ഹൂസ്റ്റണിലെ ഫോമാ ഫാമിലി കണ്‍വന്‍ഷന്‍, സതേണ്‍ റീജിയന്‍ കിക്ക് ഓഫ് വിജയകരമായി

ഹൂസ്റ്റണിലെ ഫോമാ ഫാമിലി കണ്‍വന്‍ഷന്‍, സതേണ്‍ റീജിയന്‍ കിക്ക് ഓഫ് വിജയകരമായി

ഇഗ്ഗആഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയായ ഫോമായുടെ 2026-ലെ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷന് മുന്നോടിയായി സതേണ്‍ റീജിയണ്‍ സംഘടിപ്പിച്ച കിക്ക് ഓഫ് ജനപങ്കാളിത്തം കൊണ്ട് വിജയകരമായി. മര്‍ഫി റോഡിലെ സ്റ്റാഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങ് വിശിഷ്ട വ്യക്തികളും ഫോമായുടെ നാഷണല്‍, റീജിയണ്‍ നേതാക്കളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. എം.സിമാരായ അനില, ആന്‍സി എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തിന് ശേഷം അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങള്‍ ആലപിക്കപ്പെട്ടു.

ഫോമാ സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് ബിജു ലോസണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സതേണ്‍ റീജിയന്‍ ചെയര്‍മാന്‍ രാജേഷ് മാത്യു സ്വാഗതമാശംസിച്ചു. ‘വിന്‍ഡം ഹൂസ്റ്റണ്‍’ ഹോട്ടലില്‍ 2026 ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് കണ്‍വന്‍ഷന്‍ അരങ്ങേറുന്നത്. കണ്‍വന്‍ഷന്‍ ചരിത്രമാക്കുന്നതിനുള്ള എല്ലാവിധ ആത്യാധുനിക സൗകര്യങ്ങളുമുള്ളതാണ് വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് തൊട്ട് എതിര്‍വശത്തുള്ള ഈ ആഡംബര ഹോട്ടല്‍ സമുച്ചയം.

ഫോമയുടെ നൂറിലധികം അംഗസംഘടനകളില്‍ നിന്നുമായി 2500-ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന വിപുലമായ കണ്‍വന്‍ഷനാണ് നമ്മുടെ ലക്ഷ്യമെന്ന് കിക്ക് ഓഫ് ഉദ്ഘാടനം ചെയ്ത ഫോമാ നാഷണല്‍ പ്രസിഡന്റ്‌ബേബി മണക്കുന്നേല്‍ പറഞ്ഞു. നാളിതുവരെയുള്ള സതേണ്‍ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടനയ്ക്ക് മുതല്‍ക്കൂട്ടാണെന്നും ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ വന്‍വിജയമാക്കാന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷത്തെ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷല്‍ അവിസ്മരണീയമാക്കുന്നതിനായുള്ള സതേണ്‍ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഫോമാ നാഷണല്‍ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ് പറഞ്ഞു.

തുടര്‍ന്ന് നടന്ന കിക്ക് ഓഫില്‍ പ്ലാറ്റിനം സ്‌പോണ്‍സറായ മാസ് മ്യൂച്വല്‍ ഇന്‍ഷുറന്‍സിന്റെ ജോര്‍ജ് ജോസഫ് ആദ്യ ഗഡുവിന്റെ ചെക്ക് നല്‍കി. ജോണ്‍ ഉമ്മന്‍, പ്രോംപ്റ്റ് റിയാലിറ്റിയുടെ സാരഥി ജോണ്‍ ഡബ്‌ളിയു വര്‍ഗീസ്, ലോസണ്‍ ട്രാവല്‍സിന്റെ ബിജു ലോസണ്‍, ഫോമാ നാഷണല്‍ കമ്മിറ്റി അംഗം ജിജു കുളങ്ങര തുടങ്ങിയവരാണ് പ്ലാറ്റിനം സ്‌പോണ്‍സര്‍മാര്‍. തദവസരത്തില്‍ നൂറിലധികം പേര്‍ ഫാമിലി കണ്‍വന്‍ഷനിലേയ്ക്ക് റജിസ്റ്റര്‍ ചെയ്യുകയുണ്ടായി.

സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ഫോമായുടെ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍, ഷാജി എഡ്വേഡ്, മാഗ് പ്രസിഡന്റ് ജോസ് കെ ജോണ്‍, പെയര്‍ലാന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാം തോമസ്, വുമണ്‍സ് ഫോറം നേതാവ് ഗ്രേസി ഊരാളില്‍, എം.ജി മാത്യു, പൊടിയമ്മ പിള്ള, നാഷണല്‍ കമ്മിറ്റി അംഗമായ രാജന്‍ യോഹന്നാന്‍, മുന്‍ ആര്‍.വി.പി മാത്യൂസ് മുണ്ടയ്ക്കല്‍, 2026 കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ സുബിന്‍ കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നേര്‍കാഴ്ച ചീഫ് എഡിറ്ററും ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ മീഡിയ ചെയറുമായ സൈമണ്‍ വാളാച്ചേരില്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തികള്‍ സന്നിഹിതരായിരുന്നു.

ചടങ്ങില്‍ എത്താതിരുന്ന മിസോറി സിറ്റി മേയര്‍ റോബില്‍ ഇലക്കാട്, ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍ എന്നിവര്‍ മുന്‍കൂട്ടി ആശംസകള്‍ നേര്‍ന്നു. ഹൂസ്റ്റണ്‍, ഓക്‌ലഹോമ, മക്കാലന്‍, ഡാലസ് തുടങ്ങിയ നഗരങ്ങളിലെ മലയാളി അസോസിയേഷനുകള്‍ ഉള്‍പ്പെട്ട സതേണ്‍ റീജനില്‍ ആയിരക്കണക്കിനു മലയാളികള്‍ താമസിക്കുന്നുണ്ട്. മലയാളികളുടെ ഈ സാമീപ്യം കണ്‍വന്‍ഷന്റെ വിജയത്തിന് സഹായകരമാകുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു. റോണ്‍സി, റോഷി സി മാലയത്ത് എന്നിവരുടെ ഗാനങ്ങളും എസ്സ സാല്‍ബി, എയ്ഞ്ചല്‍ ബാബു ആന്റ് നിവേദ്യ ഗ്രൂപ്പ് എന്നിവരുടെ നൃത്തനൃത്യങ്ങളും ആകര്‍ഷകമായി. സതേണ്‍ റീജിയണ്‍ ട്രഷറര്‍ ജോയി എന്‍ സാമുവല്‍ നന്ദി പ്രകാശിപ്പിച്ചു.

Fomaa Houston Convention Southern Region kick off at Stafford banquet Hall rocked

Share Email
More Articles
Top