ഒരു മണിക്കൂറിൽ 190 പേരെ സുന്ദരന്മാരാക്കി ബാർബർമാർ, ഗിന്നസ് നേട്ടം; പുതിയൊരു മത്സര വിഭാഗത്തിനു തുടക്കം

ഒരു മണിക്കൂറിൽ 190 പേരെ സുന്ദരന്മാരാക്കി ബാർബർമാർ, ഗിന്നസ് നേട്ടം; പുതിയൊരു മത്സര വിഭാഗത്തിനു തുടക്കം

ദുബൈ: ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടംപിടിക്കുന്നതിനായി വ്യത്യസ്തമായ ഒരു റെക്കോർഡ് പ്രകടനത്തിന് ദുബൈ വേൾഡ് ട്രേഡ് സെന്റർ വേദിയായി. ഒരു മണിക്കൂർ കൊണ്ട് ഏറ്റവും കൂടുതൽ പേരെ ഷേവ് ചെയ്തും താടിവെട്ടിയും ജിസിസി രാജ്യങ്ങളിലെയും ലെബനനിലെയും ബാർബർമാർ പുതിയ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചു.

ബ്യൂട്ടി വേൾഡ് മിഡിൽ ഈസ്റ്റ് 2025-ൻ്റെ ഭാഗമായാണ് ഈ റെക്കോർഡ് പ്രകടനം സംഘടിപ്പിച്ചത്. 48 ബാർബർമാരാണ് പരിപാടിയിൽ പങ്കെടുത്തത്. വെറും ഒരു മണിക്കൂർ സമയം കൊണ്ട് 190 പേരുടെ താടിവെട്ടാനും ഷേവ് ചെയ്യാനും ഈ സംഘത്തിന് കഴിഞ്ഞു. ഇതോടെ, ഗിന്നസ് വേൾഡ് റെക്കോഡിൽ പുതിയൊരു മത്സര വിഭാഗത്തിനു കൂടിയാണ് ഇവർ തുടക്കം കുറിച്ചത്.

ഓരോ വ്യക്തിയുടെയും താടിവെട്ടാൻ 19 സെക്കൻഡ് എന്ന സമയപരിധിയാണ് നിശ്ചയിച്ചിരുന്നത്. 24 ഗ്രൂമിങ് സ്റ്റേഷനുകളിലായി തിരിച്ചാണ് ബാർബർമാർ പ്രവർത്തിച്ചത്. ഓരോ ടീമിലും ഒരു സ്റ്റൈലിസ്റ്റും ഒരു സഹായിയും ഉണ്ടായിരുന്നു. ഇവരുടെ വേഗത, ഏകോപനം, വൈദഗ്ധ്യം എന്നിവയാണ് റെക്കോഡിലൂടെ ലോകത്തിന് മുന്നിൽ പ്രകടമായത്. നാല് ഉപഭോക്താക്കളെ വീതമാണ് ഓരോ ബാർബറിനും നൽകിയിരുന്നത്. ബാർബർമാർ താടിവെട്ടാനും ഷേവ് ചെയ്യാനും എടുത്ത സമയം ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തു.

ആവേശഭരിതരായ ജനക്കൂട്ടത്തിനു മുമ്പിൽ തങ്ങളുടെ കരവിരുതും ടീം വർക്കിനോടുള്ള അഭിനിവേശവും പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ ബാർബർമാർ സന്തോഷം പ്രകടിപ്പിച്ചു. രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായാണ് താടിവെട്ടലും ഷേവിംഗും നൽകിയത്.

Guinness World Record: Barbers in Dubai Shave and Trim 190 People in One Hour

Share Email
More Articles
Top