ഡൽഹി : ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ന് സമീപം നിർത്തിയിട്ടിരുന്ന ഒരു ഷട്ടിൽ ബസിന് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയായ എ.ഐ.എസ്.എ.ടി.എസ്.സിന്റെ (AISATS) ഉടമസ്ഥതയിലുള്ള ബസിന്റെ പിൻഭാഗത്ത് നിന്നാണ് തീ പടർന്നത്. തീപിടിച്ച ബസിന് വളരെ അടുത്തായാണ് എയർ ഇന്ത്യയുടെ വിമാനം നിർത്തിയിട്ടിരുന്നത്.
സംഭവം നടക്കുമ്പോൾ ബസിൽ യാത്രക്കാരോ ലഗേജുകളോ ഉണ്ടായിരുന്നില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ബസ് പൂർണ്ണമായും ഒഴിച്ചിട്ടിരിക്കുകയായിരുന്നെന്നും ഡ്രൈവർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നും ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ഐ.ജി.ഐ.) വിചിത്ര വീർ അറിയിച്ചു. തീപിടിത്തം ഉടൻ തന്നെ അണച്ചതിനാൽ ആർക്കും പരിക്കേൽക്കുകയോ ആൾനാശം സംഭവിക്കുകയോ ചെയ്തിട്ടില്ല. വിമാനത്താവളത്തിലെ ഓപ്പറേഷനുകൾക്ക് തടസ്സമുണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.










