മുംബയ്: ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാന പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലായ തേജസ് എംകെ1എ യുദ്ധവിമാനം നാളെ (ഒക്ടോബർ 17 വെള്ളിയാഴ്ച) നാസിക്കിൽനിന്ന് പറന്നുയരും. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനാണ് (എച്ച്എഎൽ) വിമാനത്തിന്റെ നിർമാണച്ചുമതല. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പങ്കെടുക്കുന്ന ചടങ്ങിൽ, എച്ച്എഎല്ലിന്റെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിനായുള്ള (എൽസിഎ) മൂന്നാമത്തെ പ്രൊഡക്ഷൻ ലൈനിന്റെ ഉദ്ഘാടനവും നടക്കും.
വിമാനം പറന്നുയരാൻ തയ്യാറെടുക്കുമ്പോഴും അതിന്റെ വിതരണത്തിലുണ്ടാകുന്ന കാലതാമസം ഇന്ത്യൻ വ്യോമസേനയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ വർഷം നടത്താനിരുന്ന പരിപാടി വൈകാൻ പ്രധാന കാരണം അമേരിക്കയിൽനിന്നുള്ള ജിഇയുടെ എഫ്404 എഞ്ചിൻ എത്തിക്കുന്നതിലുണ്ടായ തടസ്സമാണ്. ഇതുവരെ എച്ച്എഎല്ലിന് നാല് എഞ്ചിനുകൾ മാത്രമാണ് ലഭിച്ചത്. ഒക്ടോബർ അവസാനത്തോടെ രണ്ടെണ്ണം കൂടി എത്തുമെന്നാണ് പ്രതീക്ഷ. എഞ്ചിൻ വിതരണശൃംഖലയിലുണ്ടാകുന്ന തടസ്സമാണ് പ്രധാന പ്രശ്നമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഭാവിയിൽ മാസംതോറുമുള്ള കൃത്യമായ വിതരണം പ്രതീക്ഷിക്കുന്നതായി എച്ച്എഎൽ വൃത്തങ്ങൾ അറിയിച്ചു.
എഞ്ചിനുകളുടെ വിതരണത്തിൽ സ്ഥിരത കൈവരിച്ചാൽ യുദ്ധവിമാനങ്ങളുടെ ഉൽപാദനം ത്വരിതപ്പെടുത്താൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതുവരെ ആകെ പത്ത് എംകെ1എ വിമാനങ്ങൾ നിർമിച്ച് പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ, അന്തിമ പരീക്ഷണപ്പറക്കലുകൾക്കും ആയുധസംയോജനങ്ങൾക്കും ശേഷം മാത്രമേ യുദ്ധവിമാനങ്ങൾ പൂർണമായും വ്യോമസേനയ്ക്ക് കൈമാറുകയുള്ളൂ. ഈ മാസം എംകെ1എ വിമാനങ്ങൾ കൈമാറുമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും തീയതി സ്ഥിരീകരിച്ചിട്ടില്ല. വിമാനങ്ങൾ കൈമാറ്റം ചെയ്യുന്നതിലുണ്ടാകുന്ന കാലതാമസം വ്യോമസേനയ്ക്ക് വലിയ നിരാശ നൽകുന്നുണ്ടെന്ന് എയർ ചീഫ് മാർഷൽ വിആർ ചൗധരി ഈ മാസം ആദ്യം പറഞ്ഞിരുന്നു.
ആസ്ട്ര, ആസ്രാം മിസൈലുകളുടെ സംയോജനം ഉൾപ്പെടെയുള്ള പ്രധാന ആയുധ പരീക്ഷണങ്ങൾക്ക് തേജസ് എംകെ1എ പൂർത്തിയായിക്കഴിഞ്ഞു. 2029-ഓടെ 83 വിമാനങ്ങൾ വിതരണം ചെയ്യാനുള്ള കരാറിൽ എച്ച്എഎൽ നേരത്തേ ഏർപ്പെട്ടിരുന്നു. സെപ്റ്റംബർ 25-ന് ഒപ്പുവച്ച പുതിയ കരാറിൽ 2027-നും 2034-നും ഇടയിൽ വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുള്ള 97 വിമാനങ്ങൾ കൂടി കൂട്ടിച്ചേർത്തു. ഇതിനൊപ്പം തന്നെ തദ്ദേശീയ യുദ്ധവിമാന രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തിന്റെ ഭാഗമായി 2027-ഓടെ കൂടുതൽ നൂതനമായ തേജസ് എംകെ2 വിമാനങ്ങൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് എച്ച്എഎൽ.
India’s indigenous fighter jet Tejas MK1A will take off tomorrow; new history for the Air Force













