ന്യു യോർക്ക്: ഫൊക്കാന ന്യൂ യോർക്ക് (അപ്സ്റ്റേറ്റ്) റീജിയന്റെ കൺവെൻഷൻ കിക്കോഫിൽ അടുത്ത വർഷം ജൂലൈയിൽ പോക്കോണോസിലെ കൽഹാരിയിൽ നടക്കുന്ന ഫൊക്കാന കൺവെൻഷന് സ്പോൺസർമാരായി നിരവധി പേർ. ഒരു ലക്ഷത്തിലധികം ഡോളർ ഫൊക്കാന ന്യൂ യോർക്ക് അപ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷനിൽ നടന്ന കിക്ക് ഓഫിൽ സമാഹരിച്ചതായി ഭാരവാഹികൾ അറിയിച്ചു.

പതിനായിരം ഡോളർ വീതം നൽകുന്ന രണ്ടു സ്പോൺസർമാരാണ് മുന്നോട്ട് വന്നത്. അയ്യായിരം ഡോളർ വീതം നൽകുന്ന പത്ത് സ്പോൺസർമാരും. നിരവധി പേർ കൺവെൻഷനിൽ പങ്കെടുക്കുന്നതിനായുള്ള രജിസ്‌ട്രേഷൻ തുകയും ചടങ്ങിൽ കൈമാറി. റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി പ്രസിഡന്റ് സജിമോൻ ആന്റണിക്ക് ചെക്ക് നൽകിക്കൊണ്ട് റീജണൽ കിക്ക് ഓഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, അഡീഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, മുൻ പ്രസിഡന്റും ഇന്റർ നാഷണൽ കോർഡിനേറ്ററുമായ പോൾ കറുകപ്പള്ളിൽ എന്നിവരും സന്നിഹിതരായിരുന്നു.
സജിമോൻ ആന്റണി ഫൊക്കാന കിക്ക് ഓഫ് ഉദ്ഘാടനം ചെയ്തുകൊണ്ട്, ഫൊക്കാന കൺവെൻഷന് 2800 ഡോളർ ചെലവുവരുന്ന രജിസ്ട്രേഷൻ ആണ് നാല് പേർക്ക് 1500 ഡോളറിന് നൽകുന്നത് എന്ന് വിശദീകരിച്ചു. ഈ ഡിസ്കൗണ്ടഡ് നിരക്ക് ഡിസംബർ 31 വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും അറിയിച്ചു. ‘ഫാമിലി’ എന്ന ചട്ടക്കൂട്ടിലേക്ക് ഫൊക്കാന ഇന്ന് വന്നുകൊണ്ടിരിക്കുകയാണ്. ഈ ആശയത്തിലൂടെയാണ് കൽഹാരി റിസോർട്ട് ഫൊക്കാന കൺവെൻഷന് വേദിയായി തിരഞ്ഞെടുക്കുന്നത്. ഇത് ഒരു ഫാമിലി കൺവെൻഷൻ ആയിരിക്കുമെന്നും, രജിസ്‌ട്രേഷൻ ഫാമിലി വെക്കേഷൻ പാക്കേജ് ആയിട്ടാണ് ചിട്ടപ്പെടുത്തിയിട്ടുള്ളതെന്നും, കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് വിനോദത്തിന് മുൻഗണന നൽകിയാണ് കൺവെൻഷൻ പ്ലാൻ ചെയ്യുന്നതെന്നും സജിമോൻ ആന്റണി അറിയിച്ചു.
പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ട് ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ആൻഡ് ഔട്ട് ഡോർ വാട്ടർ പാർക്കാണ്. ആഫ്രിക്കൻ മരുഭൂമിയുടെ പേരാണ് ഈ റിസോർട്ടിന് നൽകിയിരിക്കുന്നത്. ആഫ്രിക്കൻ സംസ്കാരവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശില്പങ്ങളും അതിവിശാലമായ ഹോട്ടൽ സമുച്ചയത്തെ വ്യത്യസ്തമാക്കുന്നു. പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമായ പോക്കോണോ മൗണ്ടൻസിലാണ് റിസോർട്ട്. ന്യൂ യോർക്കിൽ നിന്ന് രണ്ടു മണിക്കൂർ ദൂരം മാത്രം. ഫിലാഡൽഫിയ, ന്യൂ ജേഴ്‌സി, ന്യൂ ഇംഗ്ലണ്ട്, വാഷിംഗ്ടൺ ഡിസി തുടങ്ങി ഈസ്റ്റ് കോസ്റ്റിൽ മിക്കയിടത്തുനിന്നും അതുപോലെ കാനഡയിൽ നിന്നും ഡ്രൈവ് ചെയ്തു വരാൻ പറ്റുന്നതാണ് ഈ വേദി. കാലാവസ്ഥയും രമണീയമായ ഭൂപ്രകൃതിയുമാണ് പോക്കോണോസിനെ ഏവരുടെയും പ്രിയങ്കരമാക്കുന്നത്. അതുകൊണ്ടുതന്നെ വളരെ അധികം ഫാമിലി രജിസ്ട്രേഷൻ ലഭിക്കുന്നുണ്ടെന്നും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.
മികച്ച റിസോർട്ട് ആയതിനാൽ ചെലവ് കൂടുമെങ്കിലും എല്ലാവർക്കും സ്വീകാര്യമായ രജിസ്‌ട്രേഷൻ നടപ്പിലാക്കി മുന്നോട്ട് പോകുന്നത്, കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ഒരു ചരിത്ര കൺവെൻഷൻ ആക്കുവാൻ വേണ്ടിയാണ് ഫൊക്കാന ശ്രമിക്കുന്നതെന്ന് ട്രഷറർ ജോയി ചാക്കപ്പൻ അറിയിച്ചു.
രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന എല്ലാവർക്കും വാട്ടർ പാർക്ക് സൗജന്യമായിരിക്കും. ഭക്ഷണം, വാട്ടർ പാർക്ക്, താമസ സൗകര്യം, സാംസ്കാരിക പരിപാടികൾ, വിരുന്ന്, സ്റ്റാർ നൈറ്റ് എന്നിവ ഉൾപ്പെട്ടതാണ് രജിസ്‌ട്രേഷൻ പാക്കേജ്. അതുപോലെതന്നെ വളരെ അധികം പ്രമുഖ കമ്പനികളുടെ ഔട്ട്ലെറ്റ് സ്റ്റോറുകൾ അടുത്ത് തന്നെയുണ്ടെന്നും ജോയി ചാക്കപ്പൻ അറിയിച്ചു.
വളരെ അധികം പ്രമുഖ വ്യക്തികളും, സിനിമാ താരങ്ങളും അവർ അവതരിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കലാമേളകളും, അമേരിക്കയിലെയും, ഇന്ത്യയിലെയും, കാനഡയിലെയും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന ഈ കൺവെൻഷൻ ഫൊക്കാനയുടെ ചരിത്രത്തിൽ സ്ഥാനം പിടിക്കുമെന്ന് ഇന്റർ നാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിലും അറിയിച്ചു.
കൺവെൻഷൻ കിക്കോഫിൽ, റോക്ക് ലാൻഡ് ലെജിസ്ളേറ്റർ ഡോ. ആനി പോൾ ഫൊക്കാന ചാരിറ്റി സ്കോളർഷിപ്പിന് വേണ്ടി 1000 ഡോളർ സംഭാവന ചെയ്തു.
റീജിയൺ വൈസ് പ്രസിഡന്റ് ആന്റോ വർക്കിയുടെ നേതൃത്വത്തിൽ നടന്ന കിക്കോഫിന്, പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, അസോസിയേറ്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, ട്രസ്റ്റീ ബോർഡ് സെക്രട്ടറി ബിജു ജോൺ, മുൻ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റീ ബോർഡ് മെംബർമാരായ ലീലാ മാരേട്ട്, തോമസ് തോമസ്, റീജണൽ വൈസ് പ്രസിഡന്റുമാരായ കോശി കുരുവിള, ലാജി തോമസ്, ഷാജി സാമുവേൽ, നാഷണൽ കമ്മിറ്റി മെംബർ മേരി ഫിലിപ്പ്, ഫൊക്കാന നേതാക്കളായ ദേവസ്സി പാലാട്ടി, അജു ഉമ്മൻ, അലക്സ് എബ്രഹാം, ലൈസി അലക്സ്, റീജണൽ കോർഡിനേറ്റർ ഷീല ജോസഫ്, റീജണൽ സെക്രട്ടറി അഭിലാഷ് പുളിക്കത്തൊടി, റീജണൽ ട്രഷറർ ഷൈമി ജേക്കബ്, റീജണൽ ജോയിന്റ് സെക്രട്ടറി സാജൻ മാത്യു, റീജണൽ സ്പോർട്സ് കോർഡിനേറ്റർ ലിജോ ജോൺ, യൂത്ത് ഫെസ്റ്റിവൽ കോർഡിനേറ്റർ റോയി ആന്റണി, കമ്മിറ്റി മെംബർമാരായ മാത്യു തോമസ്, ജോൺ തോമസ്, ജോർജ് കുഴിയാഞ്ഞാൽ, ഇട്ടൂപ്പ് ദേവസ്യ, ജെയിംസ് ഇളംപുരയിടത്തിൽ എന്നിവർ പരിപാടികൾക്ക് കോഓർഡിനേഷൻ നൽകി.
Fokana New York (Upstate) Regional Convention Kick-Off Raises Over $100,000













