ദുബായ്: യുഎഇ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ 10 കോടി ദിർഹം (ഏകദേശം 235 കോടി രൂപ) നേടിയ ഭാഗ്യശാലിയുടെ പേരും ചിത്രവും വീഡിയോയും ലോട്ടറി അധികൃതർ പുറത്തുവിട്ടു. 29 വയസ്സുകാരനായ ഇന്ത്യൻ പ്രവാസി അനിൽ കുമാർ ബൊല്ലയാണ് ഈ മഹാഭാഗ്യത്തിന് ഉടമ. പത്ത് ദിവസത്തോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് അനിൽ കുമാറിന്റെ വ്യക്തിവിശദാംശങ്ങൾ യുഎഇ ലോട്ടറി ഔദ്യോഗികമായി പുറത്തുവിട്ടത്. അനിൽ കുമാർ മലയാളിയാണെന്നും ആദ്യം കരുതിയിരുന്നു.
ഒക്ടോബർ 18-ന് നടന്ന യുഎഇ ലോട്ടറിയുടെ 23-ാമത് ‘ലക്കി ഡേ’ നറുക്കെടുപ്പിൽ 251018 എന്ന നമ്പറിലൂടെയാണ് അനിൽ കുമാറിനെ ഭാഗ്യം തേടിയെത്തിയത്. അബുദാബിയിൽ താമസിക്കുന്ന അദ്ദേഹം, നറുക്കെടുപ്പ് നടന്ന സമയത്ത് വീട്ടിലായിരുന്നു. ലോട്ടറിയിൽ നിന്ന് ജീവിതം മാറ്റിമറിക്കുന്ന ഫോൺ കോൾ എത്തിയപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്ന് അദ്ദേഹം പറയുന്നു.
‘യുഎഇ ലോട്ടറിയിൽ നിന്ന് എനിക്ക് ഒരു കോൾ ലഭിച്ചപ്പോൾ, അത് എനിക്ക് വിശ്വസിക്കാനായില്ല. സന്ദേശം ആവർത്തിക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ആ വാർത്ത ഉൾക്കൊള്ളാൻ സമയമെടുത്തു, ഇന്നും എനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല,’ അദ്ദേഹം വികാരഭരിതനായി പ്രതികരിച്ചു.
‘ഈ വിജയം എന്റെ സ്വപ്നങ്ങളിൽ പോലും ഇല്ലാത്തതാണ്,’ യുഎഇ ലോട്ടറിയുമായുള്ള അഭിമുഖത്തിൽ അനിൽ കുമാർ കൂട്ടിച്ചേർത്തു. ‘ദീപാവലിക്ക് തൊട്ടുമുമ്പുള്ള ഈ സമയം സമ്മാനം ലഭിച്ചത് ഏറെ സന്തോഷം നൽകുന്നു. ഇത് ഒരു അസാധാരണ അനുഗ്രഹമായി തോന്നുന്നു. ഇത്തരമൊരു ശുഭകരമായ അവസരത്തിൽ വിജയം നേടുന്നത് അതിനെ കൂടുതൽ അർത്ഥവത്താക്കുന്നു.’
ഒക്ടോബർ 18 അനിൽകുമാറിന് മറ്റേതു ദിവസത്തെയും പോലെയായിരുന്നില്ല. അത് എല്ലാം മാറ്റി മറിച്ച ദിവസമായിരുന്നു എന്ന് യുഎഇ ലോട്ടറി ട്വീറ്റ് ചെയ്തു.
Indian expatriate wins biggest prize in UAE lottery history; Anil Kumar Bolla wins Rs 235 crore












