ജോർജ് തുമ്പയിൽ
ന്യൂയോർക്ക്: പാക്കിസ്ഥാനിലെ ലാഹോറിൽ നടക്കുന്ന എട്ടാമത് അന്താരാഷ്ട്ര ലോക മത സമ്മേളനത്തിൽ (ICWR-2025) ഫാ. ഡോ. ജോസഫ് വർഗീസ് പ്രസംഗിക്കുന്നു. ‘വിശിഷ്ട അതിഥി’യെന്ന നിലയിൽ സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനായി അദ്ദേഹം ലാഹോറിലേക്ക് യാത്ര തിരിച്ചു. ഒക്ടോബർ 25, 26 തീയതികളിൽ മിൻഹാജ് സർവകലാശാലയിൽ നടക്കുന്ന കോൺഫറൻസിന്റെ വിഷയം ‘തീവ്രവാദത്തെ അതിന്റെ വേരുകളിൽ തടയുക, പ്രതിരോധശേഷിയുള്ള സമൂഹങ്ങൾ കെട്ടിപ്പടുക്കുക’ എന്നതാണ്. മിൻഹാജ് സർവകലാശാലയും പാക്കിസ്ഥാൻ സർക്കാരും ചേർന്നാണ് കോൺഫറൻസ് സ്പോൺസർ ചെയ്യുന്നത്.
ഫാ. ഡോ. ജോസഫ് വർഗീസ് ലോകമെങ്ങുമുള്ള മതാന്തര പ്രവർത്തനങ്ങൾക്ക് നൽകിയ മികച്ച സംഭാവനകളും അദ്ദേഹത്തിന്റെ യുഎസ്എയിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഈ അംഗീകാരം.
പ്രശസ്ത ഇസ്ലാമിക സർവകലാശാലയായ മിൻഹാജ് സർവകലാശാല പാക്കിസ്ഥാനിലെ ഉന്നത പഠനത്തിനുള്ള മുൻനിര വിദ്യാഭ്യാസ സ്ഥാപനമായി അംഗീകരിക്കപ്പെടുന്നു. മതാന്തര തലത്തിലുള്ള പ്രവർത്തനങ്ങളുടെയും മതതീവ്രവാദത്തിനെതിരായ ശക്തമായ നിലപാടുകളുടെയും പേരിൽ സർവകലാശാല പ്രശസ്തമാണ്. ഷെയ്ഖ് ഉൽ ഇസ്ലാമും പ്രൊഫ. ഡോ. മുഹമ്മദ് താഹിർ-ഉൽ-ഖാദ്രിയും ചേർന്ന് 1986-ൽ സ്ഥാപിച്ച മിൻഹാജ് യൂണിവേഴ്സിറ്റി ലാഹോർ (എം.യു.എൽ.) സർക്കാർ ചാർട്ടേർഡ് സ്ഥാപനമാണ്. പാക്കിസ്ഥാൻ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സർവകലാശാലയ്ക്ക് മികച്ച വിഭാഗത്തിൽ സ്ഥാനം നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള 36 അക്കാദമിക് സ്കൂളുകൾക്കും പതിനൊന്ന് ഫാക്കൽറ്റികൾക്കും കീഴിൽ അണ്ടർ ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ്, ഡോക്ടറൽ പ്രോഗ്രാമുകളിലായി 15,000-ലേറെ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വിവിധ മതങ്ങളുടെ ദൈവശാസ്ത്രം സംബന്ധിച്ച് അക്കാദമിക് ഗവേഷണവും സംവാദവും പ്രോത്സാഹിപ്പിക്കുന്ന അന്തർദ്ദേശീയ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ ഈ സർവകലാശാല അന്താരാഷ്ട്ര തലത്തിൽ മികച്ച അംഗീകാരം നേടിയിട്ടുണ്ട്. മതപരമായ ബഹുസ്വരതയും ലോക സമാധാനവും (2017), ലോക മതങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം (2018), ശാസ്ത്രം, കാരണം, മതം (2019), ആത്മീയതയും മതവും (2021-ൽ വെർച്വൽ), മതപരമായ വ്യത്യാസങ്ങൾ; മതാന്തര സംഭാഷണത്തിനുള്ള പുതിയ സാധ്യതകൾ (2022), ഉത്തരാധുനിക ലോകത്തിലെ മതങ്ങൾ-കാഴ്ചപ്പാടുകളും വെല്ലുവിളികളും (2023), മതത്തിന്റെ പേരിലുള്ള രാഷ്ട്രീയവും അക്രമവും (2024) എന്നിവയായിരുന്നു മുൻ കോൺഫറൻസുകളുടെ വിഷയങ്ങൾ.
സമാധാന ദൗത്യ യാത്രകളിലൂടെ ശ്രദ്ധിക്കപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി സംസാരിക്കുന്ന ഫാ. ഡോ. ജോസഫ് വർഗീസ് ആത്മീയ പാതകളിലെ അനുകരണീയ വ്യക്തിത്വമാണ്. മതങ്ങൾ തമ്മിലും വ്യത്യസ്ത മത പാരമ്പര്യങ്ങൾക്കിടയിലും വിവിധ തലങ്ങളിൽ ക്രിയാത്മക ഇടപെടലുകൾക്കും സഹകരണത്തിനും നേതൃത്വം വഹിക്കുന്ന ജോസഫ് വർഗീസ് അച്ചൻ മലയാളികൾക്ക് സുപരിചിതനാണ്. നിലപാടുകളിലെ വ്യതിരിക്തത ഈ വൈദികന്റെ പ്രവർത്തന വഴികളെ വേറിട്ടതാക്കുന്നു.
അന്ത്യോഖ്യ സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ വൈദികനാണ് പത്തനംതിട്ട സ്വദേശിയായ ഫാ. ഡോ. ജോസഫ് വർഗീസ്. ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ ആരാധനക്രമ പഠനത്തിന്റെ പ്രൊഫസറായും ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസിന്റെ (ഐ.ആർ.എഫ്.ടി.-ന്യൂയോർക്ക്) എക്സിക്യൂട്ടീവ് ഡയറക്ടറായും ഫാ. ജോസഫ് വർഗീസ് സേവനമനുഷ്ഠിക്കുന്നു.
ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിൽ (ആർ.എഫ്.പി.-യു.എസ്.എ) അംഗമായും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് യുഎസ്എയുടെ ഇന്റർ റിലീജിയസ് ഡയലോഗുകളുടെ (എൻ.സി.സി.-യു.എസ്.എ.) കോ-കൺവീനറായും പ്രവർത്തിക്കുന്നു. മുപ്പത്തിയേഴ് അംഗ കൂട്ടായ്മകളെയും 30 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്ന യു.എസിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ 2010 മുതലുള്ള മതാന്തര സംവാദങ്ങളുടെ കൺവീനിങ് ടേബിളിന്റെ കോ-കൺവീനറുമാണ് ഫാ. ഡോ. ജോസഫ് വർഗീസ്.
Fr. Dr. Joseph Varghese to deliver speech at Lahore Minhaj University; 8th International Conference on World Religions to be held on 25th and 26th