പട്‌ന: തിരഞ്ഞെടുപ്പ് നടപടികളിൽ 17 പുതിയ പരിഷ്കാരങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. വരാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പുതിയ നടപടികൾ പ്രഖ്യാപിച്ചത്. ഭാവിയിൽ രാജ്യവ്യാപകമായി നടപ്പാക്കാനുള്ളതാണ് ഈ പദ്ധതിയെന്നും കമ്മിഷൻ അറിയിച്ചു.
“ബിഹാറിൽ 17 പുതിയ സംരംഭങ്ങൾ വിജയകരമായി നടപ്പിലാക്കാനാണ് തീരുമാനം. ചിലത് തിരഞ്ഞെടുപ്പ് നടത്തിപ്പിലും ചിലത് വോട്ടെണ്ണലിലും നടപ്പിലാക്കും,” മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. ഏകദേശം 22 വർഷത്തിന് ശേഷം വോട്ടർപട്ടിക ‘ശുദ്ധീകരിക്കുന്ന’ ദൗത്യം ബിഹാറിൽ പൂർത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 22-ന് മുമ്പ് പൂർത്തിയാക്കുമെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി.
പ്രധാനപ്പെട്ട പരിഷ്കാരങ്ങൾ
- ചിത്രങ്ങൾ കളറാകും: വോട്ടിങ് മെഷീനിൽ സ്ഥാനാർഥികളുടെ ചിത്രം ഇനി കളർ ഫോട്ടോകളാകും. സ്ഥാനാർഥികളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് ഈ മാറ്റം. ക്രമനമ്പറിന്റെ ഫോണ്ട് വലുതാക്കുകയും ചെയ്യും. ഈ മാറ്റങ്ങൾ ബിഹാർ തിരഞ്ഞെടുപ്പ് മുതൽ രാജ്യത്തുടനീളം നടപ്പാക്കും.
- പോളിങ് ബൂത്തിലെ മാറ്റങ്ങൾ: പോളിങ് ബൂത്തിലെ വോട്ടർമാരുടെ എണ്ണം 1500-ൽനിന്ന് 1200 ആയി കുറച്ചു. ഇതോടെ ബിഹാറിൽ 12,817 പുതിയ പോളിങ് സ്റ്റേഷനുകൾ കൂട്ടിച്ചേർത്തു.
- മൊബൈൽ ഡെപ്പോസിറ്റ്: വോട്ടിങ് പ്രക്രിയ കാര്യക്ഷമമാക്കാൻ പോളിങ് സ്റ്റേഷനുകൾക്ക് പുറത്ത് വോട്ടർമാർക്ക് മൊബൈൽ ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യം ഒരുക്കും.
- ഇ.പി.ഐ.സി. വിതരണം: വോട്ടർ രജിസ്ട്രേഷൻ കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ ഇ.പി.ഐ.സി. (ഇലക്ടർ ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ) വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും.
- ബൂത്ത് ലെവൽ ഓഫീസർമാർക്ക് ഐ.ഡി.: ബൂത്ത് ലെവൽ ഉദ്യോഗസ്ഥർക്ക് ഇനിമുതൽ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ ഉണ്ടായിരിക്കും.
- വോട്ടെണ്ണലിൽ സുതാര്യത: ഇ.വി.എം. കൗണ്ടിങ് യൂണിറ്റിലെ കണക്കും പ്രിസൈഡിങ് ഓഫീസർ പോളിങ് ഏജന്റുമാർക്ക് നൽകുന്ന ഫോം 17സി-യിലെ കണക്കും തമ്മിൽ പൊരുത്തക്കേടുണ്ടായാൽ, എല്ലാ വി.വി.പാറ്റുകളും പൂർണ്ണമായി എണ്ണും.
- പോസ്റ്റൽ ബാലറ്റ്: ഇ.വി.എം. വോട്ടെണ്ണലിന്റെ അവസാന രണ്ട് റൗണ്ടുകൾക്ക് മുൻപ് പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തീർന്നിരിക്കണം എന്നത് നിർബന്ധമാക്കി.
- വെബ്കാസ്റ്റിങ്: തിരഞ്ഞെടുപ്പ് കൂടുതൽ സുതാര്യമാക്കാൻ എല്ലാ പോളിങ് സ്റ്റേഷനുകളിലും സമ്പൂർണ്ണ വെബ്കാസ്റ്റിങ് കവറേജ് ഉണ്ടായിരിക്കും.
The Central Election Commission announced 17 major electoral reforms, including using color photos of candidates on EVMs and reducing the number of voters per polling station