ലണ്ടൻ: ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് മേഖലയിൽ ഇന്ത്യൻ വംശജയായ 20 വയസ്സുള്ള യുവതിയെ വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന് പീഡിപ്പിച്ച കേസിൽ 32 വയസ്സുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെളുത്ത വർഗ്ഗക്കാരനായ പ്രതിയെ, ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാവിലെയാണ് പെറി ബാർ ഏരിയയിൽ വെച്ച് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രിയാണ് വാൽസാലിലെ പാർക്ക് ഹാൾ ഏരിയയിൽ ക്രൂരമായ സംഭവം നടന്നത്. ഇരയായ യുവതി സിഖ് വംശജയാണെന്നാണ് പ്രാദേശിക സാമൂഹിക സംഘടനകൾ വ്യക്തമാക്കുന്നത്.
യുവതി താമസിച്ചിരുന്ന വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്നാണ് അക്രമി അതിക്രമം നടത്തിയതെന്ന് സിഖ് ഫെഡറേഷൻ യുകെ പോലുള്ള സംഘടനകൾ ആരോപിച്ചു. ശനിയാഴ്ച രാത്രി തെരുവിൽ ദുരിതത്തിലായ ഒരു സ്ത്രീയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ഞായറാഴ്ച, പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. മുപ്പതുകളിൽ പ്രായം തോന്നിക്കുന്ന, മെലിഞ്ഞ ശരീരമുള്ള, ഇരുണ്ട വസ്ത്രം ധരിച്ച വ്യക്തിയായിരുന്നു പ്രതി. ജനങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് പ്രതിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും സഹായകമായത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പരിധിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ വംശീയ അതിക്രമമാണിത്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഓൾഡ്ബറിയിൽ (Oldbury) ഒരു ബ്രിട്ടീഷ് സിഖ് യുവതിയും സമാനമായ വംശീയ ആക്രമണത്തിന് ഇരയായിരുന്നു. തുടർച്ചയായ വംശീയ അതിക്രമങ്ങൾ പ്രദേശത്തെ ദക്ഷിണേഷ്യൻ സമൂഹങ്ങൾക്കിടയിൽ വലിയ ആശങ്കയും പ്രതിഷേധത്തിനും വഴിവെച്ചിട്ടുണ്ട്.













