ന്യൂഡൽഹി: ലണ്ടനിലെ റോയൽ എയർഫോഴ്‌സ് (ആർഎഎഫ്) യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) പരിശീലനം നൽകും. ഇന്ത്യൻ വ്യോമസേനയിലെ രണ്ട് പരിശീലകരാണ് ഇതിനായി വെയിൽസിലെ ഫ്‌ലൈയിങ് ട്രെയിനിങ് സ്‌കൂളിലെ ആർഎഎഫ് എയർക്രൂ ഓഫിസർമാർക്ക് പരിശീലനം നൽകുകയെന്ന് റിപ്പോർട്ട് . 2026 ഒക്ടോബറിന് ശേഷമായിരിക്കും ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലനം ആരംഭിക്കുക.
യുകെയിലെ അടുത്ത തലമുറയിലെ യുദ്ധവിമാന പൈലറ്റുമാർക്ക് ബിഎഇ ഹോക്ക് ടിഎംകെ2ൽ പരിശീലനം നൽകുന്നത് വെയിൽസിലെ ഫ്‌ലൈയിങ് ട്രെയിനിങ് സ്‌കൂളിലാണ്. ടൈഫൂൺ, എഫ്35 തുടങ്ങിയ യുദ്ധവിമാനങ്ങളിൽ പരിശീലനം നേടുന്ന പൈലറ്റുമാർക്കാണ് ഇന്ത്യൻ വ്യോമസേനയിലെ രണ്ട് ഇൻസ്ട്രക്ടർമാർ പരിശീലനം നൽകുക. വിദേശ പരിശീലകരുടെ കീഴിൽ പരിശീലനം നേടുന്നത് ഗുണകരമാകുമെന്നാണ് യുകെ റോയൽ എയർഫോഴ്‌സിന്റെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ്, യുഎസിനും റഷ്യയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ വ്യോമസേനയുള്ള രാജ്യമായി ഇന്ത്യയെ തിരഞ്ഞെടുത്തിരുന്നു. ഈ റാങ്കിങ് പ്രകാരം എട്ടാം സ്ഥാനത്താണ് യുകെയുടെ റോയൽ എയർഫോഴ്‌സ്.
Indian Air Force to train fighter pilots in UK; Two trainers to Wales