അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; അടിമാലി മണ്ണിടിച്ചിൽ കുടുങ്ങിയ ദമ്പതികളിൽ ഭാര്യയെ പുറത്തെടുത്തു

അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; അടിമാലി മണ്ണിടിച്ചിൽ കുടുങ്ങിയ ദമ്പതികളിൽ ഭാര്യയെ പുറത്തെടുത്തു

അടിമാലി: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഭർത്താവിനും ഭാര്യയ്ക്കും ഗുരുതര പരിക്ക്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. അടിമാലി കൂമ്പൻപാറയിൽ ദേശീയപാതയ്ക്ക് സമീപമുള്ള വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഭാര്യയെ ഇതിനകം പുറത്തെടുക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. നെടുമ്പള്ളികുടി ബിജുവും ഭാര്യ സന്ധ്യയുമാണ് മണ്ണിനടിയിൽ കുടുങ്ങിയത്. സന്ധ്യയിൽ നിന്ന് പ്രതികരണം ഉണ്ട്. ബിജു കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിപ്പോയിരിക്കുകയാണ്.

കോൺക്രീറ്റ് പാളി വേഗത്തിൽ നീക്കാൻ കഴിയുമെന്നാണ് കരുതുന്നത്.ബിജുവിനു മേൽ വലിയ തൂണ് വീണുകിടപ്പുണ്ടെന്നും ഇക്കാരണത്താൽ അൽപ്പം ആശങ്കയുണ്ടെന്നും സ്ഥലത്തുള്ള ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. വേഗത്തിൽ തന്നെ അദ്ദേഹത്തെയും പുറത്തെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഏതാണ്ട് നാലു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് സന്ധ്യയെ പുറത്തെടുത്തത്.

അടിമാലി ലക്ഷംവീടിന് സമീപം 40 അടിയോളം ഉയരത്തിൽനിന്നാണ് മൺതിട്ട ഇടിഞ്ഞുവീണത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. വീടിന്റെ കോൺക്രീറ്റ് പാളിക്കിടയിൽ ബിജുവും ഭാര്യ സന്ധ്യയും അകപ്പെടുകയായിരുന്നു. ഇരുവരും തറവാട്ടു വീട്ടിലേക്ക് മാറിയതായിരുന്നു. മകളും തറവാട്ടിലേക്ക് മാറി. ഇരുവരും തിരികെ വീട്ടിലെത്തിയെങ്കിലും മകൾ തറവാട്ടിൽ തന്നെ നിന്നു.

മണ്ണിടിച്ചിൽ സാധ്യത മുന്നിൽക്കണ്ട് ഈ ലക്ഷംവീട് ഉന്നതിയിലുള്ള താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ബന്ധുവീട്ടിൽ പോയ ബിജുവും കുടുംബവും തിരികെ വീട്ടിലേക്ക് വരികയായിരുന്നു. എന്തിനാണ് ഇരുവരും തിരികെ വന്നതെന്ന് വ്യക്തമല്ല. സർട്ടിഫിക്കറ്റ് എടുക്കാൻ മടങ്ങിവന്നതായിരുന്നു എന്ന് ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്.

അഗ്‌നിരക്ഷാസേനയും എൻഡിആർഎഫ് സംഘവും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. മണ്ണുമാന്തി യന്ത്രവുമായി ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് കോൺക്രീറ്റ് പാളി ഉയർത്തിയാണ് പുറത്തെടുക്കാൻ ശ്രമിക്കുന്നത്. ഏറെ ശ്രമങ്ങൾ നടത്തിയതിനു ശേഷമാണ് എൻഡിആർഎഫ് സംഘാംഗങ്ങൾക്ക് തകർന്ന കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാനായത്.

അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്ന് ഡോ. സത്യബാബുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സന്ധ്യയെ പരിശോധിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. മന്ത്രി റോഷി അഗസ്റ്റിൻ, എ രാജ എംഎൽഎ, ജില്ലാ കളക്ടർ എന്നിവരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

Five-hour rescue operation; Wife pulled out of couple trapped in Adimali landslide

Share Email
LATEST
More Articles
Top