ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തിപ്പെട്ടതോടെ ജനപ്രിയ വാഗ്ദാനങ്ങളുമായി മഹാസഖ്യത്തിന്റെ പ്രകടനപത്രിക ‘തേജസ്വി പ്രതിജ്ഞാ പത്ര’ പ്രകാശനം ചെയ്തു. അധികാരത്തിലെത്തിയാൽ ഇരുപത് ദിവസത്തിനകം ഓരോ കുടുംബത്തിലെയും ഒരംഗത്തിന് സർക്കാർ ജോലി നിയമം മൂലം അവകാശമാക്കുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം. സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം, പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ എന്നിവയും പ്രകടനപത്രിക ഉറപ്പുനൽകുന്നു. അതേസമയം, രാഹുല്‍ ഉന്നയിച്ച വോട്ടുചോരി ആരോപണങ്ങള്‍ അടക്കം പ്രകടനപത്രികയില്‍ ഇല്ല.
ആർ.ജെ.ഡി. അധ്യക്ഷൻ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജനപ്രിയ വാഗ്ദാനങ്ങളുൾപ്പെടുത്തി മഹാസഖ്യം പ്രകടനപത്രിക പുറത്തിറക്കിയത്. ആർജെഡി, കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പട്നയിൽ നടന്ന ചടങ്ങിലാണ് ‘തേജസ്വി പ്രതിജ്ഞാ പ്രാൺ’ എന്ന പ്രകടനപത്രിക പ്രകാശനം ചെയ്തത്. ആർജെഡി നേതാവും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ്, കോൺഗ്രസ് നേതാവ് പവൻ ഖേര, വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) തലവൻ മുകേഷ് സഹാനി, സിപിഐ(എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കെടുത്തില്ല. എൻ.ഡി.എയുടെ പ്രകടനപത്രിക ഒക്ടോബർ 30-ന് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ ഓരോ കുടുംബത്തിലെയും ഒരാൾക്ക് വീതം സർക്കാർ ജോലി നൽകുന്ന നിയമം പാസാക്കുമെന്നാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. ‘മായി-ബെഹിൻ മാൻ യോജന’ പ്രകാരം ഡിസംബർ 1 മുതൽ അടുത്ത അഞ്ചു വർഷത്തേക്ക് സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം ലഭ്യമാക്കുമെന്നും മഹാസഖ്യം ഉറപ്പുനൽകുന്നു. വഖഫ് (ഭേദഗതി) ബിൽ നിർത്തിവയ്ക്കുമെന്നും വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് സുതാര്യമാക്കുമെന്നും പത്രികയിൽ പറയുന്നുണ്ട്.
നവംബർ 6-നും നവംബർ 11-നുമായി രണ്ടു ഘട്ടങ്ങളിലായാണ് ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 14-നാണ് വോട്ടെണ്ണൽ. നിലവിലെ ധാരണ പ്രകാരം, ആർജെഡി 143 സീറ്റുകളിലും, കോൺഗ്രസ് 61 സീറ്റുകളിലും, വിഐപി 15 സീറ്റുകളിലും, ഇടതുപാർട്ടികൾ 33 സീറ്റുകളിലും, ഇന്ത്യൻ ഇൻക്ലൂസീവ് പാർട്ടി ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. 10 സീറ്റുകളിൽ ഇന്ത്യ സഖ്യകക്ഷികൾ തമ്മിൽ സൗഹൃദ മത്സരം നടക്കുന്നുണ്ട്. ആകെ 243 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
വോട്ടുചോരി അടക്കം ഇല്ല, പകരം ജനപ്രിയ പദ്ധതി
അതേസമയം, രാഹുല്‍ ഗാന്ധിയെ പാടെ അവഗണിച്ച് വീണ്ടും തേജസ്വി യാദവിന്റെ ഏകാധിപത്യമാണ് മഹാസഖ്യത്തില്‍ നടക്കുന്നത് എന്നും വിമര്‍ശനമുണ്ട്. ചൊവ്വാഴ്ച മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കുമ്പോഴും വേദിയില്‍ മഹാസഖ്യത്തിന്റെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് രാഹുല്‍ ഗാന്ധിയുണ്ടായില്ല. രാഹുല്‍ ഉന്നയിച്ച വോട്ടുചോരി ആരോപണങ്ങള്‍ അടക്കം പ്രകടനപത്രികയില്‍ ഇല്ല. പകരം ജനപ്രിയ സാധനങ്ങളാണ് ഉള്ളത്.
ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപക്ഷം എന്നിവ ഉള്‍പ്പെടുന്ന ബീഹാറിലെ മഹാഗത്ബന്ധന്‍. തൊഴിലവസരങ്ങള്‍, നീതി, ഭരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രകടന പത്രികയാണ് മഹാസഖ്യം പുറത്തിറക്കിയത്. ‘ന്യായ്, റോസ്ഗര്‍ ഔര്‍ സമ്മാന്‍’ (നീതി, തൊഴില്‍, അന്തസ്സ്) എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയില്‍ ബീഹാറിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളിവര്‍ഗത്തിനുമാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് മഹാസഖ്യത്തിന്റെ അവകാശവാദം. അധികാരത്തിലെത്തി 20 ദിവസത്തിനുള്ളില്‍ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നാണ് മഹാ സഖ്യത്തിന്റെ വാഗ്ദാനം. സംസ്ഥാന തൊഴില്‍ കമ്മീഷന്‍, അടച്ചുപൂട്ടിയ വ്യവസായങ്ങളുടെ പുനരുജ്ജീവനം എന്നിവയിലൂടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.
അതേസമയം, തേജസ്വിയുടെ പ്രകടന പത്രികയില്‍ ഏറെയും നടക്കാന്‍ പോവാത്ത കാര്യങ്ങള്‍ ആണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാവും. പക്ഷേ ബിഹാറിനെ വോട്ട് പൊളിറ്റിക്സില്‍ അത് വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവിധ അഭിപ്രായ സര്‍വേകളില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് ബിഹാറിലെന്നാണ് പറയുന്നത്
Government job for one person in the family; Rs 2,500 monthly financial assistance for women: Grand alliance’s leader in Bihar makes ‘big promises’










