ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാം അന്താരാഷ്ട്ര മാധ്യമ സമ്മേളനം: മാധ്യമ പ്രതിനിധികളും വിശിഷ്ട അതിഥികളുമായി സമ്മേളന വേദി സജീവം

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാം അന്താരാഷ്ട്ര മാധ്യമ സമ്മേളനം: മാധ്യമ പ്രതിനിധികളും വിശിഷ്ട അതിഥികളുമായി സമ്മേളന വേദി സജീവം

സൈമൺ വളാച്ചേരിൽ (ചീഫ് എഡിറ്റർ, നേർകാഴ്ച)

ന്യൂജേഴ്‌സി: ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ.) പതിനൊന്നാമത് അന്താരാഷ്ട്ര സമ്മേളനത്തിന് ന്യൂജേഴ്‌സിയിലെ എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ വർണാഭമായ തുടക്കമായിരിക്കുന്നു. നൂറിലധികം മാധ്യമപ്രതിനിധികളും വിശിഷ്ടാതിഥികളുമായി സമ്മേളനവേദി സജീവമാണ്. പത്രപ്രവർത്തന മേഖലയിലെ പ്രശസ്ത വ്യക്തിത്വങ്ങൾ അണിചേരുന്ന ഈ കോൺഫറൻസിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകൾ, ചർച്ചകൾ, കലാപരിപാടികൾ എന്നിവ നടക്കും.

മികച്ച പാർലമെന്റേറിയൻ എന്ന ഖ്യാതി നേടിയ കൊല്ലം എം.പി., എൻ.കെ. പ്രേമചന്ദ്രന്റെ (ആർ.എസ്.പി.) പങ്കാളിത്തം ഈ മാധ്യമ സംഗമത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. സമ്മേളനത്തിൽ മുഖ്യാതിഥിയായി വി.കെ. ശ്രീകണ്ഠൻ എം.പി പങ്കെടുക്കും. റാന്നി എം.എൽ.എ. പ്രമോദ് നാരായണും സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്.

കേരളത്തിലെ ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇത്തവണയും കോൺഫറൻസ് സംഘടിപ്പിക്കുന്നത്. കേരളത്തിൽ നിന്നും ജോണി ലൂക്കോസ് (മനോരമ ന്യൂസ്), അബ്‌ജോദ് വർഗീസ് (ഏഷ്യാനെറ്റ് ന്യൂസ്), ഹാഷ്മി താജ് ഇബ്രാഹിം (24 ന്യൂസ്), സുജയാ പാർവതി (റിപ്പോർട്ടർ ചാനൽ), മോത്തി രാജേഷ് (സീനിയർ സബ് എഡിറ്റർ, സീനിയർ റിപ്പോർട്ടർ, മാതൃഭൂമി ടി.വി.), ലീൻ ബി ജെസ്മസ് (ന്യൂസ് 18) എന്നിവർ മീഡിയയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു.

സമ്മേളന പരിപാടികൾ

സമ്മേളന പരിപാടികൾ ഒക്ടോബർ 9, വ്യാഴം, വൈകുന്നേരം 6 മുതൽ 10 വരെ റൂബി റൂമിൽ നടന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സെഷനോടെആരംഭിച്ചു

വെള്ളി, ഒക്ടോബർ 10

  • രാവിലെ 7 മുതൽ 9 വരെ: ബ്രേക്ക്ഫാസ്റ്റ് (ഡയമണ്ട് ബാൾ റൂം).
  • 8.30 മുതൽ 10 മണിവരെ: രജിസ്‌ട്രേഷനും സ്വാഗത ഡെസ്‌കും പ്രവർത്തിക്കും.
  • 9.30ന്: പരിപാടിക്ക് ഔപചാരികമായി തിരിതെളിയും. ചാപ്റ്റർ പ്രസിഡന്റ് അതിഥികളെയും മാധ്യമ പ്രതിനിധികളെയും സ്വാഗതം ചെയ്യും. ഉപദേശക ബോർഡ് അംഗങ്ങൾ, എക്‌സിക്യൂട്ടീവ് കമ്മിറ്റി, വിവിധ ചാപ്റ്റർ പ്രസിഡന്റുമാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
  • 9.35ന്: ഏറ്റവും മുതിർന്ന മാധ്യമപ്രവർത്തകൻ ദീപം തെളിച്ച് ഉദ്ഘാടനചടങ്ങ് നടത്തും.
  • 10.00 മണി മുതൽ 11.30 വരെ:ഇന്റർആക്ടീവ് ഫോറം: മീഡിയ സെമിനാർ #1
    • ചർച്ചാവിഷയങ്ങൾ:
      1. ‘ഡീപ്പ്‌ഫേക്ക് ദൃശ്യ മാധ്യമങ്ങളെ എങ്ങനെ ബാധിക്കുന്നു’.
      2. ‘ശതകോടീശ്വരന്മാർ കയ്യടക്കിയ മാധ്യമ ലോകം’.
      3. ‘ലോകവാർത്തകൾ മലയാള മാധ്യമങ്ങളിലെ ഉള്ളടക്കത്തെ എങ്ങനെ സ്വാധീനിക്കുന്നു’.
      4. ‘അമേരിക്കയിലും മാധ്യമങ്ങൾ സർക്കാരിനെ പേടിക്കുന്നു: സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ കാലം കഴിഞ്ഞോ?’
    • പാനലിസ്റ്റുകൾ: ജോണി ലൂക്കോസ്, ലീൻ ജെസ്മാസ്, ഹാഷ്മി താജ് ഇബ്രാഹിം, സുജയ പാർവതി, അബ്‌ജോത് വർഗീസ്, മോത്തി രാജേഷ്, കൃഷ്ണ കിഷോർ. ഹൂസ്റ്റൺ, ഡാലസ് ചാപ്റ്റർ പ്രസിഡന്റുമാരും അംഗങ്ങളും വേദിയിൽ സന്നിഹിതരാകും. രാഷ്ട്രീയ നേതാക്കളെയും പ്രസംഗത്തിന് ക്ഷണിക്കും.
  • 11.35 – 12.30: മാസ്റ്റർക്ലാസ് – ടി.വി. പ്രൊഡക്ഷൻ, ആങ്കറിംഗ്, എഡിറ്റിംഗ് മേഖലകളിൽ അറിവ് പങ്കുവെക്കുന്ന സെഷൻ.
  • 12.30 മുതൽ 1.30 വരെ: ലഞ്ച് ബ്രേക്ക്.
  • 1.30 മുതൽ 3.30 വരെ: Women’s Voice – Open Forum – വനിതാ മാധ്യമപ്രവർത്തകരുടെയും വനിതാ നേതാക്കളുടെയും ചർച്ചകൾക്ക് വേദിയൊരുക്കുന്ന സെഷനാണിത്.
  • 3.30 മുതൽ 4.30 വരെ:ഇന്റർആക്ടീവ് ഫോറം: മീഡിയ സെമിനാർ #2
    • ചർച്ചാവിഷയം: ‘ഇന്നിപ്പോൾ വാർത്ത ബ്രേക്ക് ചെയ്യുന്നത് വാട്ട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും മറ്റും പത്രക്കാരല്ലാത്തവരാണ്. മാധ്യമരംഗത്തെ ഇത് എങ്ങനെ ബാധിക്കുന്നു?’
    • ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റും അംഗങ്ങളും പങ്കെടുക്കും.
    • (സെഷന്റെ അവസാനത്തിൽ എല്ലാ ആങ്കർമാരും ‘ഒരു ടി.വി. ജേർണലിസ്റ്റിന്റെ ജോലി ദിനം, സമ്മർദ്ദങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ അനുഭവങ്ങൾ പങ്കുവെക്കും, രാഷ്ട്രീയ നേതാക്കളും പ്രസംഗിക്കും.)
  • 4.30ന്: ബ്രേക്ക്.
  • 5.30 മുതൽ 7 വരെ: ഡിന്നർ.
  • തുടർന്ന് പൊതുസമ്മേളനവും പ്രസിഡൻഷ്യൽ ഗാല മ്യൂസിക്കൽ നൈറ്റും.
    • 7 മണിക്ക്: വെൽകം ഡാൻസ് (ഗ്രൂപ്പ്).
    • 7.10 മുതൽ 9.30 വരെ: പൊതുസമ്മേളനവും സ്‌പോൺസർമാരെ ആദരിക്കലും.
    • 9.30 മുതൽ: പ്രസിഡൻഷ്യൽ ഗാല മ്യൂസിക്കൽ നൈറ്റ്.

അമേരിക്കയിലെ മലയാള മാധ്യമ പ്രവർത്തന ചരിത്രത്തിൽ നേരറിവിന്റെ ചരിത്രപഥം തുറന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അതിന്റെ ജൈത്രയാത്ര അനസ്യൂതം തുടരുകയാണ്. മാറ്റമില്ലാത്ത ജനപക്ഷ നിലപാടുകളുടെ ദീപ്തമായ വെളിച്ചത്തിലും സംഘടനാ സംവിധാനത്തിന്റെ ശക്തമായ കെട്ടുറപ്പിലും അമേരിക്കൻ മലയാളി സംഘടനകൾക്ക് മാതൃകയാണ് ഐ.പി.സി.എൻ.എ എന്ന് വർദ്ധിതമായ അഭിമാനബോധത്തോടെ തന്നെ പറയട്ടെ. ന്യൂജേഴ്‌സിയിലെ എഡിസണിൽ അരങ്ങേറുന്ന ഈ പതിനൊന്നാം അന്താരാഷ്ട്ര കോൺഫറൻസ് ഏവർക്കും രുചിയേറിയ ഒരു മാധ്യമ വിരുന്നായി മാറുകയാണ്.

അതിവിശാലമായ അമേരിക്കയിൽ ചിതറിക്കിടക്കുന്ന മലയാളി സമൂഹത്തിന്റെ വാർത്താ പ്രചാരകരായ മാധ്യമപ്രവർത്തകർ ദീപശിഖയുമായി ഒരുമനസ്സോടെ ഒത്തു ചേർന്നിരിക്കുകയാണ് ഐ.പി.സി.എൻ.എ എന്ന ഈ മഹാപ്രസ്ഥാനത്തിന്റെ കുടക്കീഴിൽ. ഈ ആശയത്തിനു രൂപവും ഭാവവും കൊടുത്തവരെയും ഇവിടെ അഭിനന്ദിക്കേണ്ടതുണ്ട്. ഇത് തീർച്ചയായും ഒരു ഭാഷയുടെയും സംസ്‌കാരത്തിന്റെയും സംഘടനയായി നമുക്ക് കാണാൻ സാധിക്കും. പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ നാളുകൾക്കുള്ളിൽത്തന്നെ ഈ പ്രസ് ക്ലബ് കേരളത്തിലും പ്രശസ്തമായി. കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരെ അമേരിക്കൻ മലയാളി സമൂഹത്തിനു മുന്നിൽ ക്ഷണിച്ചു വരുത്തി ആദരിക്കുന്നതിലും സംവദിക്കുന്നതിലും ചാരിതാർത്ഥ്യമുണ്ട്. നാട്ടിലും അവർ ആദരിക്കപ്പെടുന്നുണ്ട്.

മലയാളിയുടെ മാധ്യമ സംസ്‌കാരത്തിന്റെ ചൂരും ചൂടും നിലനിർത്തിക്കൊണ്ടാണ് അക്ഷരചൈതന്യം ആവാഹിച്ചെടുത്ത ഇന്ത്യ പ്രസ് ക്ലബ് പ്രവർത്തിക്കുന്നത്. ഇന്നലെകളുടെ അനുഭവചരിത്രങ്ങൾ ഉൾക്കൊണ്ട് ഇന്നിന്റെ വർത്തമാന സത്യമറിഞ്ഞ് നാളെയുടെ നിയതികളിലേക്ക് തൂലിക ചലിപ്പിക്കാൻ നിയോഗിക്കപ്പെട്ടവരാണ് മാധ്യമപ്രവർത്തകർ. സഹജീവി സ്‌നേഹം മനസ്സിലുള്ളവരും ഭരണ-രാഷ്ട്രീയ വർഗ്ഗത്തിന്റെ കുടിലതകൾക്കെതിരെ അഭംഗുരം ശബ്ദിക്കാൻ ചങ്കൂറ്റമുള്ളവരും അക്ഷരങ്ങളെ സമൂഹത്തിന്റെ കണ്ണാടിയാക്കി ഇടപെടുന്നവരുമാണ് ഈ മേഖലയിൽ തിളങ്ങുക. മേമ്പൊടിയായി മനസ്സിൽ ഇത്തിരി വിപ്ലവവും വേണം. ഒരുപക്ഷേ ജനാധിപത്യത്തിന്റെ മേന്മയാണ് ആ നാലാം തൂണിന് ശക്തി പകരുക. ജുഡീഷ്യറിയിലും ലെജിസ്ലേച്ചറിലും എക്‌സിക്യൂട്ടീവിലും നഷ്ടപ്പെടുന്ന വിശ്വാസം ‘പ്രസി’ലൂടെ നമുക്ക് വീണ്ടെടുക്കാമെന്നത് തർക്കമറ്റ സംഗതിയാണ്. അത് ഉറപ്പുള്ള തൂണുതന്നെയാണ്.

ജന്മനാടുമായുള്ള മാധ്യമബന്ധവും സഹകരണവും ഈടുറ്റതാക്കാൻ ഐ.പി.സി.എൻ.എ എക്കാലത്തും ശ്രദ്ധപുലർത്തിയിട്ടുണ്ട്. അതുപോലെതന്നെ അമേരിക്കയിലെ അച്ചടി-ദൃശ്യ മാധ്യമ പ്രവർത്തകരുടെ ഇടയിൽ ഐക്യബോധമുണ്ടാക്കാനും സൗഹൃദമുറപ്പിക്കാനും പ്രസ് ക്ലബിന് സാധിക്കുന്നു. ഐ.പി.സി.എൻ.എയുടെ ലക്ഷ്യം തന്നെ മാധ്യമ പ്രവർത്തകർക്കിടയിൽ ആശയസംവാദങ്ങളും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളും ഉറപ്പാക്കുകയെന്നതാണ്. ആ ലക്ഷ്യപ്രാപ്തിയുടെ ബഹിർസ്ഫുരണങ്ങളാണ് ന്യൂജേഴ്‌സിയിലെ ഈ മഹനീയ വേദിയിലും കാണുന്നത്. സുനിൽ ട്രൈസ്റ്റാറും ടീമും ഒരുക്കുന്ന ഈ മാധ്യമ മാമാങ്കത്തിന് നേർകാഴ്ചയുടെ ഹൃദയപൂർവ്വമായ ആശംസകൾ.

India Press Club of North America’s 11th International Media Conference: The conference venue is lively with media representatives and distinguished guests

Share Email
LATEST
Top