കെയ്റോ : ഗാസയിൽ സമാധാനം സ്ഥാപിക്കാനായി അമേരിക്ക മുൻകൈ എടുത്ത് തയാറാക്കിയ ഇസ്രയേൽ _ഹ മാസ് സമാധാന കരാറിന്റെ ഭാഗമായി ഈജിപ്തിൽ ഇന്ന് നടക്കുന്ന ഉച്ചകോടിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻനെതന്യാഹുവോ അദ്ദേഹത്തിന്റെ പ്രതിനിധിയോ പങ്കെടുക്കില്ല. അന്താരാഷ്ട്ര വാർത്താ ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപ് മുന്നോട്ടുവച്ചതും ഇസ്രയേലും ഹമാസും അംഗീകരിച്ചതുമായ ഇരുപതിന പദ്ധതി ചർച്ച ചെയ്യാനനാണ് രാജ്യാന്തര ഉച്ചകോടി ഈജിപ്തിൽ നടക്കുന്നത്.
ഈജിപ്‌തിലെ ഷാമെൽ ഷെയ്ഖിൽ ട്രംപിന്റെയും ഈജിപ്‌ത് പ്രസിഡൻ്റ് അബ്‌ദുൽ ഫത്താ അൽ സിസിയുടെയും സംയുക്ത അധ്യക്ഷതയിലാണ് ലോകനേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടി. എന്നാൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇസ്രയേലിൽ നിന്ന് ആരെയും അയയ്ക്കില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിൻ്റെ വക്‌താവ് ഷോഷ് ബെഡ്രോസിയൻ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പിയോടു പ്രതികരിച്ചു.
ബ്രിട്ടിഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ, തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ, ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചെസ്, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോ , യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ കർമപദ്ധതിക്കൊപ്പം പശ്ചിമേഷ്യയിൽ സുസ്‌ഥിരമായ സമാധാനം പുലർന്നു കാണുന്നതിനു വേണ്ട നടപടികളും ഉച്ചകോടി സമഗ്രമായി ചർച്ചചെയ്യും.
Gaza peace summit: Netanyahu and Israeli representatives will not attend













