വാഷിങ്ടൺ: വെടിനിർത്തൽ ധാരണ ഹമാസ് ലംഘിച്ചാൽ പോരാട്ടം പുനരാരംഭിക്കാൻ ഇസ്രയേലിന് അനുമതി നൽകുന്നത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിഗണിക്കുമെന്ന് വ്യക്തമാക്കി. ‘ഞാൻ ഒരു വാക്ക് പറഞ്ഞാൽ ഇസ്രയേൽ വീണ്ടും ആ തെരുവുകളിലേക്ക് ഇറങ്ങും. ഹമാസ് നിരായുധീകരണം നടപ്പാക്കണം. ആ ഉദ്യമത്തിൽ ഇസ്രയേലിന് എല്ലാ പിന്തുണയും നൽകും. ഹമാസിനെ ആയുധമുക്തമാക്കാൻ യുഎസ് സൈന്യത്തിന്റെ ആവശ്യമില്ല,’ ട്രംപ് പറഞ്ഞു.
രണ്ടു വർഷമായി തുടരുന്ന യുദ്ധത്തിന് അവസാനം കുറിച്ച് ഇക്കഴിഞ്ഞ 13നാണ് ഗാസ സമാധാന കരാർ ഒപ്പിട്ടത്. ഈജിപ്തിലെ ഷാം എൽ ഷെയ്ഖിൽ ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയുടെയും അധ്യക്ഷതയിൽ ഇരുപതോളം ലോകനേതാക്കൾ പങ്കെടുത്ത ഉച്ചകോടിയിലാണ് സമാധാന കരാർ ഒപ്പുവെച്ചത്. കരാർപ്രകാരം ഇസ്രയേൽ സൈന്യം പിൻവാങ്ങിയതോടെ ഗാസയിൽ പിടിമുറുക്കിയ ഹമാസ്, വിമതവിഭാഗത്തിൽപ്പെട്ട ഏഴുപേരെ തെരുവിൽ പരസ്യമായി വെടിവെച്ചുവീഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കരാർപ്രകാരം ഹമാസ് നിരായുധീകരണം നടപ്പാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്.
അതേസമയം, ഗാസ മുനമ്പിനെയും ഈജിപ്തിനെയും വേർതിരിക്കുന്ന റഫ ഇടനാഴി തുറക്കാൻ ഇസ്രയേൽ സമ്മതിച്ചു. ഇതോടെ ഗാസയിലേക്കുള്ള സഹായവുമായി കൂടുതൽ ട്രക്കുകൾ ഇവിടേക്ക് എത്തിത്തുടങ്ങി. ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുകൊടുക്കാൻ ഹമാസ് വൈകുന്നുവെന്ന പേരിൽ റഫ ഇടനാഴി തുറന്നുകൊടുക്കാൻ ഇസ്രയേൽ നേരത്തെ വിസമ്മതിച്ചിരുന്നു. റഫയിൽ യൂറോപ്യൻ യൂണിയന്റെ ദൗത്യ സംഘത്തെ നിയോഗിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇടനാഴി കടക്കാനെത്തുന്നവർക്ക് എന്തു നിയന്ത്രണമാണ് ഏർപ്പെടുത്തുന്നതെന്ന് വ്യക്തമല്ല.
തിങ്കളാഴ്ച നാലു ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രയേലിനു കൈമാറിയ ഹമാസ്, ചൊവ്വാഴ്ച നാലു പേരുടെ മൃതദേഹങ്ങൾ കൂടി വിട്ടുനൽകി. ഇതിൽ ഒരാൾ ബന്ദിയല്ലെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു. പലസ്തീൻകാരായ 45 പേരുടെ മൃതദേഹങ്ങൾ ഇസ്രയേൽ ചൊവ്വാഴ്ച കൈമാറി. എന്നാൽ ഇവർ ഇസ്രയേലിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചതാണോ അതോ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം ഏറ്റെടുത്ത് സൂക്ഷിച്ചിരുന്നതാണോയെന്ന് വ്യക്തമല്ല. 90 പലസ്തീൻകാരുടെ മൃതദേഹങ്ങളാണ് ഇതിനകം കൈമാറിയത്. കരാർ പ്രകാരം പലസ്തീൻകാരായ 360 പേരുടെ മൃതദേഹങ്ങൾ ഇസ്രയേൽ കൈമാറേണ്ടതുണ്ട്.
Gaza: Trump says Israel will be allowed to resume fighting if Hamas violates deal