ഓപ്പറേഷൻ നുംഖോർ’ എന്ന പേരിൽ കസ്റ്റംസ് നടത്തിയ റെയ്ഡിന്റെ ഭാഗമായി പിടിച്ചെടുത്ത തന്റെ ആഡംബര വാഹനം താത്കാലികമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ കസ്റ്റംസിന് അപേക്ഷ നൽകി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്നാണ് നടൻ ‘പ്രൊവിഷണൽ റിലീസിന്’ വേണ്ടിയുള്ള അപേക്ഷ കസ്റ്റംസ് അഡീഷണൽ കമ്മീഷണർക്ക് മുമ്പാകെ സമർപ്പിച്ചത്.
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം (പ്രധാനമായും ലാൻഡ് റോവർ ഡിഫൻഡർ) താത്കാലികമായി വിട്ടുകിട്ടണം എന്നാണ് പ്രധാന ആവശ്യം. ദുൽഖർ സൽമാൻ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി, വാഹനം വിട്ടുകിട്ടാനായി കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 എ പ്രകാരമുള്ള രേഖകളുമായി കസ്റ്റംസ് അഡീഷണൽ കമ്മീഷണറെ സമീപിക്കാൻ നടന് അനുമതി നൽകി.
അപേക്ഷ ലഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ കസ്റ്റംസ് അധികൃതർ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അപേക്ഷ നിരസിക്കുകയാണെങ്കിൽ, അതിനുള്ള കാരണം വ്യക്തമാക്കുന്ന ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാജരേഖകളിലൂടെ ഭൂട്ടാനിൽനിന്ന് കടത്തിയ വാഹനമാണിതെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്. എന്നാൽ, നിയമപരമായി തന്നെയാണ് താൻ വാഹനം വാങ്ങിയതെന്നും, തൻ്റെ പക്കലുള്ള എല്ലാ രേഖകളും കസ്റ്റംസ് പരിശോധിക്കാതെയാണ് വാഹനം പിടിച്ചെടുത്തതെന്നും, താൻ നികുതി അടച്ചിട്ടുണ്ടെന്നും ദുൽഖർ കോടതിയിൽ ബോധിപ്പിച്ചു. വാഹനം തിരികെ ലഭിക്കുന്നതിനായി വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗ്യാരണ്ടിയായി നൽകാൻ തയ്യാറാണെന്ന് നടൻ കോടതിയെ അറിയിച്ചിട്ടുണ്ട്. നിയമപരമായ നടപടികൾ പൂർത്തിയാകും വരെ വാഹനം സുരക്ഷിതമായി സൂക്ഷിക്കാനാണ് ‘പ്രൊവിഷണൽ റിലീസ്’ വഴി സാധിക്കുക.
ഭൂട്ടാനിൽ നിന്നും മറ്റും വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടത്തി, ടാക്സ് വെട്ടിച്ച് വിറ്റ ആഡംബര വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനായി കസ്റ്റംസ് നടത്തിയ സംസ്ഥാനവ്യാപക റെയ്ഡാണ് ‘ഓപ്പറേഷൻ നുംഖോർ’. ഈ ഓപ്പറേഷന്റെ ഭാഗമായി മലയാളത്തിലെ പ്രമുഖ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു. ദുൽഖർ സൽമാൻ്റെ ലാൻഡ് റോവർ ഡിഫൻഡർ ഉൾപ്പെടെയുള്ള വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുക്കുകയും, മറ്റ് വാഹനങ്ങൾ നിരീക്ഷണത്തിലാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.













