പാലക്കാട്: പല്ലശ്ശന സ്വദേശിനിയായ ഒൻപതു വയസുകാരിയുടെ വലത് കൈ മുറിച്ചു മാറ്റേണ്ടിവന്ന സംഭവത്തിൽ ചികിത്സാ പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി. ഡോക്ടർമാർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് നടപടി.
സെപ്റ്റംബർ 24-ന് വീടിന് സമീപത്ത് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്ലാസ്റ്റർ ഇട്ടിരുന്നു. എന്നാൽ, അഞ്ച് ദിവസത്തിന് ശേഷം പ്ലാസ്റ്റർ മാറ്റിയപ്പോൾ കുട്ടിയുടെ കൈയിൽ രക്തയോട്ടം നിലച്ച് അഴുകിയ നിലയിലാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചുമാറ്റേണ്ടി വന്നു.
സംഭവത്തിൽ ചികിത്സാ പിഴവ് ഇല്ലെന്ന് കാണിച്ച് ജില്ലാ ആശുപത്രി സൂപ്രണ്ട് നേരത്തെ വിശദീകരണം നൽകുകയും ഡി.എം.ഒ. നിയോഗിച്ച സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. എങ്കിലും, ചികിത്സാ പ്രോട്ടോക്കോൾ ലംഘിക്കപ്പെട്ടുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഡോക്ടർമാർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ ഡോക്ടർമാർക്ക് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടായിരുന്നു നേരത്തെ പുറത്തുവന്നത്. കൈ മുറിച്ചു മാറ്റേണ്ടി വന്നത് അപൂർവമായി സംഭവിക്കുന്ന ചികിത്സാ സങ്കീർണത മൂലമാണെന്നാണ് ഡോക്ടർമാരുടെ സംഘടനയും വിശദീകരിച്ചിരുന്നത്.