തിരുവനന്തപുരം: പദ്മരാജൻ സംവിധാനം ചെയ്ത ‘തൂവാനത്തുമ്പികൾ’ ഉൾപ്പെടെയുള്ള പ്രശസ്ത സിനിമകളുടെ നിർമ്മാതാവും എഴുത്തുകാരനുമായ പി. സ്റ്റാൻലി അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.
‘തൂവാനത്തുമ്പികൾ’ക്ക് പുറമെ ‘മോചനം’, ‘വരദക്ഷിണ’, ‘തീക്കളി’ എന്നിവയുൾപ്പെടെ നിരവധി സിനിമകൾ അദ്ദേഹം നിർമ്മിച്ചു. ‘രാജൻ പറഞ്ഞ കഥ’, ‘തോൽക്കാൻ എനിക്ക് മനസ്സില്ല’, ‘വയനാടൻ തമ്പാൻ’ എന്നീ സിനിമകൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
മുപ്പത് വർഷത്തോളം മദ്രാസിൽ സിനിമാരംഗത്ത് സജീവമായി പ്രവർത്തിച്ചു. എ. വിൻസെന്റ്, തോപ്പിൽ ഭാസി എന്നിവർക്കൊപ്പം സഹസംവിധായകൻ, കഥാകൃത്ത് എന്നീ നിലകളിലും പ്രവർത്തിച്ചു. ‘വെളുത്ത കത്രീന’, ‘ഏണിപ്പടികൾ’, ‘അസുരവിത്ത്’, ‘നദി’, ‘തുലാഭാരം’, ‘അശ്വമേധം’, ‘നിഴലാട്ടം’, ‘നഗരമേ നന്ദി’, ‘പ്രിയമുള്ള സോഫിയ’, ‘അനാവരണം’, ‘പൊന്നുംപൂവും’ തുടങ്ങി ഇരുപതോളം സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
കൊല്ലത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പൊലിക്കാർപ്പിന്റെ മകനായി 1944-ലാണ് ജനനം. 1990-ൽ ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് തിരുവനന്തപുരം നാലാഞ്ചിറയിൽ സ്ഥിരതാമസമാക്കി. വാസ്തുകലാപീഠം എന്ന കെട്ടിട നിർമ്മാണ സ്ഥാപനത്തിന്റെ ഡയറക്ടറും വാസ്തു കൺസൾട്ടന്റുമായിരുന്നു അദ്ദേഹം.
പ്രധാന കൃതികൾ: ‘കനൽവഴിയിലെ നിഴലുകൾ’, ‘മാന്ത്രികപ്പുരത്തിന്റെ കഥ’, ‘പ്രണയത്തിന്റെ സുവിശേഷം’, ‘ഹൃദയത്തിന്റെ അവകാശികൾ’, ‘ഇന്ദ്രപ്രസ്ഥത്തിന്റെ ഇതിഹാസം’ എന്നീ നോവലുകളും, ‘ഒരിടത്താരു കാമുകി’ എന്ന കഥാസമാഹാരവും, ‘വാസ്തു സമീക്ഷ’ എന്ന ശാസ്ത്ര പുസ്തകവും, ‘ഓർമ്മകളുടെ വെള്ളിത്തിര’, ‘നിലാവും നക്ഷത്രങ്ങളും’, ‘ആയുസ്സിന്റെ അടിക്കുറിപ്പുകൾ’ എന്നീ ഓർമ്മപ്പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ പരേതയായ സാലമ്മ സ്റ്റാൻലി. മക്കൾ ഷൈനി ജോയി, ബെൻസൺ സ്റ്റാൻലി (മാനേജിംഗ് ഡയറക്‌ടർ റിഫ്ൺ, സൗദി അറേബ്യ), സുനിൽ സ്റ്റാൻലി (കോ ഫൗണ്ടർ ആൻ്റ് പ്രിൻസിപ്പൽ ആർട്ടിടെക്റ്റ്. ഇന്നർ സ്പെസ് ഇൻ്റീരിയർ ഡിസൈൻ എൽ.എൽ.സി. ദുബായ്). മരുമക്കൾ: ജോയി, ഡോ. പർവീൺ ,മോളി ബിനു സുനിൽ
സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുട്ടട ഹോളിക്രോസ് ചർച്ചിൽ.
Filmmaker P. Stanley passes away