കൊച്ചി: ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. എ ഡി ജി പി എച്ച് വെങ്കടേശിന്റെ നേതൃത്വത്തിലുള്ള 5 അംഗ സംഘത്തെയാണ് ഹൈക്കോടതി പ്രത്യേക അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്. എസ് ഐ ടി യിൽ എസ് പി ശശിധരനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നും അന്വേഷണ റിപ്പോർട്ട് പുറത്ത് വിടരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ ടീമിലേക്ക് വിട്ട് നൽകാൻ കഴിയുമോ എന്ന് വെള്ളിയാഴ്ചയ്ക്കകം സർക്കാർ കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയംഅന്വേഷണ തീരുമാനം പൂർണ്ണമായും സ്വാഗതം ചെയ്യുന്നവെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. കോടതി ഇടപെടലിൽ വലിയ സന്തോഷമുണ്ടെന്നും പൂർണ്ണമായും സർക്കാർ സഹകരിക്കുമെന്നും മന്ത്രി വിവരിച്ചു. സർക്കാരിനോ ദേവസ്വം വകുപ്പിനോ സ്വർണപ്പാളി വിഷയത്തിൽ ഒരു പങ്കും ഇല്ല. തീർത്ഥാടന കാലത്ത് സഹായം ലഭ്യമാക്കൽ മാത്രമാണ് സർക്കാരും ദേവസ്വം വകുപ്പും ചെയ്യാറുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോർഡിന്റെ ഒരു പൈസ പോലും സർക്കാർ എടുക്കുന്നില്ലെന്നും ദേവസ്വം ബോർഡിനെ സാമ്പത്തികമായി സഹായിക്കാറേ ഉള്ളു എന്നും വാസവൻ വിശദീകരിച്ചു.