ന്യൂ യോർക്ക് : 2025 ഒക്ടോബർ 25, ശനിയാഴ്ച റോക്ക്‌ലാൻഡ് കൗണ്ടിയിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് (400 Willow Grove Road, Stoney Point, Rockland County) നടത്തുന്ന ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷന്റെ ഫ്ലയർ കൊല്ലം എം.പി. എൻ.കെ. പ്രേമചന്ദ്രൻ, റാന്നി എം.എൽ.എ. പ്രമോദ് നാരായൺ, മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ് (മലയാള മനോരമ), ലീൻ ജസ്മാസ് (ചാനൽ 18), മോത്തി രാജേഷ് (മാതൃഭൂമി ചാനൽ) എന്നിവർ ചേർന്ന് നിർവഹിച്ചു.

ഫൊക്കാനയുടെ പല കൺവെൻഷനുകളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും ഈ അടുത്ത കാലത്ത് ഫൊക്കാനക്ക് ഉണ്ടായ ഒരു ഉണർവ് എടുത്ത് പറയേണ്ടുന്നതാണ് എന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. അഭിപ്രായപ്പെട്ടു. പഴയ ട്രെഡിഷണൽ ആയ പ്രവർത്തനങ്ങളോടൊപ്പം പുത്തൻ ആശയങ്ങളും, പുതിയ തലമുറയെയും ഉൾക്കൊണ്ട് മുന്നോട്ട് പോകുന്ന പ്രവർത്തന ശൈലിയെ അദ്ദേഹം പ്രശംസിച്ചു. ന്യൂ യോർക്ക് റീജിയന്റെ കൺവെൻഷന് എല്ലാ വിധ ആശംസകളും നേർന്നുകൊണ്ട് പ്രമോദ് നാരായൺ എം.എൽ.എ.യും മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ്, ലീൻ ജസ്മാസ്, മോത്തി രാജേഷ് എന്നിവരും സംസാരിച്ചു.
ഫൊക്കാന റീജിയണൽ കൺവെൻഷനോട് അനുബന്ധിച്ച് ഫുഡ് ഫെസ്റ്റിവൽ, യൂത്ത് ഫെസ്റ്റിവൽ, സ്പെല്ലിംഗ് ബീ കോമ്പറ്റീഷൻ, ചിട്ടുകളി മത്സരം, ഫൊക്കാന കിക്ക് ഓഫ് തുടങ്ങിയ നിരവധി പരിപാടികളോട് കൂടിയാണ് റീജിയണൽ കൺവെൻഷൻ ചിട്ടപ്പെടുത്തിയിട്ടുള്ളത്. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ ഫാദർ ഡേവിസ് ചിറമേൽ മുഖ്യഅതിഥിയായി പങ്കെടുക്കുന്നതോടൊപ്പം മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുക്കും.
രാവിലെ 10 മണിമുതൽ ആരംഭിക്കുന്ന ഫുഡ് ഫെസ്റ്റിവൽ വൈവിധ്യമാർന്ന രുചികളെ വിവിധ ഇന്ത്യൻ റെസ്റ്റോറന്റുകൾ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു എന്ന പ്രത്യേകത കൂടി ഈ ഫുഡ് ഫെസ്റ്റിവലിനുണ്ട്. രുചിമുകുളങ്ങളെ ത്രസിപ്പിക്കാൻ നമ്മൾ എല്ലാവരും ഒത്തുകൂടുമ്പോൾ നിങ്ങളും ഉണ്ടാകണം. കൂടാതെ 3 മണിമുതൽ കുട്ടികളുടെ കലോത്സവം, കണ്ണഞ്ചിപ്പിക്കുന്ന വിവിധ കലാപരിപാടികൾ തുടങ്ങി നിരവധി പരിപാടികൾ ഉൾപ്പെടുത്തിയാണ് റീജിയണൽ കൺവെൻഷൻ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
റീജിയണൽ കൺവെൻഷന്റെ പ്രവർത്തനങ്ങൾക്കായി റീജിയണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി, റീജിയണൽ കോർഡിനേറ്റർ ഷീല ജോസഫ്, റീജിയണൽ സെക്രട്ടറി അഭിലാഷ് പുളിക്കത്തൊടി, റീജിയണൽ ട്രഷറർ ഷൈമി ജേക്കബ്, റീജിയണൽ ജോയിന്റ് സെക്രട്ടറി സാജൻ മാത്യു, റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ലിജോ ജോൺ, യൂത്ത് ഫെസ്റ്റിവൽ കോർഡിനേറ്റർ റോയി ആന്റണി എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നു.
Fokana releases flyer for New York Upstate Regional Convention













