മുൾമുനയിൽ ഗാസ സിറ്റി: ചുറ്റും സൈനിക വലയം; ഉടൻ പ്രദേശം വിടണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ്; അവസാന അവസരമെന്ന് ഭീഷണി

മുൾമുനയിൽ ഗാസ സിറ്റി: ചുറ്റും സൈനിക വലയം; ഉടൻ പ്രദേശം വിടണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ്; അവസാന അവസരമെന്ന് ഭീഷണി

ജെറുസലേം: ഗാസ സിറ്റി സൈന്യം വളഞ്ഞതായും അന്തേവാസികൾ ഉടൻ പ്രദേശം വിടണമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് മുന്നറിയിപ്പ് നൽകി. അല്ലാത്തവരെ തീവ്രവാദികളായോ തീവ്രവാദികളെ പിന്തുണയ്ക്കുന്നവരായോ കണക്കാക്കുമെന്നും കാറ്റ്‌സ് വ്യക്തമാക്കി.

പലായനം ചെയ്യാനും ഹമാസിനെ ഗാസ നഗരത്തിൽ ഒറ്റപ്പെടുത്താനും ആഗ്രഹിക്കുന്ന ഗാസ നിവാസികൾക്ക് ഇത് അവസാന അവസരമാണെന്നാണ് കാറ്റ്‌സിന്റെ മുന്നറിയിപ്പ്. നെറ്റ്‌സാരിം ഇടനാഴി പിടിച്ചെടുത്ത് ഗാസയെ വടക്കും തെക്കുമായി വിഭജിച്ചതായും അദ്ദേഹം ‘എക്‌സി’ൽ കുറിച്ചു. “തെക്കോട്ട് പോകുന്ന ഏതൊരാളും ഇസ്രയേൽ സൈന്യത്തിന്റെ പരിശോധനാ ചെക്ക്‌പോസ്റ്റുകൾ വഴി മാത്രമേ കടന്നുപോകാവൂ. ഗാസയിൽ തുടരുന്ന ജനങ്ങളെ ഭീകരവാദികളായി കണക്കാക്കും,” കാറ്റ്‌സ് കൂട്ടിച്ചേർത്തു.

യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതി

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചിരുന്നു. ഹമാസ് പദ്ധതി നിരസിച്ചാൽ ഇസ്രയേൽ തങ്ങളുടെ ലക്ഷ്യം പൂർത്തിയാക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു.

എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാനും തുടർന്ന് 72 മണിക്കൂറിനകം എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് പദ്ധതി. പലസ്തീൻ അതോറിറ്റിയും ഇസ്രയേലും സൗദി, ജോർദാൻ, യുഎഇ, ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും വ്യവസ്ഥ അംഗീകരിച്ചിട്ടുണ്ട്.

പദ്ധതിയിലെ പ്രധാന നിർദേശങ്ങൾ:

  • അടിയന്തര വെടിനിർത്തൽ.
  • ഹമാസിന്റെ പക്കൽ ശേഷിക്കുന്ന ബന്ദികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കൽ.
  • ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യത്തിന്റെ പടിപടിയായുള്ള സൈനിക പിന്മാറ്റം.
  • ഗാസയിലേക്ക് ഉടനടി സഹായം എത്തിക്കുക.
  • ഹമാസിന്റെ നിരായുധീകരണം.
  • യുദ്ധാനന്തരം രാജ്യാന്തര നേതൃത്വത്തിലുള്ള ഇടക്കാല ഭരണം. (ഈ ഇടക്കാല സർക്കാരിനെ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ നയിക്കണമെന്നാണ് ട്രംപിന്റെ ശുപാർശ.)
  • ഗാസയുടെ പുനർനിർമ്മാണത്തിന് ട്രംപിന്റെ അധ്യക്ഷതയിൽ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കുക.

കരാർ അംഗീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ട്രംപ് ഹമാസിന് നാല് ദിവസത്തെ സമയം അനുവദിച്ചിരുന്നു. മധ്യസ്ഥരായ ഖത്തറും ഈജിപ്തും കരാറിന്റെ പകർപ്പ് തങ്ങളുമായി പങ്കുവച്ചിട്ടുണ്ടെന്നും അത് പരിശോധിച്ച് വിലയിരുത്തിയ ശേഷം മറുപടി പറയുമെന്നുമാണ് ഹമാസ് പ്രതികരിച്ചത്. ഇതിനിടെയാണ് ഇസ്രയേൽ സൈന്യം ഗാസയിൽ ആക്രമണം ശക്തിപ്പെടുത്തിയതും ജനങ്ങളോട് പ്രദേശം വിടാൻ നിർദേശിച്ചിരിക്കുന്നതും.

Gaza City on edge: Military cordon around; Israel warns to leave area immediately, threat is last chance

Share Email
Top