ഗാസ സമാധാനക്കരാർ പ്രതിസന്ധിയിൽ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്രായേലിൽ

ഗാസ സമാധാനക്കരാർ പ്രതിസന്ധിയിൽ; യുഎസ് വൈസ് പ്രസിഡന്റ്  ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്രായേലിൽ

ടെൽ അവീവ്: ഹമാസിനെ ലക്ഷ്യമിട്ട് ഗാസയിൽ ഇസ്രായേൽ ആക്രമണം പുനരാരംഭിച്ച പശ്ചാത്തലത്തിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്രായേലിൽ എത്തി. രണ്ടു സൈനികരെ ഹമാസ് വധിച്ചു എന്നാരോപിച്ച് ഇസ്രായേൽ ഗാസയിൽ ആക്രമണം തുടങ്ങിയതോടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ നടപ്പാക്കിയ സമാധാനക്കരാർ സംരക്ഷിക്കുകയെന്ന ദൗത്യവുമായാണ് വാൻസ് ഇസ്രായേലിൽ എത്തിയത്.

സമാധാനക്കരാറിനെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് വാൻസ് വ്യക്തമാക്കി. “കഴിഞ്ഞ ഒരാഴ്ചയായി നമ്മൾ കണ്ട കാര്യങ്ങൾ വെടിനിർത്തൽ നിലനിൽക്കുമെന്ന വലിയ ശുഭാപ്തിവിശ്വാസം എനിക്ക് നൽകുന്നു. എനിക്ക് വളരെ ശുഭാപ്തിവിശ്വാസമുണ്ട്. എന്നാൽ ഇത് നൂറു ശതമാനം ഉറപ്പാണ് എന്ന് എനിക്ക് പറയാൻ കഴിയുമോ? ഇല്ല. കരാർ ഹമാസ് പാലിക്കുന്നില്ലെങ്കിൽ, വളരെ മോശം കാര്യങ്ങൾ സംഭവിക്കും. എന്നാൽ ഇതുവരെ യുഎസ് പ്രസിഡന്റ് ചെയ്യാൻ വിസമ്മതിച്ച കാര്യം, അതായത് എല്ലാ ഇസ്രായേൽ ബന്ദികളുടെയും മൃതദേഹങ്ങൾ തിരികെ എത്തിക്കുന്നതിന് വ്യക്തമായ സമയപരിധി നിശ്ചയിക്കുന്നത്, ഞാൻ ചെയ്യില്ല. കാരണം, ഈ കാര്യങ്ങളിൽ പലതും പ്രയാസകരമാണ്,” വാൻസ് പറഞ്ഞു.

ബെന്യാമിൻ നെതന്യാഹുവുമായി വാൻസ് കൂടിക്കാഴ്ച നടത്തും. മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് വാൻസ് ഇസ്രായേലിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, മരുമകൻ ജറീദ് കഷ്‌നർ എന്നിവരും ഇസ്രായേലിലുണ്ട്. വെടിനിർത്തലിനിടെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ എൺപതിലേറെ പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. ഇന്നലെയും പതിമൂന്ന് പലസ്തീൻകാർ കൊല്ലപ്പെട്ടു.

മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകാൻ വൈകുന്നുവെന്ന് കാട്ടി ഗാസയിൽനിന്ന് ഈജിപ്തിലേക്കുള്ള റഫ ഇടനാഴി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടഞ്ഞു കിടക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കരാർ ലംഘിച്ചെന്ന് പരസ്പരം ആരോപിക്കുന്നുണ്ടെങ്കിലും വെടിനിർത്തലിനോടുള്ള പ്രതിബദ്ധത ഇസ്രായേലും ഹമാസും ആവർത്തിക്കുന്നുണ്ട്.

വെടിനിർത്തൽ രണ്ടാം ഘട്ടത്തിന്റെ വിജയം ഇരു കൂട്ടരുടെയും നിലപാടിനെ ആശ്രയിച്ചിരിക്കുമെന്നതിനാൽ വരും ദിവസങ്ങൾ നിർണായകമാണ്. അതേസമയം, ചർച്ചകൾ പുനർനിർമ്മാണ ഘട്ടത്തിലേക്ക് കടക്കുന്നതിനു മുൻപ് ഹമാസിനെ നിരായുധീകരിക്കണമെന്ന് യുഎസിനുമേൽ ഇസ്രായേൽ സമ്മർദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കരാർ ലംഘിച്ചാൽ ഹമാസിനെ ‘ഉന്മൂലനം’ ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഗാസയിലേക്ക് ഭക്ഷണം എത്തിക്കുന്നതിനായി തെക്കൻ ഗാസയിൽ രണ്ട് പാതകൾ മാത്രമാണ് ഇസ്രായേൽ തുറന്നിരിക്കുന്നത്. പട്ടിണി പടർന്ന വടക്കൻ ഗാസയിലേക്ക് ഒറ്റ വഴിയും തുറന്നിട്ടില്ല. ദിവസവും രണ്ടായിരം ടൺ ഭക്ഷ്യവസ്തുക്കളെങ്കിലും വേണമെന്നാണ് യുഎൻ വേൾഡ് ഫൂഡ് പ്രോഗ്രാം വ്യക്തമാക്കിയത്. എന്നാൽ എഴുനൂറ്റി അമ്പത് ടൺ മാത്രമാണ് എത്തുന്നത്.

കരാർ പ്രകാരം ബന്ദികളുടെ പതിമൂന്ന് മൃതദേഹങ്ങളാണ് ഹമാസ് കൈമാറിയത്. പതിനഞ്ച് എണ്ണം കൂടി കൈമാറാനുണ്ട്. ഇസ്രായേൽ കൈമാറിയ പലസ്തീൻകാരുടെ നൂറ്റമ്പത് മൃതദേഹങ്ങളിൽ മുപ്പത്തിരണ്ട് എണ്ണം മാത്രമാണ് തിരിച്ചറിയാനായത്. തടവുകാർ കടുത്ത പീഡനം നേരിട്ടതിന്റെ അടയാളങ്ങൾ പരിശോധനയിൽ കണ്ടെത്തിയതായി ഡോക്ടർമാർ പറഞ്ഞു. ഇസ്രായേൽ ഗാസയിൽ നടത്തിയത് വംശഹത്യയിൽ കുറഞ്ഞൊന്നുമല്ലെന്ന് ഖത്തർ വ്യക്തമാക്കി.

Gaza peace deal in crisis; US Vice President J.D. Vance’s team in Israel

Share Email
LATEST
More Articles
Top