ദില്ലി: ദീപാവലി ഉത്സവ സീസണിലെ തിരക്കിലേക്ക് കടക്കുന്നതിന് മുന്നോടിയായി വിമാന ടിക്കറ്റ് നിരക്ക് വർദ്ധന തടയാൻ ഇടപെട്ട് ഡി ജി സി എ. വിമാന നിരക്കുകളിലെ രീതികൾ ഡി ജി സി എ അവലോകനം ചെയ്തു. കൂടുതൽ സർവീസുകൾ ഏർപ്പെടുത്താൻ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. നിരക്ക് വർദ്ധനവിൽ ഇടപെടൽ ഉണ്ടാകുമെന്നും ഡിജിസിഎ അറിയിച്ചു.
ദീപാവലി സീസണിന് മുന്നോടിയായുള്ള ടിക്കറ്റ് നിരക്കിലെ കുത്തനെയുള്ള വർദ്ധനവ് തടയാനാണ് ഡി ജി സി എ ഇടപെടൽ. യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ നടത്താനും ടിക്കറ്റ് നിരക്ക് ന്യായമായി നിലനിർത്താനും വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി.
ഉത്സവകാലയളവിൽ യാത്രക്കാർക്ക് ഉയർന്ന ടിക്കറ്റ് നിരക്കിന്റെ ഭാരം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ വിമാനക്കമ്പനികളുമായി ചർച്ച നടത്തിയെന്നും ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഡിജിസിഎ അറിയിച്ചു.