തിരുവനന്തപുരം: നിക്ഷേപകരെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയുമായി വിദേശത്തേക്ക് കടന്ന ഗോൾഡൻവാലി നിധി കമ്പനി ഉടമയെ തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തു. തൈക്കാട് ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൻ്റെ ഉടമയായ താര കൃഷ്ണയെയാണ് പോലീസ് ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്. രണ്ടാം പ്രതിയായ കെ ടി തോമസിനുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി തിരുവനന്തപുരം ഡി സി പി ടി ഫറാഷ് അറിയിച്ചു.
ഗോൾഡൻവാലി നിധി എന്ന പേരിൽ തൈക്കാട്, കാട്ടാക്കട, ആര്യനാട്, പട്ടം, തിരുമല, ഹരിപ്പാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവർ സ്ഥാപനം നടത്തിയിരുന്നത്. സ്വർണവായ്പയും സ്ഥിര അക്കൗണ്ടുകളും വഴി വലിയ തോതിൽ പണം സമാഹരിച്ചു. ഒരു വർഷത്തിലേറെയായി നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാത്ത അവസ്ഥ വന്നതോടെ, നിക്ഷേപകർ സമീപിച്ചപ്പോൾ സമയം നീട്ടിവാങ്ങി താരയും തോമസും വിദേശത്തേക്ക് മുങ്ങുകയായിരുന്നു.
നിക്ഷേപകരുടെ പരാതിയെ തുടർന്ന് തമ്പാനൂർ പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. താരയും ഭർത്താവ് രാധാകൃഷ്ണനും വിദേശത്തുനിന്ന് ബെംഗളൂരു വഴി വരുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം താരയെ വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
നിലവിൽ തിരുമല, പട്ടം, ഹരിപ്പാട് ശാഖകൾ പൂട്ടിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തൈക്കാട്, കാട്ടാക്കട, ആര്യനാട് ശാഖകളിൽനിന്നും നിരവധി പേർക്ക് തുക തിരികെ നൽകാനുണ്ട്. പരാതികൾ വ്യാപകമായതിനെ തുടർന്ന് ആറുമാസം മുൻപ് പ്രതികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. പ്രതിക്കെതിരെ കാട്ടാക്കട പോലീസ് രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം ആരംഭിച്ചതായി കാട്ടാക്കട എസ് എച്ച് ഓ അറിയിച്ചു.
Golden Valley Nidhi company owner arrested for defrauding investors













