തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴമുന്നറിയിപ്പ്. അറബിക്കടലിൽ കേരള തീരത്തോടടുത്തുള്ള തീവ്രന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്ന ന്യൂനമർദവും കാരണം കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മഴ അതിശക്തമാകും. കേരളത്തിൽ പലയിടത്തും മിന്നൽപ്രളയങ്ങൾക്കും സാധ്യതയുണ്ട്.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലേർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
അതേസമയം തുലാവർഷക്കെടുതിയൽ വലഞ്ഞിരിക്കുകയാണ് സംസ്ഥാനത്തെ മലയോര മേഖലകൾ. വടക്കൻ കേരളത്തിൽ പരക്കെ മഴ തുടരുകയാണ്.
കോഴിക്കോട് നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പറപ്പാറ സ്വദേശി സുനീറ(43)യാണ് മരിച്ചത്. വൈകിട്ട് വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഭർത്താവ് : റിയാസ്, പിതാവ് : പരേതനായ കുഞ്ഞഹമ്മദ്, മാതാവ് : നസീമ, മക്കൾ : നസ്മിയ, ജാസ്മിയ
പാലക്കാട് കുറ്റനാട് ഇടിമിന്നലേറ്റ് യുവതിയ്ക്ക് പരുക്കേറ്റു. മലപ്പുറം വഴിക്കടവിൽ കലക്കൻ പുഴ നിറഞ്ഞൊഴുകി കൃഷിയിടങ്ങൾ വെള്ളം കയറി. പൂവത്തിപൊയിലിൽ കോഴി ഫാമിൽ വെള്ളം കയറി കോഴികൾ ചത്തു. താമരശ്ശേരിയിൽ ഇടിമിന്നേറ്റ് വീട്ടുപകരണങ്ങൾ കത്തി നശിച്ചു.
വയനാട് പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഇടിമിന്നലേറ്റ് നാലുപേർക്ക് പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഗിരിജ സുരേഷ് (31 ) രാധ (36) ലത (2 6 )നിഷ (44) എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ കാലിന് നേരിയ പൊള്ളലേറ്റു. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ആരുടെയും പരുക്ക് ഗുരുതരമല്ല. മഴ പെയ്തപ്പോൾ അടുത്തുള്ള വീടിനകത്തേക്ക് കയറിയവർക്ക് വീടിന് അകത്തു വച്ചാണ് മിന്നലേറ്റത്.
ഇടുക്കി കട്ടപ്പന കുന്തളംപാറയിൽ ഉരുൾപ്പൊട്ടൽ. അതിഭയങ്കര ശബ്ദത്തോടെയുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ശക്തമായ മലവെള്ള പാച്ചിലിൽ റോഡുകളും കൃഷിയിടങ്ങളും ഒലിച്ച് പോയി. 2019ൽ ഉരുൾപൊട്ടലുണ്ടായ അതേ പ്രദേശത്താണ് ഉരുൾപൊട്ടലുണ്ടായത്. ശനിയാഴ്ച വെളുപ്പിന് ഒന്നരയോടെയാണ് ഉരുൾപ്പൊട്ടിയത്. വീടുകൾക്ക് മുന്നിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകിയെത്തി. ഉരുൾപ്പൊട്ടിയെത്തിയ പ്രദേശത്തെ റോഡുകളും കൃഷിയിടങ്ങളും ഒലിച്ച് പോയി. ആളപായമില്ല. ഇടുക്കിയിൽ വിവിധ മേഖലകളിൽ വെള്ളിയാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
ഇടുക്കി നെടുങ്കണ്ടത്ത് മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം. വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിൽ നെടുങ്കണ്ടം മേഖല വിറങ്ങലിച്ചു. തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിൽ കനത്ത മഴയായിരുന്നു. ചില മേഖലകളിൽ അഞ്ചുമണിക്കൂറോളം തോരാതെ മഴപെയ്തു.
നെടുങ്കണ്ടം കല്ലാർ പുഴയിൽ വെള്ളം ഉയർന്നതോടെ 300ലേറെ വീടുകളിലും നൂറിലേറെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ നിർത്തിയിട്ടിരുന്ന ട്രാവലർ, കാർ, ഓട്ടോറിക്ഷ ഉൾപ്പെടെ അഞ്ചു വാഹനങ്ങൾ ഒലിച്ചുപോയി.
ഇന്നലെ പുലർച്ചെ 4.30ന് കല്ലാർ ഡാമിൻറെ നാലു ഷട്ടറുകളും തുറന്നു. മുണ്ടിയെരുമയിൽ ഒരു വീട് പൂർണമായും വെള്ളത്തിൽ മുങ്ങി. വീട്ടുകാരെ ഭിത്തി തുരന്ന് വീടിൻറെ മുകളിലെത്തിച്ച് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
കനത്ത മഴയിൽ കുമളി, വണ്ടിപ്പെരിയാർ മേഖലകളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി.
Heavy rains in Kerala; Woman dies after being struck by lightning; many injured













