സി.ജെ. ജെസ്‌വിൻ
പ്രാചീനകാലം മുതൽ പ്രചാരമുള്ള പ്രസന്നമായ പ്രകാശോത്സവമായി ദീപാവലി എത്തിച്ചേർന്നിരിക്കുന്നു. നാടും നഗരവും നിലാവിന്റെ സൗന്ദര്യത്തിൽ നിറഞ്ഞ പൗർണ്ണമിയൊരുക്കുന്ന കാലമാണിത്. പച്ചപ്പാർന്ന പ്രകൃതിയുടെ സമൃദ്ധമായ വിളവെടുപ്പുകാലം കൂടിയാണ് ദീപാവലി. കാർഷിക വിഭവങ്ങളാൽ കളപ്പുരകൾ നിറഞ്ഞ് കണ്ണും മനസ്സും ഉന്മത്തമാകുന്ന ഒരു കാലം ഭാരതീയർക്ക് വേറെയില്ല. കൃഷിക്കാരനെ മാത്രമല്ല കാലം കനിഞ്ഞ് അനുഗ്രഹിക്കുന്നത്. കുട്ടികൾക്ക് നീണ്ട ഇടവേളക്കാലമാണിത്. കേരളീയർക്ക് ഓണത്തിനാണ് ബോണസ് എങ്കിൽ വടക്കേ ഇന്ത്യയിൽ ജീവനക്കാർക്ക് ആ സുവർണ്ണാവസരം ലഭിക്കുന്നത് ദീപാവലിക്കാണ്. അതിനാൽ ആഘോഷത്തിനാരും ലുബ്ധം കാട്ടാറില്ല. കുചേലനും കുബേരനും തങ്ങളുടെ അഭിവൃദ്ധിയും സമൃദ്ധിയും മനമറിഞ്ഞ് പരസ്പരം ശേഷിക്കൊത്ത സമ്മാനങ്ങളായി കൈമാറുന്നത് കാലങ്ങളായുള്ള വഴക്കമാണ്. പടക്കം പൊട്ടിച്ച് പുത്തനുടുപ്പുകളിട്ട പുരുഷന്മാരും, പട്ടുടുത്ത്, പൊന്നണിഞ്ഞ് പെണ്ണുങ്ങളും, മനോഹരമായ പുഞ്ചിരി തൂകി പ്രകാശം പരത്തും. വീടുവീടാന്തരം മധുരപലഹാരങ്ങളും, വിഭവസമൃദ്ധമായ സദ്യയുടെ പെരുമണവും നിറയും. ആവശ്യത്തിലധികം അതിഥികൾക്കായും പാചകം ചെയ്യുന്ന ശൈലിയും ഈ ആഘോഷത്തിന് മാറ്റു കൂട്ടുന്നു. ഒക്ടോബർ 20, തിങ്കളാഴ്ചയാണ് ഈ ദീപാവലി സുദിനം.
ആഘോഷത്തിന്റെ വിചിത്ര ഭാവങ്ങൾ
എണ്ണമറ്റ ഐതിഹ്യങ്ങളുടെ ഐശ്വര്യ ഊർജ്ജമാണ് ദീപാവലി. ലോകത്തെമ്പാടുമുള്ള ഭാരതീയർ ഒരുമയോടെ കൊണ്ടാടുന്ന പ്രധാന മഹോത്സവമെന്ന ഖ്യാതി ഇതിനുണ്ട്. ഇംഗ്ലണ്ട്, കാനഡ, തായ്‌ലാൻഡ്, ഇന്തോനേഷ്യ, മൊറീഷ്യസ്, സിംഗപ്പൂർ, മലേഷ്യ, ഫിജി, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലെ ചില ജനവിഭാഗങ്ങളും ദീപാവലി ഹിന്ദുസ്ഥാനിയെപ്പോലെ ആർഭാഢത്തോടെ ആഘോഷിക്കുന്നു. വടക്കേ ഇന്ത്യയിലെ സുപ്രധാന ആഘോഷമാണ് ദീപാവലി. ദീപാവലി ആഘോഷിക്കുക എന്നല്ല, ദീപാവലി “കുളിച്ച്” എല്ലാം തട്ടൊപ്പമാക്കുന്നു എന്നാണ് അവിടുത്തെ ചടങ്ങുകൾ. ഭക്തജനം ഘോഷങ്ങൾ മുറ തെറ്റാതെ ഭാസുരമായ ഭാവിയുടെ ശുഭാപ്തിവിശ്വാസമായി അനുവർത്തിച്ചുപോരുന്നു. മലയാളി വിശ്വാസമില്ലേ, “കാണം വിറ്റും ഓണം ഉണ്ണണം!” എന്നതുപോലെ പ്രാധാന്യമുള്ളതാണ് ഈ ആഘോഷം.
കൊച്ചു ചിരാതുകളിൽ എണ്ണയൊഴിച്ച് തിരിയിട്ട് ദീപം തെളിക്കുന്നതാണ് ദീപാവലി പ്രകാശ ദർശനം. ലക്ഷ്മി പൂജ ഈ ദിവസത്തെ പ്രധാന ചടങ്ങാണ്. ക്ഷേത്ര സന്ദർശനം ആയുരാരോഗ്യ ക്ഷേമത്തിനായി നടത്തുന്നു. ശത്രുവിനോട് സത്യം പൊരുതി ജയിച്ചതിന്റെ കാഹളമാണ് നാനാവിധ വരവേൽപ്പിലെ വിശ്വാസത്തിന്റെ അടിസ്ഥാനം. ദീപാവലി നാളിൽ ബന്ധുമിത്രാദികളുടെ വീടുകൾ അണിഞ്ഞൊരുങ്ങി പരസ്പരം സന്ദർശിക്കുന്നതും പതിവാണ്. ഇതൊരു സുകൃത കർമ്മമായി കണക്കാക്കുന്നു. ആണ്ടിലൊരിക്കൽ ബന്ധങ്ങളിലെ പിണക്കങ്ങൾ നീക്കി ഇണക്കങ്ങൾ സ്ഥാപിക്കാൻ ഇത് സഹായിക്കുന്നു. സദുദ്ദേശത്തോടെയുള്ള ഈ നടപടി വൈരാഗ്യ വിദ്വേഷങ്ങളകറ്റുന്നു. പ്രവാസി മലയാളികൾ ദീപാവലി അവധി അടിച്ചുപൊളിക്കാൻ നാട്ടിലെത്തുന്ന വേള കൂടിയാണിത്.
പൊതുവിൽ പ്രചാരത്തിലുള്ള പുരാണ കഥകൾ
ദീപാവലിയുമായി ബന്ധപ്പെട്ട് ധാരാളം കഥകൾ പ്രചാരത്തിലുണ്ട്. ഓരോ നാടിനും അതിന്റേതായ ദൈവവിശ്വാസം പോലെയാണിത്. ഹൈന്ദവ ഈശ്വര ത്രിമൂർത്തികൾക്ക് ഇവിടെ സ്ഥാനമുണ്ട്. ശ്രീരാമനും സീതാദേവിയും ലക്ഷ്മണനും പതിന്നാലു വർഷത്തെ വനവാസം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്ന വേളയാണ് ഒരു പ്രധാന ഐതിഹ്യം. പ്രജകൾ സർവ്വം മറന്നു സന്തോഷിച്ച് ആർപ്പുവിളിച്ചു. പുതുവസ്ത്രങ്ങളണിഞ്ഞു. ദീപം തെളിച്ചും പടക്കം പൊട്ടിച്ചും, മധുരം വിതരണം ചെയ്തും സന്തോഷ സന്ദേശം പലവിധത്തിൽ കൊണ്ടാടി.
ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ചതായി മറ്റു ചിലർ സങ്കൽപ്പിക്കുന്നു. കൃഷ്ണവിജയത്തിന്റെ പ്രീതിക്കായി ആഘോഷങ്ങൾ സാർവത്രികമായി സംഘടിപ്പിക്കപ്പെട്ടു. വീടുവീടാന്തരം പ്രകാശപൂരിതമാക്കി കൊണ്ടാടി. രാമായണ കഥയിലെ രാക്ഷസനായ രാവണൻ സീതയെ മോഷ്ടിച്ചു ലങ്കയിലേക്ക് കൊണ്ടുപോയി. ഹനുമാന്റെ സഹായത്താൽ ലങ്ക കത്തിച്ചു. രാവണനെ വധിച്ചു. പരമപരിശുദ്ധിയിൽ അഗ്‌നിപരീക്ഷ താണ്ടിയ സീതാദേവി ശ്രീരാമ ഭഗവൽ സന്നിധിയിലെത്തി. ഐശ്വര്യത്തിന്റെയും വിജയത്തിന്റെയും ഈ ആഘോഷം നാട്ടിൽ നാൾക്കുനാൾ നീണ്ടുനിന്നു.
മറ്റൊരു ഐതിഹ്യം, മഹാവിഷ്ണുവിന്റെ പത്‌നിയായ ലക്ഷ്മീദേവി മഹാവിഷ്ണുവിനെ വരനായി തിരഞ്ഞെടുക്കുന്ന മുഹൂർത്തമാണ്. ക്ഷേമാശ്വര്യങ്ങളുടെയും, സമ്പത്തിന്റെയും, വിദ്യയുടെയും നിറകുടമാണല്ലോ ദിവ്യശക്തിയുള്ള ലക്ഷ്മി. അങ്ങനെയങ്ങനെ സുലഭമായ സംഭവങ്ങളുടെ പരമ്പരയാണ് ദീപാവലിയുടെ ലാളിത്യ മഹത്വം! സംസ്കൃത പദമായ ‘ദീവാളി’ ദീർഘിച്ചതാണ് ‘ദീപാവലി’ എന്ന പേര്.
ഐതിഹ്യങ്ങൾ ദേവീദേവന്മാരെപ്പോലെ പലകോടിയുണ്ടെന്ന് വിശ്വാസികൾ സ്വരച്ചേർച്ചയോടെ സങ്കൽപ്പിച്ചുപോരുന്നു. മതങ്ങളോളം മനുഷ്യരിൽ ആഴത്തിൽ വേരൂന്നിയത് വിട്ടുവീഴ്ചയില്ലാത്ത ആചാരങ്ങളാണല്ലോ. കണ്ണുചിമ്മി കൈകൾകൂപ്പി പ്രാർത്ഥിക്കുന്നതല്ല, ചേതനയുരുകി പ്രണമിക്കുന്നതല്ലേ ദിവ്യപൂജ!
ദീപം, ദീപം, ദീപാവലി! ദീപങ്ങളുടെ അലങ്കാരം: നാടാകെ വിപണി സജീവമാകുമ്പോൾ വീടുകളാകെ മുഴുനീള അലങ്കാരങ്ങളാൽ ശോഭിക്കും. ദീപാവലിയുടെ പരമപ്രധാനമായ ശ്രദ്ധാകേന്ദ്രം വീടുകൾ തന്നെയാണ്. ഈ അവസരത്തിൽ വീടിനകവും പുറവും വിശേഷാൽ നവീകരിച്ചാണ് ആഘോഷത്തിന് തുടക്കം കുറിക്കുന്നത്. പൂജകൾക്കൊപ്പം പ്രധാന കവാടങ്ങളിൽ തോരണങ്ങളും വിളക്കുകളും സ്ഥാപിക്കും.
jeswin83@gmail.com
Cell +91 8779388631