എഡിസൺ (ന്യു ജേഴ്‌സി): ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) സമ്മേളനം ആവേശോജ്വലമായ രണ്ടാം ദിനത്തിൽ. സമ്മേളന വേദിയായ എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ രാവിലെ 9.30-ന് ഔപചാരിക ഉദ്ഘാടനത്തോടെ ഇന്നത്തെ പരിപാടികൾ ആരംഭിച്ചു. ഇ-മലയാളി ന്യൂസ് ചീഫ് എഡിറ്ററും ഐ പി സി എൻ എ ഫൌണ്ടിങ് പ്രസിഡൻ്റുമായ ജോർജ് ജോസഫ് സമ്മേളനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ, റാന്നി എംഎൽഎ പ്രമോദ് നാരായൺ, ഐ പി സി എൻ എ ഭാരവാഹികളായ സുനിൽ ട്രൈസ്റ്റാർ (സാമുവൽ ഈശോ) പ്രസിഡന്റ്, ഷിജോ പൗലോസ് (സെക്രട്ടറി), വിശാഖ് ചെറിയാൻ ട്രഷറർ), സുനിൽ തൈമറ്റം (അഡ്വൈസറി ബോർഡ് ചെയർമാൻ), രാജു പള്ളത്ത് (പ്രസിഡന്റ് ഇലക്ട്-2026-27), അനിൽ കുമാർ ആറന്മുള (വൈസ് പ്രസിഡന്റ്), ആഷാ മാത്യു (ജോ. സെക്രട്ടറി), റോയ് മുളകുന്നം (ജോ. ട്രഷറർ), കോൺഫറൻസ് ചെയർമാൻ: സജി ഏബ്രഹാം, ജനറൽ കൺവീനർ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. മാധ്യമപ്രവർത്തകനും ഐ പി സി എൻ എ ഭാരവാഹിയുമായ ഷോളി കുമ്പിളുവേലി സ്വാഗതം പറഞ്ഞു.




രണ്ടാം ദിവസം ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകൾക്കും ചർച്ചകൾക്കും പുരോഗമിക്കുകയാണ്. മാധ്യമ പ്രവർത്തകരും വിദഗ്ദ്ധരും പങ്കെടുത്ത സമ്മേളനം, മാധ്യമ രംഗത്തെ പുതിയ പ്രവണതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനും ആശയങ്ങൾ പങ്കുവെക്കുന്നതിനും അവസരമൊരുക്കുന്നു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിൽ ഒന്നാണ് ന്യൂജേഴ്‌സിയിൽ നടക്കുന്ന ഈ അന്താരാഷ്ട്ര മാധ്യമ സമ്മേളനം.

പ്രധാന പരിപാടികൾ (ഒക്ടോബർ 10):
രാവിലെ 10.00 – 11.30:ഇന്റർ ആക്റ്റീവ് ഫോറം (മീഡിയ സെമിനാർ #1):
ചർച്ചാവിഷയങ്ങൾ: ‘ഡീപ്പ്‌ഫേക്ക് ദൃശ്യ മാധ്യമങ്ങളെ എങ്ങനെ ബാധിക്കുന്നു’, ‘ശതകോടീശ്വരന്മാർ കയ്യടക്കിയ മാധ്യമ ലോകം’, ‘ലോകവാർത്തകൾ മലയാള മാധ്യമങ്ങളിലെ ഉള്ളടക്കത്തെ എങ്ങനെ സ്വാധീനിക്കുന്നു’, ‘അമേരിക്കയിലും മാധ്യമങ്ങൾ സർക്കാരിനെ പേടിക്കുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ കാലം കഴിഞ്ഞോ?’
പാനലിസ്റ്റുകൾ: ജോണി ലൂക്കോസ്, ലീൻ ജെസ്മാസ്, ഹാഷ്മി താജ് ഇബ്രാഹിം, സുജയ പാർവതി, അബ്‌ജോത് വർഗീസ്, മോത്തി രാജേഷ്, കൃഷ്ണ കിഷോർ.
രാവിലെ 11.35 – 12.30: മാസ്റ്റർക്ലാസ്: ടി.വി. പ്രൊഡക്ഷൻ, ആങ്കറിംഗ്, എഡിറ്റിംഗ് മേഖലകളിൽ അറിവ് പങ്കുവെക്കുന്ന സെഷൻ.
ഉച്ചയ്ക്ക് 1.30 – 3.30: വുമൺസ് വോയിസ് – ഓപ്പൺ ഫോറം: വനിതാ മാധ്യമപ്രവർത്തകരുടെയും നേതാക്കളുടെയും ചർച്ചകൾക്ക് വേദിയൊരുക്കും.
വൈകിട്ട് 3.30 – 4.30:ഇന്റർ ആക്റ്റീവ് ഫോറം (മീഡിയ സെമിനാർ #2):
ചർച്ചാവിഷയം: “ഇന്നിപ്പോൾ വാർത്ത ബ്രേക്ക് ചെയ്യുന്നത് വാട്ട്സ്ആപ്പിലും ഫെയ്‌സ്ബുക്കിലും മറ്റും പത്രക്കാരല്ലാത്തവരാണ്. മാധ്യമരംഗത്തെ ഇത് എങ്ങനെ ബാധിക്കുന്നു?” (സെഷന്റെ അവസാനത്തിൽ ആങ്കർമാർ ‘ഒരു ടി.വി. ജേർണലിസ്റ്റിന്റെ ജോലി ദിനം, സമ്മർദ്ദങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ അനുഭവങ്ങൾ പങ്കുവെക്കും).
വൈകിട്ട് 7.00 – 9.30: പൊതുസമ്മേളനവും സ്പോൺസർമാരെ ആദരിക്കലും.
രാത്രി 9.30 മുതൽ: പ്രസിഡൻഷ്യൽ ഗാല മ്യൂസിക്കൽ നൈറ്റ്.







