ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ ഇന്ത്യൻ കരസേന ആദരിച്ചു

ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ ഇന്ത്യൻ കരസേന ആദരിച്ചു

ന്യൂഡൽഹി: ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ ഇന്ത്യൻ കരസേന ആദരിച്ചു. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ വെച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് അദ്ദേഹത്തെ ആദരിച്ചത്. ഇതൊരു വലിയ ബഹുമതിയാണെന്നും, കൂടുതൽ യുവാക്കളെ ടെറിട്ടോറിയൽ ആർമിയിൽ ചേർക്കുന്നതിനെക്കുറിച്ച് ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി ചർച്ച ചെയ്തതായും മോഹൻലാൽ പിന്നീട് പ്രതികരിച്ചു.

സൈന്യത്തിലേക്ക് കൂടുതൽ ചെറുപ്പക്കാരെ ആകർഷിക്കുന്നതിനായുള്ള പ്രചാരണ പരിപാടികളിൽ സജീവമായി പങ്കാളിയാകുമെന്നും ടെറിട്ടോറിയൽ ആർമിയുടെ പ്രചാരണത്തിനായി കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സൈനിക മേധാവി ഉപേന്ദ്ര ദ്വിവേദിയുമായുള്ള കൂടിക്കാഴ്ച ജീവിതത്തിൽ ലഭിച്ച ഏറ്റവും വിലപ്പെട്ട നിമിഷമായിട്ടാണ് താരം വിശേഷിപ്പിച്ചത്.

”പതിനാറ് വർഷമായി ഞാൻ ആർമിയിലുണ്ട്. ടെറിട്ടോറിയൽ ആർമിയെ എങ്ങനെ കൂടുതൽ പ്രോത്സാഹിപ്പിക്കാം, നമ്മുടെ പ്രവർത്തനങ്ങളെ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. സൈന്യത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ സാധാരണക്കാരെ ഇതിലേക്ക് കൊണ്ടുവരാനുമുള്ള നിരവധി ആശയങ്ങൾ ഞങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. കേരളത്തിൽ ടെറിട്ടോറിയൽ ആർമിയെക്കുറിച്ച് ഇപ്പോഴും അത്ര അറിവില്ലാത്ത സാഹചര്യത്തിൽ ഇത് പ്രധാനമാണ്. രാജ്യസ്‌നേഹം കൂടുതൽ വളർത്തുക എന്നതും ഇതിന്റെ ലക്ഷ്യമാണ്,” കൂടിക്കാഴ്ചയ്ക്ക് ശേഷം മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. അതൊരു ചെറിയ ചർച്ചയായിരുന്നു, പക്ഷേ വലിയ പദ്ധതികൾ ഇനിയും വരാനിരിക്കുന്നുവെന്നും മോഹൻലാൽ സൂചിപ്പിച്ചു.

കരസേനയുടെ ആദരം ഏറ്റുവാങ്ങിയ ശേഷം, ”ഇതൊരു വലിയ അംഗീകാരവും ബഹുമതിയുമാണ്” എന്ന് അദ്ദേഹം പ്രതികരിച്ചു. രാജ്യത്തിന് നൽകിയ സംഭാവനകളും സൈന്യവുമായുള്ള അദ്ദേഹത്തിന്റെ ഊഷ്മള ബന്ധവുമാണ് ഈ ബഹുമതിക്ക് അദ്ദേഹത്തെ അർഹനാക്കിയത്.

സ്‌ക്രീനിൽ നിരവധി തവണ സൈനികന്റെ വേഷം ചെയ്ത മോഹൻലാൽ, ഇനിയും അത്തരം സിനിമകൾ ചെയ്യാൻ പദ്ധതിയുണ്ടെന്നും പറഞ്ഞു. ”ഞാൻ സൈന്യത്തെക്കുറിച്ച് നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും സംവിധാനം ചെയ്തത് മേജർ രവിയാണ്. സൈന്യവുമായി ബന്ധപ്പെട്ട കൂടുതൽ സിനിമകളുമായി വരാൻ ഞങ്ങൾ പദ്ധതിയിടുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തിനിടെയാണ് മോഹൻലാലിന് ഫാൽക്കെ പുരസ്‌കാരം രാഷ്ട്രപതി നൽകിയത്. ഈ നിമിഷം തന്റേത് മാത്രമല്ല, മറിച്ച്, മലയാള സിനിമയ്ക്ക് മുഴുവനും അവകാശപ്പെട്ടതാണ് എന്നാണ് മോഹൻലാൽ അന്ന് പറഞ്ഞത്. മലയാള സിനിമയുടെ പാരമ്പര്യത്തിനും സർഗാത്മകതയ്ക്കും ലഭിച്ച ആദരവായിട്ടാണ് പുരസ്‌കാരത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2009-ലാണ് മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമാകുന്നത്. ഇന്ത്യൻ ആർമിയിലെ 122 ഇൻഫന്ററി ബറ്റാലിയൻ ടി.എ. മദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം. സൈന്യത്തിന്റെ ഭാഗമായി താൻ പൊതുജനങ്ങൾക്ക് അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സമയത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളുടെ സജീവ സാന്നിധ്യം വലിയ ശ്രദ്ധ നേടിയിരുന്നു.

Indian Army honours Phalke Award-winning actor Mohanlal

Share Email
Top