എ.എസ് ശ്രീകുമാര്‍
ഹൂസ്റ്റണ്‍: മലയാള മാധ്യമ രംഗത്തെ അതികായനും സൗമ്യവും ദീപ്തവുമായ പ്രതിഛായയ്ക്കുടമയുമായ മനോരമ ന്യൂസിന്റെ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിന് ഐ.പി.സി.എന്‍.എ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ‘നേര്‍കാഴ്ച’ ഓഫീസില്‍ വച്ച് നല്‍കിയ ഊഷ്മളമായ സ്വീകരണം അസുലഭ സൗഹൃദ വിരുന്നായി മാറി. ഐ.പി.സി.എന്‍.എയുടെ ചിരകാല സുഹൃത്തായ ജോണി ലൂക്കോസിന്റെ ന്യൂജേഴ്‌സി കോണ്‍ഫറന്‍സിലെ സാന്നിധ്യവും അഭിപ്രായ പ്രകടനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഐ.പി.സി.എന്‍.എയുടെ വിവിധ ചാപ്റ്ററുകളില്‍ ഏറ്റവും മികച്ചത് ഹൂസ്റ്റണ്‍ ചാപ്റ്ററാണെന്ന് താന്‍ കേട്ടിട്ടുണ്ടെന്നും അതിന്റെ മണ്ണില്‍ എത്തിയതില്‍ അതീവ സന്തേഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


നേര്‍കാഴ്ച ചീഫ് എഡിറ്ററും ഐ.പി.സി.എന്‍.എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ സൈമണ്‍ വളാച്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയില്‍ ചാപ്റ്ററിന്റെ കമ്മിറ്റി അംഗങ്ങളായ ഡോ. റെയ്‌ന റോക്ക്, ആന്‍സി സാമുവല്‍ എന്നിവര്‍ ചേര്‍ന്ന് പൂച്ചെണ്ട് നല്‍കിയാണ് ജോണി ലൂക്കോസിനെ ആദരപൂര്‍വം സ്വീകരിച്ചത്. ചാപ്റ്ററിന്റെ മുന്‍ പ്രസിഡന്റും ഏഷ്യനെറ്റ് യു.എസ്.എയുടെ ഹൂസ്റ്റണ്‍ ഡയറക്ടറുമായ ജോര്‍ജ് തെക്കേമല വിശിഷ്ടാതിഥിയെ ഔദ്യോഗികമായി സദസിന് പരിചയപ്പെടുത്തുകയും ചെയ്തു.



കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ മാധ്യമ ചരിത്രത്തോടൊപ്പം നിരന്തരം സഞ്ചരിക്കുന്ന ജോണി ലൂക്കോസുമായി ഇങ്ങനെ സമയം ചെലവിടാനായത് ഐ.പി.സി.എന്‍.എയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്നും മനോരമയുടെ നെടുംതൂണായ അദ്ദേഹം നേര്‍കാഴ്ച ഓഫീസില്‍ എത്തിയത് അപൂര്‍വ ഭാഗ്യമായി കരുതുന്നുവെന്നും സൈമണ്‍ വളാച്ചേരി പറഞ്ഞു. ഒരു കാലത്ത് ദേശീയ ശ്രദ്ധയാകര്‍ഷിച്ച ന്യൂസ് റിപ്പോര്‍ട്ടിങ്ങിലൂടെ മലയാള പത്രപ്രവര്‍ത്തനം ദേശത്തിന്റെ നാലുദിക്കിലും അടയാളപ്പെടുത്തിയ വ്യക്തിത്വമാണ് ജോണി ലൂക്കോസിന്റേതെന്നും, ജാഫ്‌ന മോചിപ്പിക്കാന്‍ ശ്രീലങ്കന്‍ സൈന്യം എല്‍.ടി.ടി.ഇയുമായി നടത്തിയ യുദ്ധം ശ്രീലങ്കയില്‍ നിന്ന് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തത് അവിസ്മരണീയമാണെന്നും സൈമണ്‍ വളാച്ചേരി ചൂണ്ടിക്കാട്ടി.


അമേരിക്കന്‍ മലയാളികള്‍ തങ്ങളുടെ കര്‍മഭൂമിയില്‍ തന്നെ തുടരുമെന്ന് ഉറപ്പിക്കുമ്പോഴും അവര്‍ നമ്മുടെ നാടിനോട് പുലര്‍ത്തുന്ന സ്‌നേഹവും ബന്ധവുമൊക്കെ വിചാരിച്ചതിലും കൂടുതലാണെന്നും ഐ.പി.സി.എന്‍.എ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമ്പോള്‍ത്തന്നെ അക്കാര്യം തനിക്ക് ബോധ്യപ്പെട്ടുവെന്നും ജോണി ലൂക്കോസ്, സ്വീകരണത്തിന് നന്ദി പറയവെ സൂചിപ്പിച്ചു. അമേരിക്കയിലെത്തി കുറച്ച് പണമുണ്ടാക്കിയ മലയാളികള്‍ ഇനി നാട്ടിലേയ്ക്ക് വരില്ലെന്നും വോട്ട് ചെയ്യില്ലെന്നുമൊക്കെയുള്ള അഭിപ്രായങ്ങള്‍ മാറ്റേണ്ടതാണെന്നും കാണാമറയത്തിരുന്ന് പിറന്ന മലയാള നാടിനെ സ്‌നേഹിക്കുന്നവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സാഹചര്യത്തില്‍ അമേരിക്കയില്‍ ഒരു പത്രം നടത്തുകയെന്നത് അത്ര നിസ്സാരമായ കാര്യമല്ലെന്നും എന്നാല്‍ കേരളത്തിന്റെ പത്രാഭിമുഖ്യം ഉയര്‍ത്തിപ്പിടിക്കുന്ന പ്രബുദ്ധരായ മലയാളികളാണിവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഐ.പി.സി.എന്‍.എയുടെ സ്‌നേഹാദരങ്ങളുടെ ഭാഗമായി സൈമണ്‍ വളാചച്ചേരില്‍ ജോണി ലൂക്കോസിനെ പൊന്നാടയണിയിക്കുകയും മാധ്യമ രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് ഐ.പി.സി.എന്‍.എ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. സദസ്യരുടെ ചോദ്യങ്ങള്‍ക്ക് തന്റെ സ്വതസിദ്ധമായ സൗമ്യഭാവത്തില്‍ ജോണി ലൂക്കോസ് മറുപടി പറയുകയും ചെയ്തു.

ഐ.പി.സി.എന്‍.എ നാഷണല്‍ വൈസ് പ്രസിഡന്റ് അനില്‍ ആറന്‍മുള, ഹൂസ്റ്റണ്‍ ചാപ്റ്റര്‍ സെക്രട്ടറി മോട്ടി മാത്യു, ജോയിന്റ് സെക്രട്ടറി സജി പുല്ലാട്, ജോയിന്റ് ട്രഷറര്‍ രാജേഷ് വര്‍ഗീസ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സ് പ്രസിഡന്റ് എസ്.കെ ചെറിയാന്‍, ഐ.പി.സി.എന്‍.എയുടെ അഭ്യുദയകാംക്ഷിയും ഫ്രണ്ട്‌സ് ഓഫ് ടെക്‌സസ് ഇന്റര്‍നാഷണലിന്റെ രക്ഷാധികാരിയുമായ റെജി കുര്യന്‍, മാഗിന്റെ ജോയിന്റ് സെക്രട്ടറി ക്രിസ്റ്റഫര്‍ ജോര്‍ജ്, സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോര്‍ജ് ജോസഫ്, ഐ.പി.സി.എന്‍.എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് ജോയി തുമ്പമണ്‍, പ്രോംപ്റ്റ് റിയല്‍റ്റിയുടെ സാരഥിയും നടനുമായ ജോണ്‍ ഡബ്ലു വര്‍ഗീസ്, ബീറ്റ് എഫ്.എം റേഡിയോയുടെ സാരഥിയും പ്രൊഡ്യൂസറുമായ മിഖായേല്‍ ജോണ്‍, ഐ.പി.സി.എന്‍.എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് പോള്‍, ജിജു കുളങ്ങര, ഫിന്നി രാജു, സുബിന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

യോഗത്തില്‍ ഐ.പി.സി.എന്‍.എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ജീമോന്‍ റാന്നി സ്വാഗതമാശംസിക്കുകയും ട്രഷറര്‍ അജു ജോണ്‍ കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു. ഭാര്യ നീനയോടൊപ്പമാണ് ജോണി ലൂക്കോസ് എത്തിയത്. സ്‌നേഹ വിരുന്നിന് ശേഷം മടങ്ങിയ ജോണി ലൂക്കോസ് സൈമണ്‍ വളാച്ചേരിക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശത്തില്‍ ഇപ്രകാരം പറയുന്നു.

”ഐ.പി.സി.എന്‍.എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ എനിക്കായ് സംഘടിപ്പിച്ച മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടി വളരെ ഹൃദ്യമായിരുന്നു. എന്റെ ഹൃദയം നിറഞ്ഞ നന്ദി. നല്ല മാധ്യമ, സാഹിത്യ സംസ്‌കാരം പങ്കിടുന്ന അപൂര്‍വ കൂട്ടായ്മ എന്ന് ഹൂസ്റ്റണ്‍ ചാപ്റ്ററിനെ വിശേഷിപ്പിക്കാം എന്ന് തോന്നി. സൈമണ്‍, മോട്ടി, അനില്‍ ആറന്മുള… ഇത്തരം ഒരു നല്ല ടീമിനെ കിട്ടിയതില്‍ ഭാഗ്യം ചെയ്തവര്‍. ആറന്മുള മാത്രമല്ല, റാന്നിയും തേക്കേമലയും തുമ്പമണും… അമേരിക്കയിലെ മലയാളിത്തത്തിന്റെ നേര്‍ക്കാഴ്ച. ഈ സംഗമഭൂമിയില്‍ ഇതുവരെ ഐ.പി.സി.എന്‍.എ കോണ്‍ഫറന്‍സ് നടന്നിട്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. അവര്‍ക്ക് എത്രയും വേഗം അവസരം കിട്ടട്ടെ. ന്യൂ ജേഴ്‌സിയും ഷിക്കാഗോയും മയാമിയും പോലെ അവരും തകര്‍ക്കും എന്ന് ഉറപ്പുണ്ട്. ഞാന്‍ എന്താ നാട്ടിലേക്ക് മടങ്ങാത്തത് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും. ആദ്യമായി ഒരുമാസത്തെ ലീവ് എടുത്തതാണ്. മകളുടെ കുടുംബത്തോടൊപ്പം കുറച്ചു സമയം ചെലവിടാന്‍. ലീവ് തീര്‍ന്നിട്ടേ പോകുന്നുള്ളൂ. ഈ മാസം തന്നെ പോയ്‌ക്കോളം. അതുവരെ ക്ഷമിക്കുക. ഐ.പി.സി.എന്‍.എ സുഹൃത്തുക്കള്‍ക്ക് ഒരുപാട് നന്ദി…”
IPCNA Houston Chapter meet and greet with the media tycoon Johny Lukose













