മാർട്ടിൻ വിലങ്ങോലിൽ
ഡാലസ്/ടെക്‌സാസ്: കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ മതബോധന ഡിപ്പാർട്ട്‌മെന്റായ മാർത്തോമാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തിൽ, ഡാലസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിലെ 22 അൽമായർ ഡിപ്ലോമ ബിരുദം നേടി.
വിശ്വാസ പരിശീലന ചരിത്രത്തിലെ ഈ സുപ്രധാന നാഴികക്കല്ലിന് സാക്ഷ്യം വഹിച്ചുകൊണ്ട് മിഷൻ സൺഡേ ദിനത്തിൽ ബിരുദദാന ചടങ്ങ് നടന്നു.
ഫൊറോനാ വികാരി റവ. ഫാ സിബി സെബാസ്റ്റ്യൻ കൊച്ചീറ്റത്തോട്ടത്ത് ചടങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കിയ 22 ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റും ഡിപ്ലോമായും വിതരണം ചെയ്തു.
ഫാ. സിബി സെബാസ്റ്റ്യൻ ബിരുദധാരികളെ അഭിനന്ദിച്ചു. ദേവാലയത്തിലെ ആദ്യത്തെ തിയോളജി ബിരുദധാരികളുടെ ബാച്ചാണിത്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത ദൈവശാസ്ത്ര ബിരുദമാണിത്.
ദൈവത്തെയും സഭയെയും കുറിച്ച് ആഴത്തിൽ അറിയുന്നതിനും വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമായി മുതിർന്നവർക്കായി രൂപീകരിച്ച ഈ കോഴ്‌സ്, ചിക്കാഗോ രൂപതയിൽ 2019 നു ആരംഭിച്ചു.
ഇടവക ഭാരവാഹികളും വിശ്വാസ പരിശീലന അധ്യാപകരും ബിരുദധാരികളെ അനുമോദിക്കാനായി ചടങ്ങിൽ സന്നിഹിതരായിരുന്നു. മാനുവൽ ജോസഫ് (സൗത്ത് സോൺ), എലിസബത്ത് ആന്റണി (ഇടവക) എന്നിവർ ആയിരുന്നു കോർഡിനേറ്റേഴ്‌സ്.

Diploma in Theology at St. Thomas Syro-Malabar Church: 22 people from the first batch graduate