‘ബാക്കി വന്ന സ്വർണം എന്റെ കൈവശം’ – എ. പത്മകുമാറിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച മെയിൽ പുറത്ത്

‘ബാക്കി വന്ന സ്വർണം എന്റെ കൈവശം’ – എ. പത്മകുമാറിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച മെയിൽ പുറത്ത്

കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ദ്വാരപാലക ശിൽപങ്ങളിലും വാതിലിലും പൂശിയശേഷം ബാക്കിവന്ന സ്വർണം തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി, അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന് അയച്ച ഇ-മെയിൽ സന്ദേശമാണ് ഹൈക്കോടതി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ദേവസ്വത്തിന്റെ രേഖകൾ പരിശോധിക്കുന്നതിനിടെയാണ് ഈ മെയിൽ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) നിയോഗിക്കാൻ ഈ സന്ദേശം കാരണമായി. 2019-ൽ അയച്ച ഇ-മെയിലിൽ, സ്വർണം പൂശിയ ശേഷം കുറച്ച് സ്വർണം ബാക്കിയുണ്ടെന്നും അത് ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാൻ ആഗ്രഹമുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി പത്മകുമാറിനെ അറിയിച്ചു.

താൻ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽനിന്നാണ് സ്വർണം പൂശിയതെന്നും, ബാക്കിവന്ന സ്വർണം ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ വിവാഹാവശ്യത്തിന് ഉപയോഗിക്കാൻ അനുവദിക്കണമെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റി മെയിലിൽ ആവശ്യപ്പെട്ടത്.

ഈ ആവശ്യം സംബന്ധിച്ച് അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി അയച്ച ഒരു കത്തും കോടതി വഴി പുറത്തുവന്നിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആവശ്യത്തിൽ എന്ത് തീരുമാനമാണ് കൈക്കൊള്ളേണ്ടത് എന്ന തരത്തിലുള്ളതായിരുന്നു ആ കത്ത്. എന്നാൽ, ബാക്കി വന്നു എന്ന് പറയപ്പെടുന്ന സ്വർണം ബോർഡ് തിരിച്ചെടുത്തതായി രേഖകളില്ല എന്നത് ഞെട്ടിച്ചുവെന്ന് കോടതി വ്യക്തമാക്കി.

ഈ വീഴ്ചയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഇപ്പോൾ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ബോർഡിന്റെ ഈ സംശയാസ്പദമായ നടപടികളാണ് കേസിൽ വിശദമായ അന്വേഷണം ആവശ്യമാണ് എന്ന തീരുമാനത്തിലേക്ക് കോടതിയെ എത്തിച്ചത്. 2019-ൽ സ്വർണം പൂശലുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെല്ലാം പ്രതിക്കൂട്ടിലാണ്. സ്വർണം കുറഞ്ഞതായി അറിയാമായിരുന്ന ഉദ്യോഗസ്ഥർ ആ വിവരം ബോധപൂർവം മറച്ചുവെച്ചു എന്നാണ് കോടതി സംശയിക്കുന്നത്.

The Kerala High Court has revealed an email sent by sponsor Unnikrishnan Potti to the former TDB President A. Padmakumar

Share Email
LATEST
More Articles
Top