുന്നതെന്നും സിപിഐഎം വ്യക്തമാക്കി.
ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞയായ ഇന്ദു സമർപ്പിച്ച കേസിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്. 1998-ൽ കോടതി ലേലത്തിൽ ഈ ഭൂമി കരസ്ഥമാക്കിയവരിൽ നിന്നാണ് സിപിഐഎം 2021-ൽ സ്ഥലം വാങ്ങുന്നത്. യഥാർത്ഥ ഉടമകളായ പോത്തൻ കുടുംബം ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷനിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നായിരുന്നു ജപ്തി നടപടികൾ. തങ്ങളുടെ കൈവശം ഭൂമി ഉണ്ടായിരുന്ന സമയത്താണ് ലേലം നടന്നതെന്നാണ് ഇന്ദുവിൻ്റെ പരാതി.













