റോക്ക്ലാൻഡിന് ഉത്സവമായി ഫൊക്കാന റീജിയണൽ കൺവെൻഷൻ; ഫാ. ഡേവിസ് ചിറമ്മൽ മുഖ്യാതിഥി

റോക്ക്ലാൻഡിന് ഉത്സവമായി ഫൊക്കാന റീജിയണൽ കൺവെൻഷൻ; ഫാ. ഡേവിസ് ചിറമ്മൽ മുഖ്യാതിഥി

ന്യൂയോർക്ക്: റോക്ക്ലാൻഡ് കൗണ്ടിക്ക് ഉത്സവമായി മാറിയ ഫൊക്കാന ന്യൂയോർക്ക് അപ്‌സ്റ്റേറ്റ് റീജിയണൽ കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഫാ. ഡേവിസ് ചിറമ്മലിന്റെ വാക്കുകൾ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. പതിവുപോലെ തനതുശൈലിയിൽ ഹാസ്യത്തിന്റെ മേമ്പൊടിയോടെ, കുട്ടികൾക്കുപോലും മനസ്സിലാകുന്ന തരത്തിൽ കഥയും കാര്യങ്ങളും ഇടകലർത്തിയാണ് ഫാദർ സംസാരിച്ചത്.

ഫുഡ് ഫെസ്റ്റിവൽ, യൂത്ത് ഫെസ്റ്റിവൽ, സ്പെല്ലിങ് ബീ മത്സരം, ചീട്ടുകളി മത്സരം, ഫൊക്കാന കലഹാരി ഇന്റർനാഷണൽ കൺവെൻഷൻ കിക്ക് ഓഫ് എന്നിവയുൾപ്പെടെ നിരവധി പരിപാടികളോടെയാണ് റീജിയണൽ കൺവെൻഷൻ ക്നാനായ സെന്ററിൽ നടന്നത്. മത്സര വിജയികൾക്ക് പൊതുസമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

റീജിയണൽ പ്രസിഡന്റ് ആന്റോ വർക്കി ഏവരെയും സ്വാഗതം ചെയ്തു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ ഫൊക്കാനയുടെ വിവിധ പ്രോജക്റ്റുകളെപ്പറ്റി വിശദീകരിച്ചു.

അവനവനെക്കുറിച്ചുള്ള ബോധ്യത്തോടെയും ആത്മാഭിമാനത്തോടെയും വളരാൻ മക്കളെ പ്രോത്സാഹിപ്പിക്കണമെന്നും ഫാ. ഡേവിസ് ചിറമ്മൽ അഭിപ്രായപ്പെട്ടു. നമ്മൾ എന്താണോ അതിൽ സന്തോഷം കണ്ടെത്തുക. വലിപ്പച്ചെറുപ്പമോ നിറമോ ഒന്നുമല്ല, നമ്മുടെ മനോഭാവമാണ് ആളുകളുടെ മനസ്സിൽ നമുക്ക് ഇടം നേടിത്തരുന്നത്. സന്തോഷ് ജോർജ് കുളങ്ങരയും ഗോപിനാഥ് മുതുകാടും നൂറിൽപരം ആരോഗ്യ വിദഗ്ധരും ചേർന്ന് ‘കേൾക്കാം’ എന്ന പദ്ധതിയുടെ ഭാഗമായി ഹെൽപ്‌ലൈൻ ആരംഭിച്ചതിനെക്കുറിച്ചും ഫാദർ സൂചിപ്പിച്ചു. ആരും കേൾക്കാനില്ലാത്തവരെ ശ്രവിക്കുകയും ആത്മഹത്യ പോലുള്ള ചിന്തയിൽ നിന്ന് അവരെ പിന്തിരിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനോടകം 600 പേർ വിളിച്ച് സങ്കടം പറയുകയും അവരെ ആശ്വസിപ്പിക്കാൻ സാധിക്കുകയും ചെയ്തു. അവരും ഇവരും പറയുന്നതല്ല നിങ്ങളുടെ വില, ഓരോ ജീവനും വിലപ്പെട്ടതാണ്. ആ വില നിശ്ചയിക്കേണ്ടത് നിങ്ങൾ തന്നെയാണ്. കഴിവുകളല്ല, മനോഭാവമാണ് നിങ്ങളുടെ വില നിശ്ചയിക്കുന്നത്. ഫൊക്കാനയുടെ പ്രവർത്തനങ്ങളെ ഫാദർ അഭിനന്ദിച്ചു.

ഫൊക്കാന കിക്ക് ഓഫ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഫൊക്കാനയുടെ പ്രവർത്തനങ്ങളെപ്പറ്റി വിവരിച്ചു. എല്ലാ റീജിയനുകളിലും റീജിയണൽ കൺവെൻഷനുകൾ ആരംഭിച്ചതായും, കൺവെൻഷൻ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 5000 പേരുടെ കൺവെൻഷനാണ് പ്ലാൻ ചെയ്യുന്നത്. കേരളത്തിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിശിഷ്ട വ്യക്തികൾ ഈ കൺവെൻഷനിൽ പങ്കെടുക്കുമെന്നും സജിമോൻ ആന്റണി അറിയിച്ചു.

ഫൊക്കാന ട്രഷറർ ജോയി ചക്കപ്പൻ ഫൊക്കാനയുടെ കൺവെൻഷനെപ്പറ്റിയും കൺവെൻഷൻ നിരക്കുകളെപ്പറ്റിയും വിവരിച്ചു. ഇപ്പോഴുള്ള പ്രൊമോഷണൽ റേറ്റ് ഡിസംബർ 31-ന് അവസാനിക്കുമെന്നും ചക്കപ്പൻ പറഞ്ഞു.

ഇത്രയും മനോഹരമായ റീജിയണൽ കൺവെൻഷന് നേതൃത്വം നൽകിയ റീജിയണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കിയെ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഫലകം നൽകി ആദരിച്ചു.

കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ, അസോസിയേറ്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, മുൻ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റീ ബോർഡ് അംഗങ്ങളായ ലീലാ മാരേട്ട്, തോമസ് തോമസ്, റീജിയണൽ വൈസ് പ്രസിഡന്റുമാരായ കോശി കുരുവിള, ലാജി തോമസ്, ഷാജി ശാമുവേൽ, ഫൊക്കാന നേതാക്കളായ ദേവസ്സി പാലാട്ടി, അജു ഉമ്മൻ, അലക്സ് എബ്രഹാം, ലൈസി അലക്സ്, വൈസ്മെൻ ക്ലബ് റീജിയണൽ ഡയറക്ടർ ജോസഫ് കാഞ്ഞമല, വൈസ്മെൻ ക്ലബ് വെസ്റ്റ്ചെസ്റ്റർ പ്രസിഡന്റ് ജോഷി തില്ലിയാങ്കൾ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

ഇന്ത്യയുടെ ഭക്ഷ്യ സംസ്കാരത്തെയും, സാംസ്കാരിക തനിമയെയും അമേരിക്കയിൽ പരിചയപ്പെടുത്തുന്നതിൽ മുൻപിൽ നിൽക്കുന്ന ഫൊക്കാന, ലോകമെമ്പാടുമുള്ള പ്രിയപ്പെട്ട വിഭവങ്ങൾ ഉൾപ്പെടുത്തി ഫുഡ് ഫെസ്റ്റിവൽ വിജയകരമാക്കി. മലയാളികൾ മാത്രമല്ല, മറ്റുള്ളവരും ഭക്ഷണം വാങ്ങാൻ എത്തി. കർണാടക, ഇറ്റാലിയൻ, പഞ്ചാബി, മെക്സിക്കൻ, ഹൈദരാബാദി, തായ്, തമിഴ്‌നാട്, ഗോവൻ തുടങ്ങിയ പ്രത്യേക ഭക്ഷണവിഭവങ്ങൾ സ്റ്റാളുകളിൽ ലഭ്യമായിരുന്നു.

രാവിലെ 9 മണിക്ക് ചീട്ടുകളി മത്സരം ആരംഭിച്ചു. 3 മണിമുതൽ കുട്ടികളുടെ കലോത്സവം, കണ്ണഞ്ചിപ്പിക്കുന്ന വിവിധ കലാപരിപാടികൾ തുടങ്ങി നിരവധി പരിപാടികൾ നടന്നു.

റീജിയണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി, റീജിയണൽ കോർഡിനേറ്റർ ഷീല ജോസഫ്, റീജിയണൽ സെക്രട്ടറി അഭിലാഷ് പുളിക്കത്തൊടി, റീജിയണൽ ട്രഷറർ ഷൈമി ജേക്കബ്, റീജിയണൽ ജോയിന്റ് സെക്രട്ടറി സാജൻ മാത്യു, റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ലിജോ ജോൺ, യൂത്ത് ഫെസ്റ്റിവൽ കോർഡിനേറ്റർ റോയി ആന്റണി, കമ്മിറ്റി അംഗങ്ങളായ മാത്യു തോമസ്, ജോൺ തോമസ്, ജോർജ് കുഴിയാഞ്ഞാൽ, ഇട്ടൂപ്പ് ദേവസ്യ, ജെയിംസ് ഇളംപുരയിടത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Fokana Regional Convention a festival for Rockland; Fr. Davis Chirammal the chief guest

Share Email
LATEST
More Articles
Top