ഓർത്തഡോക്‌സ് സഭയുടെ പിന്തുണ വേണ്ടെങ്കിൽ അത് തുറന്നു പറയണം: കെപിസിസി പ്രസിഡന്റിന് വിമർശനം

ഓർത്തഡോക്‌സ് സഭയുടെ പിന്തുണ വേണ്ടെങ്കിൽ അത് തുറന്നു പറയണം: കെപിസിസി പ്രസിഡന്റിന് വിമർശനം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെതിരെ രൂക്ഷവിമർശനവുമായി ഓർത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി തോമസ് വർഗീസ് അമയിൽ രംഗത്ത്. ഓർത്തഡോക്‌സ് സഭയുടെ പിന്തുണ ആവശ്യമില്ലെങ്കിൽ അത് തുറന്നു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിവുള്ള നേതാക്കൾ നേതൃത്വത്തിൽ വരണമെന്നത് പൗരന്മാരുടെ സ്വപ്നമാണെന്നും തോമസ് വർഗീസ് പറഞ്ഞു.

‘അവരെ മതത്തിന്റെ പേരിൽ തടയുന്നത് സങ്കടകരമായ കാര്യമാണ്. പൊതുസമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ കാണുമ്പോൾ സഭകൾ തുറന്നു പറയും. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി ഇവിടെ പ്രസക്തവുമല്ല.’ തോമസ് വർഗീസ് കൂട്ടിച്ചേർത്തു. സഭകളുടെ അടിസ്ഥാനത്തിലല്ല കോൺഗ്രസിൽ തീരുമാനങ്ങൾ എടുക്കുന്നത് എന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാമർശത്തോടായിരുന്നു തോമസ് വർഗീസിന്റെ പ്രതികരണം.

ചാണ്ടി ഉമ്മനേയും അബിൻ വർക്കിയേയും പരിഗണിക്കാതിരുന്നതിൽ ഓർത്തഡോക്‌സ് സഭയുടെ വിമർശനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും സഭയുടെ അടിസ്ഥാനത്തിലല്ല കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നുമായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. കെപിസിസി പുനഃസംഘടനയിൽ എല്ലാവരും നൂറു ശതമാനം തൃപ്തരാണെന്ന് കരുതുന്നില്ലെന്നും വ്യക്തികളുടെ അഭിപ്രായങ്ങൾ പോലും കണക്കിലെടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കെപിസിസി പുനഃസംഘടനയിൽ കടുത്ത അതൃപ്തി നേരത്തെ ഓർത്തഡോക്‌സ് സഭ യുവജന പ്രസ്ഥാനം പ്രസിഡന്റ് ഗീവർഗീസ് മാർ യൂലിയോസും അറിയിച്ചിരുന്നു. ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓർത്തഡോക്‌സ് സഭ എന്ന് കരുതേണ്ടെന്നും സഭാംഗങ്ങൾ ഏത് സ്ഥാനത്തായാലും അവരെയൊക്കെ തഴയാം എന്ന ചിന്തയുണ്ടെന്നും ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞിരുന്നു. അബിൻ വർക്കിയും ചാണ്ടി ഉമ്മനും തങ്ങളുടെ യുവതയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കെപിസിസി പുനഃസംഘടനയിൽ അബിൻ വർക്കിയും ചാണ്ടി ഉമ്മനും അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ക്രിസ്ത്യാനിയായത് പ്രശ്‌നമാണോ എന്നറിയില്ലെന്നും പാർട്ടി ആ രീതിയിൽ കാണുന്നുണ്ടോ എന്നറിയില്ലെന്നുമായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം. യൂത്ത് കോൺഗ്രസിലെ എല്ലാ പ്രവർത്തകരും എല്ലാ പ്രവർത്തിക്കും അർഹരാണെന്നും അബിൻ വർക്കി പറഞ്ഞിരുന്നു. താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളിൽ വിഷമം വരുമെന്നുമായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്. പാർട്ടിയുമായുള്ള പ്രശ്‌നങ്ങൾ പാർട്ടിക്കുള്ളിൽ സംസാരിക്കുമെന്നും പാർട്ടിയിൽ ജാതിയും മതവും ഒന്നുമില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു.

If you don’t want the support of the Orthodox Church, you should say so openly: Criticism of the KPCC President

Share Email
More Articles
Top