തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ പരിശോധനയിൽ സ്വർണവും പണവും പാളിയുമായി ബന്ധപ്പെട്ട നിർണായക രേഖകളും പിടിച്ചെടുത്തു. തിരുവനന്തപുരം കിളിമാനൂർ പുളിമാത്തെ പോറ്റിയുടെ വസതിയിൽ ഇന്നലെ വൈകീട്ട് ആരംഭിച്ച റെയ്ഡ് അർദ്ധരാത്രിയോടെയാണ് അവസാനിച്ചത്
പരിശോധനയിൽ കണ്ടെത്തിയത്:
ആഭരണങ്ങളുടെ രൂപത്തിലുള്ള സ്വർണമാണ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നത്. എന്നാൽ ഇതിന് കൃത്യമായ രേഖകൾ ഹാജരാക്കാൻ കുടുംബത്തിന് സാധിച്ചിട്ടില്ല. ഇവ കേസിൽ കവർച്ച ചെയ്യപ്പെട്ട സ്വർണമാണോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. പിടിച്ചെടുത്തവ തങ്ങൾ ഉപയോഗിക്കുന്ന ആഭരണങ്ങളാണെന്നാണ് കുടുംബാംഗങ്ങൾ മൊഴി നൽകിയത്. ശ ബരിമലയിലെ സ്വർണപ്പാളികളുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
കോടിക്കണക്കിന് രൂപയുടെ ഭൂമിയിടപാട് രേഖകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഭൂമിയിടപാടുകൾ സ്വർണക്കൈമാറ്റത്തിൻ്റെ പ്രതിഫലമായി നടന്നതാണെന്നാണ് എസ്ഐടിയുടെ നിഗമനം.
പലിശയ്ക്ക് പണം നൽകിയതിൻ്റെ രേഖകൾ: നിയമവിരുദ്ധമായി വട്ടിപ്പലിശയ്ക്ക് പണം നൽകിയിരുന്നതിൻ്റെ രേഖകളും, അതുമായി ബന്ധപ്പെട്ട് കൈവശപ്പെടുത്തിയ ആധാരങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ പോറ്റിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നിലവിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. തുടർന്ന് ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പും നടത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
സ്വർണം ചെമ്പാക്കി മാറ്റിയതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നതായും, താനും സുഹൃത്ത് കൽപേഷും ഉൾപ്പെടെ അഞ്ച് പേർ ഗൂഢാലോചനയിൽ പങ്കെടുത്തതായും ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ മൊഴി നൽകിയിരുന്നു. പോറ്റിയിൽ നിന്ന് ലഭിച്ച സാമ്പത്തിക, ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.













