ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളുടെ സ്വർണം പൂശിയ പാളി പുനഃസ്ഥാപിച്ചു

ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളുടെ സ്വർണം പൂശിയ പാളി പുനഃസ്ഥാപിച്ചു

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ പാളികൾ പുനഃസ്ഥാപിച്ചു. അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ ശേഷമാണ് സ്വർണപ്പാളികൾ തിരികെയെത്തിച്ച് സ്ഥാപിച്ചത്. തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നതിന് പിന്നാലെയാണ് ശിൽപ പാളികൾ പുനഃസ്ഥാപിച്ചത്. സാധാരണയായി അഞ്ചുമണിക്ക് തുറക്കുന്ന നട സ്വർണപ്പാളികൾ ഘടിപ്പിക്കുന്നതിനായി നാലുമണിക്ക് തന്നെ തുറക്കുകയായിരുന്നു.

ശബരിമലയിൽ സ്വർണക്കൊള്ള വിവാദങ്ങൾക്കിടെയാണ് മാസ പൂജകൾക്കായി നട തുറന്നത്. നട തുറന്നതിനുശേഷം ശബരിമല ശ്രീകോവിലിന്റെ മുന്നിൽ ഇരുവശങ്ങളിലുമുളള ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളികൾ ഘടിപ്പിച്ചു. ആദ്യം വലതുവശത്തെ ശിൽപത്തിലെ പാളിയും തുടർന്ന് ഇടതുവശത്തെ ശിൽപത്തിലെ പാളിയുമാണ് ഉറപ്പിച്ചത്. രണ്ട് ദ്വാരപാലക ശിൽപങ്ങളിലുമായി ആകെ 14 സ്വർണപ്പാളികളാണ് പുനഃസ്ഥാപിച്ചത്.

അതിനിടെ, ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യ ആസൂത്രകരിൽ ഒരാളായ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഈ മാസം 30 വരെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (എസ്‌ഐടി) കസ്റ്റഡിയിൽ വിട്ടു. റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രഹസ്യമായാണ് കസ്റ്റഡി നടപടികൾ പൂർത്തിയാക്കിയത്. മജിസ്‌ട്രേറ്റ്, പ്രതി, പ്രോസിക്യൂഷൻ, പ്രതിഭാഗം അഭിഭാഷകൻ, അന്വേഷണ ഉദ്യോഗസ്ഥർ, കോടതിയിലെ പ്രധാന ജീവനക്കാർ എന്നിവർ മാത്രമാണ് കോടതി മുറിയിൽ ഉണ്ടായിരുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കട്ടിളപ്പാളിയിൽ സാമ്പത്തിക ലാഭം ഉണ്ടാക്കാൻ സാധിച്ചില്ലെന്നാണ് പോറ്റി മൊഴി നൽകിയിരിക്കുന്നത്. “സ്വർണ്ണം പൂശി വന്നപ്പോൾ മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായി. പിന്നീട് ദ്വാരപാലക പാളികൾ കൊണ്ടുപോയി സ്വർണം തട്ടാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചു. സ്വർണം ചെമ്പുപാളികളായി എഴുതാൻ ഉദ്യോഗസ്ഥർ സഹായിച്ചു” എന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. ഗൂഢാലോചനയിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും, മോഷ്ടിച്ച സ്വർണം ഉദ്യോഗസ്ഥർക്ക് വീതിച്ച് നൽകിയെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പത്ത് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Gold plating of Dwarapalaka sculptures at Sabarimala restored

Share Email
LATEST
More Articles
Top