ഇന്ത്യൻ കറൻസിയിൽ ആദ്യം: ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപ നാണയം പ്രധാനമന്ത്രി പുറത്തിറക്കി

ഇന്ത്യൻ കറൻസിയിൽ ആദ്യം: ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപ നാണയം പ്രധാനമന്ത്രി പുറത്തിറക്കി

ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തിയ 100 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ഇന്ത്യൻ കറൻസിയിൽ ആദ്യമായാണ് ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തുന്നത് എന്ന പ്രത്യേകത ഈ നാണയത്തിനുണ്ട്. ഇതിനോടൊപ്പം പ്രത്യേക സ്റ്റാമ്പും പ്രകാശനം ചെയ്തു.

100 രൂപ നാണയത്തിന്റെ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദമുദ്രയിൽ സിംഹത്തോടുകൂടിയ ഭാരതാംബയുടെ ചിത്രവുമാണുള്ളത്. ഭക്തിയോടെയും അർപ്പണബോധത്തോടെയും സ്വയംസേവകർ ഭാരതാംബയ്ക്കു മുന്നിൽ പ്രണമിക്കുന്നതും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്.

പ്രകാശനവേളയിൽ സംസാരിച്ച പ്രധാനമന്ത്രി മോദി, “സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഭാരതാംബയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ ഇടംപിടിക്കുന്നത് അഭിമാനത്തിന്റെയും ചരിത്ര പ്രാധാന്യത്തിന്റെയും നിമിഷമാണ്” എന്ന് അഭിപ്രായപ്പെട്ടു. ‘രാഷ്ട്രായ സ്വാഹ, ഇദം രാഷ്ട്രായ, ഇദം ന മമ’ (എല്ലാം രാഷ്ട്രത്തിനായി സമർപ്പിക്കുന്നു, എല്ലാം രാഷ്ട്രത്തിന്റേതാണ്, എന്റേതായി ഒന്നുമില്ല) എന്ന ആർഎസ്എസ് മുദ്രാവാക്യവും നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.

1963-ലെ റിപ്പബ്ലിക് ദിന പരേഡിൽ ആർഎസ്എസ് സ്വയംസേവകർ പങ്കെടുത്തത് ചിത്രീകരിക്കുന്നതാണ് പുറത്തിറക്കിയ സ്റ്റാമ്പ്. ഭാരതാംബയ്ക്കും ആർഎസ്എസ്സിന്റെ ഒരു നൂറ്റാണ്ടു നീണ്ട സേവനത്തിന്റെയും അർപ്പണബോധത്തിന്റെയും യാത്രയ്ക്കും നൽകുന്ന അഭിമാനകരമായ ആദരവാണ് ഈ നിമിഷമെന്ന് മോദി വിശേഷിപ്പിച്ചു.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ, ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

First in Indian currency: Prime Minister releases Rs 100 coin featuring Mother India

Share Email
Top