തിരുവനന്തപുരം : ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. കേസ് ക്രൈംബ്രാഞ്ച് മേധാവിയായ എച്ച്. വെങ്കിടേഷ് തലവനായ ഒരു പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും. ഉണ്ണികൃഷ്ണൻ പോറ്റി, അദ്ദേഹത്തിന്റെ സഹായികൾ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരടക്കം പത്ത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കവർച്ച, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
കാണാതായ സ്വർണ്ണത്തിന്റെ അളവ് ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ 989 ഗ്രാം അഥവാ 124 പവൻ സ്വർണ്ണം കാണാതായതായാണ് കണക്ക്. എന്നാൽ, ഇത് സ്മാർട്ട് ക്രിയേഷൻസ് സിഇഒ ഭണ്ഡാരിയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. യഥാർത്ഥത്തിൽ, 1998-ൽ യു.ബി. ഗ്രൂപ്പ് നൽകിയതിൽ ദ്വാരപാലക ശിൽപ്പങ്ങൾ പൊതിയാൻ ഒന്നര കിലോ സ്വർണ്ണം ഉപയോഗിച്ചതായി രേഖകളുണ്ട്. എന്നാൽ 2019-ൽ ചെന്നൈയിൽ ഉരുക്കിയപ്പോൾ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് 577 ഗ്രാം സ്വർണ്ണം മാത്രമാണ് ലഭിച്ചതെന്നാണ് സ്മാർട്ട് ക്രിയേഷൻസിന്റെ വാദം. ഇത് പ്രകാരം ഏകദേശം ഒരു കിലോയോളം സ്വർണ്ണം എവിടെ പോയെന്ന ചോദ്യം അവശേഷിക്കുന്നു.
ഇതു കൂടാതെ, വശങ്ങളിലെ 7 പാളികൾ ഉരുക്കിയപ്പോൾ 409 ഗ്രാം സ്വർണ്ണം ലഭിച്ചെന്നും സ്മാർട്ട് ക്രിയേഷൻസ് പറയുന്നു. എന്നാൽ 98-ൽ ഈ പാളികൾ പൊതിയാൻ എത്ര സ്വർണ്ണം ഉപയോഗിച്ചു എന്നതിന് കൃത്യമായ രേഖകളില്ല. ഈ കണക്കുകൾ ചേർക്കുമ്പോൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം ഒന്നര കിലോയിലധികം സ്വർണ്ണം ഉണ്ടായിരിക്കണം. എന്നാൽ അന്തിമ റിപ്പോർട്ടിൽ അരക്കിലോയിൽ താഴെ സ്വർണ്ണം മാത്രമാണ് കാണാതായത് എന്ന് പറയുന്നത് വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്.













