‘നന്ദി പുതിൻ’; നൊബേൽ ലഭിച്ചില്ലെങ്കിലും നല്ല വാക്കുകൾ പറഞ്ഞതിന് നന്ദി പറഞ്ഞ് ട്രംപ്

‘നന്ദി പുതിൻ’; നൊബേൽ ലഭിച്ചില്ലെങ്കിലും നല്ല വാക്കുകൾ പറഞ്ഞതിന് നന്ദി പറഞ്ഞ് ട്രംപ്

ന്യൂയോർക്ക്: ആഗോള പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള തന്റെ ശ്രമങ്ങളെ അംഗീകരിച്ചതിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുതിന് നന്ദി പറഞ്ഞ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ പ്രവർത്തികളെ അഭിനന്ദിച്ചുകൊണ്ടുള്ള പുതിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ട്രംപ് നന്ദി രേഖപ്പെടുത്തിയത്.

“ദശാബ്ദങ്ങൾ നീണ്ട സങ്കീർണ്ണമായ പ്രശ്നങ്ങളും പ്രതിസന്ധികളും ട്രംപ് പരിഹരിക്കുന്നു” എന്ന് റഷ്യൻ പ്രസിഡന്റ് പറയുന്ന വീഡിയോയുടെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ട്, ‘പ്രസിഡന്റ് പുതിന് നന്ദി!’ എന്നാണ് ട്രംപ് കുറിച്ചത്.

വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയുടെ സമാധാന നൊബേൽ പുരസ്കാര നേട്ടത്തെക്കുറിച്ച് പുതിൻ വീഡിയോയിൽ നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിന് കാര്യമായി ഒന്നും ചെയ്യാത്ത ആളുകൾക്ക് മുമ്പും പുരസ്കാരം നൽകിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് നൊബേൽ കമ്മിറ്റിയുടെ മുൻകാല തീരുമാനങ്ങളെ അദ്ദേഹം ചോദ്യം ചെയ്തു. “അർഹതയില്ലാത്തവർക്ക് അവർ സമാധാന പുരസ്കാരം നൽകിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പുകൾ പുരസ്കാരത്തിന്റെ പ്രശസ്തിക്ക് ദോഷം ചെയ്തു. ലോകത്തിന് വേണ്ടി ഒന്നും ചെയ്യാത്ത ആളുകൾക്ക് പുരസ്കാരം നൽകുന്നതിനെക്കുറിച്ച് കമ്മിറ്റി ചർച്ച ചെയ്തു. പുരസ്കാരത്തിന് അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു” പുതിൻ പറഞ്ഞു.

“യു.എസ്. പ്രസിഡന്റ് ഇത് അർഹിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ദീർഘകാലമായുള്ള പ്രതിസന്ധികൾ പരിഹരിക്കാൻ അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നു. യുക്രൈൻ വിഷയത്തിൽ അദ്ദേഹം ആത്മാർത്ഥത പുലർത്തുന്നു. ചില കാര്യങ്ങൾ ഫലിച്ചു, ചിലത് ഫലിച്ചില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം തീർച്ചയായും ശ്രമിക്കുന്നുണ്ട്” ട്രംപിനെ പ്രശംസിച്ചുകൊണ്ട് പുതിൻ പറഞ്ഞു.

നൊബേൽ പുരസ്കാരവും ട്രംപിന്റെ പ്രതികരണവും

2025-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചതുമുതൽ ട്രംപ് തന്റെ നിരാശ മറച്ചുവെച്ചിട്ടില്ല. മച്ചാഡോ തന്നെ വിളിച്ചിരുന്നുവെന്നും, പുരസ്കാരത്തിന് യഥാർത്ഥത്തിൽ അർഹൻ താനാണെന്ന് കരുതിയതിനാലാണ് അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം പുരസ്കാരം സ്വീകരിച്ചതെന്ന് പറഞ്ഞതായും ട്രംപ് ചൂണ്ടിക്കാട്ടി. “എങ്കിൽ അത് എനിക്ക് തരൂ എന്ന് ഞാൻ പറഞ്ഞില്ല. അവർ അങ്ങനെ ചെയ്തിട്ടുണ്ടാകാം എന്ന് ഞാൻ കരുതുന്നു. അവർ വളരെ നല്ല സ്ത്രീയായിരുന്നു” എന്നാണ് ട്രംപ് പറഞ്ഞത്.

“ഈ പുരസ്കാരം വെനസ്വേലയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കും ഞങ്ങളുടെ ലക്ഷ്യത്തിന് നിർണായക പിന്തുണ നൽകിയ പ്രസിഡന്റ് ട്രംപിനും ഞാൻ സമർപ്പിക്കുന്നു!” എന്നാണ് പുരസ്കാരം നേടിയ ശേഷം മച്ചാഡോ പറഞ്ഞത്.

അതേസമയം, 2025-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടാനുള്ള യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രചാരണത്തോട് നോർവീജിയൻ കമ്മിറ്റിയും പ്രതികരിച്ചു. രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നാണ് അവർ വ്യക്തമാക്കിയത്. “ആൽഫ്രഡ് നൊബേലിന്റെ പ്രവർത്തനത്തെയും ആഗ്രഹത്തെയും മാത്രം അടിസ്ഥാനമാക്കിയാണ് സമിതി തീരുമാനം എടുക്കുന്നത്” കമ്മിറ്റി ചെയർ യോർഗൻ വാറ്റ്‌നെ ഫ്രൈഡ്‌നസ് പറഞ്ഞു.

“സമാധാനത്തേക്കാൾ രാഷ്ട്രീയത്തിനാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് നൊബേൽ കമ്മിറ്റി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. പ്രസിഡന്റ് ട്രംപ് സമാധാന കരാറുകൾ ഉണ്ടാക്കുന്നതും യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതും ജീവൻ രക്ഷിക്കുന്നതും തുടരും” എന്ന് വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ച്യൂങ് എക്സിൽ (മുമ്പ് ട്വിറ്റർ) കുറിച്ചു.

Donald Trump thanked Russian President Vladimir Putin for acknowledging his efforts in resolving global crises

Share Email
LATEST
More Articles
Top