കൊച്ചി: എറണാകുളം സെന്റ് റീത്താസ് സ്കൂളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതികരണവുമായി കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ.) രംഗത്ത്. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള മതതീവ്രവാദ അജണ്ടകൾ അനുവദിച്ചു കൊടുക്കാനാവില്ലെന്ന് സി.ബി.സി.ഐ. ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ വ്യക്തമാക്കി.
യൂണിഫോമിന്റെ പേരിൽ സംഘടിത തീവ്രവാദത്തിലൂടെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂൾ അടച്ചിടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ജനാധിപത്യ മതേതരത്വ ഭരണ സംവിധാനത്തെ അവഹേളിക്കുന്നതും ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളെ വെല്ലുവിളിക്കുന്നതുമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം ഏതായിരിക്കണമെന്ന് നിശ്ചയിക്കുന്നതിന് മാനേജ്മെന്റിന് പൂർണ്ണാധികാരമുണ്ടെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് 2018-ൽ വിധി പ്രസ്താവിച്ചിട്ടുണ്ട്. കർണാടക ഹൈക്കോടതിയും 2022-ൽ സമാനമായ വിധി നടത്തി. മാനേജ്മെന്റ് നിശ്ചയിക്കുന്ന യൂണിഫോം ധരിക്കുവാൻ തയ്യാറല്ലാത്തവർക്ക് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്ഥാപനങ്ങളിലേക്ക് മാറാവുന്നതാണെന്നും കോടതി വ്യക്തമാക്കുമ്പോൾ, നിയമ-നീതി സംവിധാനങ്ങളെപ്പോലും നിഷ്പ്രഭമാക്കി വെല്ലുവിളിക്കാൻ ചില മത തീവ്രവാദ സംഘങ്ങൾ ആസൂത്രിതമായി ശ്രമിക്കുന്നത് എന്തു വിലകൊടുത്തും എതിർക്കുവാൻ രാഷ്ട്രീയ, മത, സാമുദായിക നേതൃത്വങ്ങൾ മുന്നോട്ടുവരണം. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ ബോധപൂർവമായ മൗനം തീവ്രവാദ അടിമത്വവും നിർഭാഗ്യകരവുമാണെന്നും സെബാസ്റ്റ്യൻ കുറ്റപ്പെടുത്തി.
2019 ഏപ്രിൽ 14-ന് മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി (എം.ഇ.എസ്.) പോലും ആധുനികതയുടെ പേരിലോ മതാചാരപ്രകാരമോ വസ്ത്രധാരണങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദനീയമല്ലെന്ന് സർക്കുലറിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പൊതുവായ യൂണിഫോം ഒഴിവാക്കി മതപരമായ വസ്ത്രധാരണ രീതി ആവശ്യപ്പെടുന്നതിന്റെ പിന്നിൽ ബോധപൂർവമായ അജണ്ടകളുണ്ട്. ഇത്തരം തീവ്രവാദ ‘ടെസ്റ്റ് ഡോസുകൾ’ അംഗീകരിച്ചാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭാവിയിൽ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളായി മാറും.
യൂണിഫോം സമത്വത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമാണ്. വളരുന്ന തലമുറയിൽ സാഹോദര്യവും പരസ്പര സ്നേഹവും ദേശബോധവും വളർത്തിയെടുത്ത് സമൂഹത്തിന്റെ ചാലകശക്തികളായി രൂപപ്പെടുത്തുവാൻ ഉത്തരവാദിത്വപ്പെട്ടവർ അവരെ മതത്തിന്റെയും വർഗീയതയുടെയും തീവ്രവാദത്തിന്റെയും ചട്ടുകങ്ങളാക്കുവാൻ വിട്ടുകൊടുക്കരുതെന്നും, പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലുണ്ടായ സംഭവങ്ങൾ കേരളത്തിൽ ഒരിടത്തും ആവർത്തിക്കുവാൻ അനുവദിക്കില്ലെന്നും, ഭാവി തലമുറയെ ബലിയാടാക്കിയുള്ള ഇത്തരം തീവ്രവാദ കടന്നാക്രമങ്ങളെ എന്തുവിലകൊടുത്തും എതിർക്കുമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിജാബ് ധരിച്ച് സ്കൂളിലെത്തുകയായിരുന്നു. എന്നാൽ, ഇത് സ്കൂൾ യൂണിഫോമിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി മാനേജ്മെന്റ് അനുമതി നിഷേധിച്ചു. ഇതിനെത്തുടർന്ന് പുറത്തുനിന്നുള്ളവർ സ്കൂളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി മാനേജ്മെന്റ് ആരോപിച്ചിരുന്നു. തുടർന്ന്, സ്കൂളിന് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും, ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, അന്വേഷണത്തിനു ശേഷം കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
Hijab controversy: CBCI says religious extremist agendas targeting Christian educational institutions cannot be allowed.











