വാഷിങ്ടൻ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന ആവശ്യവുമായി ഗാസയിലെ ബന്ദികളുടെ കുടുംബങ്ങളുടെ കൂട്ടായ്മ. ‘ഹോസ്റ്റേജസ് ആൻഡ് മിസ്സിങ് ഫാമിലീസ് ഫോറം’ എന്ന കൂട്ടായ്മ നൊബേൽ കമ്മിറ്റിക്ക് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഈ നീക്കം.
കഴിഞ്ഞ ഒരു വർഷത്തിനിടെ ലോകസമാധാനത്തിന് ഡൊണാൾഡ് ട്രംപിനെക്കാൾ കൂടുതൽ സംഭാവന നൽകിയ മറ്റൊരു നേതാവോ സംഘടനയോ ഇല്ലെന്ന് കത്തിൽ പറയുന്നു. “മാസങ്ങൾക്കുശേഷം ആദ്യമായി, ബന്ദികളെ സംബന്ധിച്ച ഞങ്ങളുടെ ദുഃസ്വപ്നം അവസാനിക്കുമെന്ന് പ്രതീക്ഷ കൈവന്നിരിക്കുന്നു. ആഗോള സമാധാനത്തിന് നൽകിയ അഭൂതപൂർവമായ സംഭാവനകളെ മാനിച്ച് ഡോണാൾഡ് ട്രംപിന് നൊബേൽ സമ്മാനം നൽകണം,” എന്നാണ് അവരുടെ ആവശ്യം.
ബന്ദികളുടെ കൂട്ടായ്മ അയച്ച കത്തിലെ പ്രസക്തഭാഗങ്ങൾ: “അവസാന ബന്ദിയെയും വീട്ടിലേക്ക് കൊണ്ടുവരുന്നതുവരെ, യുദ്ധം അവസാനിക്കുന്നതുവരെ, ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും പുനഃസ്ഥാപിക്കുന്നതുവരെ ഡൊണാൾഡ് ട്രംപ് വിശ്രമിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. പ്രസിഡന്റായുള്ള സ്ഥാനാരോഹണ നിമിഷം മുതൽ അദ്ദേഹം നമുക്ക് വെളിച്ചം കൊണ്ടുവന്നു. പലരും സമാധാനത്തെക്കുറിച്ച് വാചാലമായി സംസാരിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം അതിനുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. അവസാനത്തെ ബന്ദിയും നാട്ടിലേക്ക് മടങ്ങുന്നതുവരെ താൻ വിശ്രമിക്കില്ലെന്നാണ് ട്രംപ് പ്രതിജ്ഞയെടുത്തിരിക്കുന്നത്.”
The Hostages and Missing Families Forum in Gaza has written to the Nobel Committee urging them to award the Nobel Peace Prize to US President Donald Trump