യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമല കേസുകൾ എല്ലാം പിൻവലിക്കും; വി.ഡി. സതീശൻ

യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമല കേസുകൾ എല്ലാം പിൻവലിക്കും; വി.ഡി. സതീശൻ

പന്തളം: കേരളം ഭരിക്കുന്നത് കൊള്ളക്കാരുടെ സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് ഇടത് സർക്കാരിന്റെ അവസാന നാളുകളാണ്. 2026ൽ യുഡിഎഫ് നൂറിലധികം സീറ്റുകളുമായി അധികാരത്തിലേറും, അന്ന് ശബരിമല കേസുകൾ എല്ലാം പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എല്ലാവരെയും ഞെട്ടിച്ച മോഷണത്തിന്റെ കഥ അറിഞ്ഞിട്ടും മൂടിവെക്കുകയായിരുന്നെന്നും ഹൈക്കോടതിയാണ് അത് പുറത്തുകൊണ്ടുവന്നതെന്നും സതീശൻ പറഞ്ഞു. 1999ൽ 30 കിലോ സ്വർണം ഉണ്ടായിരുന്നു. എന്നാൽ ദേവസ്വം മാനുവൽ തെറ്റിച്ച് കൊണ്ട്, ദേവസ്വം വകുപ്പിന്റെ അനുവാദത്തോടുകൂടിയാണ് ദ്വാരപാലക ശിൽപങ്ങൾ ഉൾപ്പെടെ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശാൻ എന്ന വ്യാജേന കൊണ്ടുപോയതെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ കടകംപള്ളിയെ വി.ഡി. സതീശൻ വെല്ലുവിളിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് കടകംപള്ളി പറയട്ടെ, കള്ളന്മാർ നടത്തിയ കളവ് ആരും അറിഞ്ഞില്ലെങ്കിൽ അവർ വീണ്ടും കവർച്ച നടത്തും. ദേവസ്വം മന്ത്രിയും ബോർഡും അറിഞ്ഞാണ് എല്ലാം നടന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

കെ.പി.സി.സി. പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ അടൂര്‍ പ്രകാശ്, ബെന്നി ബഹന്നാന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എന്‍.കെ. പ്രേമചന്ദ്രന്‍, ജെബി മേത്തര്‍, എ.ഐ.സി.സി ജനറല്‍ സെകട്ടറി അറിവഴകന്‍, എം.എല്‍.എ മാരായ രമേശ് ചെന്നിത്തല, എ.ഷംസുദീന്‍, എ.പി അനില്‍കുമാര്‍, പി.സി വിഷ്ണുനാഥ്, മാത്യു കുഴല്‍നാടന്‍, ചാണ്ടി ഉമ്മന്‍, മുന്‍ മന്ത്രിമാരായ പി. ജെ. ജോസഫ്, പന്തളം സുധാകരന്‍, വി.എസ്. ശിവകുമാര്‍, എം.എം. ഹസന്‍, അനുപ് ജേക്കബ്, ഷിബു ബേബിജോണ്‍, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ്. നേതാക്കളായ സി.പി.ജോണ്‍, രമ്യ ഹരിദാസ്, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, പഴകുളം മധു, അജയ് തറയില്‍, ജോസഫ് എം. പുതുശേരി, അഡ്വ. വര്‍ഗീസ് മാമന്‍, അബിന്‍ വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു. വിശ്വാസ സംരക്ഷണ സംഗമ പദയാത്ര കാരയ്ക്കാട് ധര്‍മ്മശാസ്താ ക്ഷേത്രപരിസരത്ത് നിന്നും ആരംഭിച്ച് പന്തളം സ്വകാര്യ ബസ് സ്റ്റേഷനില്‍ സമാപിച്ചു.

If UDF comes to power, all Sabarimala cases will be withdrawn; V.D. Satheesan

Share Email
Top