ഭോപ്പാൽ : സംസ്ഥാനത്തെ ശിശുമരണ നിരക്കിനെക്കുറിച്ചും പോഷകാഹാരക്കുറവിൻ്റെ ഭീകരതയെക്കുറിച്ചും ആശങ്കയുണർത്തിക്കൊണ്ട് മധ്യപ്രദേശിൽ വീണ്ടും ഒരു ശിശുമരണം. വെറും നാല് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞാണ് ഗുരുതരമായ പോഷകാഹാരക്കുറവ് മൂലം മരിച്ചത്.
പോഷകാഹാരക്കുറവിൻ്റെ ഏറ്റവും ഗുരുതരമായ അവസ്ഥയായ ‘സാം’ (Severe Acute Malnutrition – SAM) ബാധിച്ചാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്കു. ഞ്ഞിൻ്റെ കണ്ണുകൾ ഉള്ളിലേക്ക് കുഴിഞ്ഞ നിലയിലായിരുന്നു. ശരീരം തീരെ മെലിഞ്ഞ് എല്ലുകൾ തെളിഞ്ഞ നിലയിൽ കാണപ്പെട്ടു. ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെ സമീപത്തെ സർക്കാർ ആശുപത്രിയിലെ പോഷകാഹാര പുനരധിവാസ കേന്ദ്രത്തിൽ (Nutrition Rehabilitation Centre – NRC) പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണം നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ആവശ്യമായ പോഷകാഹാരം നൽകാൻ സാധിക്കാത്തതാണ് ഈ ദുരന്തത്തിന് വഴിയൊരുക്കിയത്.
ഈ വർഷം മാത്രം മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്യുന്ന നിരവധി പോഷകാഹാര മരണങ്ങളിൽ ഒന്നു മാത്രമാണിത്. ദാരിദ്ര്യം, ആരോഗ്യ പരിചരണത്തിലെ കുറവ്, പോഷകാഹാരത്തെക്കുറിച്ചുള്ള അജ്ഞത എന്നിവയാണ് സംസ്ഥാനത്ത് ശിശുമരണ നിരക്ക് ഉയർത്തുന്ന പ്രധാന ഘടകങ്ങൾ. ഇത് കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ ഏജൻസികളുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്ന ആരോപണങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.