ചൈനയിലേക്കുള്ള സോയാബീൻ കയറ്റുമതിയിൽ വമ്പൻ ഇടിവ്, അമേരിക്കക്ക് ഞെട്ടൽ; നാലാഴ്ചക്കുള്ളിൽ ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്

ചൈനയിലേക്കുള്ള സോയാബീൻ കയറ്റുമതിയിൽ വമ്പൻ ഇടിവ്, അമേരിക്കക്ക് ഞെട്ടൽ; നാലാഴ്ചക്കുള്ളിൽ ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി അടുത്ത നാലാഴ്ചയ്ക്കുള്ളിൽ കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചു. ചൈനയിലേക്കുള്ള യുഎസ് സോയാബീൻ കയറ്റുമതി പുനരാരംഭിക്കുന്നതിനെക്കുറിച്ചാകും പ്രധാന ചർച്ച. തീരുവ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചൈന സോയാബീൻ വാങ്ങൽ നിർത്തിയത് യുഎസ് കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ മാസം അവസാനം ദക്ഷിണ കൊറിയയിൽ നടക്കുന്ന അപെക്ക് യോഗത്തിനിടെ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.

ചൈനയുടെ സോയാബീൻ വാങ്ങൽ നിർത്തലിന്റെ ഭാഗമായി യുഎസ് കർഷകർ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. വിലപേശലിന്റെ തന്ത്രമായാണ് ചൈന ഈ നീക്കം നടത്തിയതെന്ന് ട്രംപ് ആരോപിച്ചു. കഴിഞ്ഞ രണ്ട് മാസമായി ചൈന യുഎസിൽ നിന്ന് സോയാബീൻ ഇറക്കുമതി ചെയ്തിട്ടില്ല. തീരുവ വർധനവിലൂടെ ലഭിച്ച വരുമാനത്തിന്റെ ഒരു ഭാഗം പ്രയാസപ്പെടുന്ന കർഷകർക്ക് സഹായമായി നൽകുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തു.

ചൈന യുഎസിന്റെ ഏറ്റവും വലിയ സോയാബീൻ വിപണികളിലൊന്നാണ്, എന്നാൽ തീരുവ യുദ്ധം ആരംഭിച്ചതോടെ ഇറക്കുമതി പൂർണമായി നിന്നു. അടുത്ത വർഷം ആദ്യം ട്രംപ് ചൈന സന്ദർശിക്കുമെന്നും, തുടർന്ന് ഷി ചിൻപിങ് യുഎസിലെത്തുമെന്നും ട്രംപ് അറിയിച്ചു. ഈ കൂടിക്കാഴ്ചകൾ വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്താനും കർഷകരുടെ പ്രതിസന്ധി പരിഹരിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.

Share Email
LATEST
Top